മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിച്ച യുവാവ് ജീവിതത്തിലേക്കു മടങ്ങിയതെങ്ങനെ

Web Desk
Posted on July 10, 2019, 11:16 am

സൂര്യപേട്ട് : മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിച്ച യുവാവ് സംസ്‌കാര സമയത്ത് ജീവിതത്തിലേക്കു മടങ്ങിയെത്തി.
തെലങ്കാന സൂര്യപേട്ട് ജില്ലയില്‍ പിള്ളലാമാരി ഗ്രാമത്തിലെ കോളജ് വിദ്യാര്‍ഥിയായ കിരണ്‍ (18)ആണ് വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ജൂണ്‍ 26ന് ആണ് കടുത്ത പനിയും ശര്‍ദ്ദിയുമായി കിരണിനെ സര്‍ക്കാര്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരുന്നു. കടുത്ത മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുതോടെ 28ന് മികച്ച ചികില്‍സക്കായി കിരണിനെ ഹൈദരാബാദിലെ കോര്‍പറേറ്റ് ആശുപത്രിയിലേക്കുമാറ്റി. അവിടെവച്ച് കുട്ടി അബോധാവസ്ഥയിലേക്കുമാറി. ജൂലൈ മൂന്നിന് ഡോക്ടര്‍മാര്‍ മാതാവ് സെയ്തമ്മയെ വിളിച്ച് കിരണിന് മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിച്ചു.ജീവിതത്തിലേക്കു മകന്‍ മടങ്ങിവരില്ലെന്നും സഹായക ഉപകരണങ്ങള്‍ നീക്കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സെയ്താമ്മ ചിന്തിച്ചത് മറ്റൊന്നാണ്. മകന്‍ അന്ത്യശ്വാസംവലിക്കുന്നത് സ്വന്തം മണ്ണിലാവട്ടെ എന്നായിരുന്നു സെയ്താമ്മ ചിന്തിച്ചത്. ജൂലൈ മൂന്നിന് വൈകിട്ടോടെ ഇവര്‍നാട്ടിലേക്ക് മടങ്ങി. ഇതിനിടെ വീട്ടുകാര്‍ സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തി. സുഹൃത്തുക്കളും സഹപാഠികളും ആദരാഞ്ജലി അറിയിച്ച ബാനറുകളും കെട്ടി. ചിതക്കുള്ള വിറകൊരുങ്ങുന്നതിനിടെ സഹായകോപകരണങ്ങള്‍ നീക്കിത്തുടങ്ങി. മകന്റെ സമീപമിരുന്ന് കണ്ണീരൊഴുക്കിയമാതാവ് നടുക്കുന്ന ആ കാഴ്ച കണ്ടത.് മകന്റെ കണ്‍കോണില്‍നിന്നും കണ്ണീരൊഴുകുന്നു. നിലവിളിച്ചുകൊണ്ട് സെയ്താമ്മ അടുത്ത് കിട്ടാവുന്ന ഒരു ഡോക്ടറെ വിളിപ്പിച്ചു. കിരണിന് പള്‍സ് ഉണ്ടെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചു. സൂര്യാപേട്ടിലെ ആശുപത്രിയിലെത്തിച്ച കിരണിന് ഹൈദരാബാദില്‍നിന്നുമുള്ള വിദഗ്ധരുടെ കൂടി സേവനം ലഭ്യമാക്കി. മൂന്നുദിവസംകൊണ്ട് ആരോഗ്യം വീണ്ടെടുത്ത കിരണ്‍ വീട്ടുകാരോട് സംസാരച്ചു. ഈ ഞായറാഴ്ച ആശുപത്രിവിട്ട കിരണ്‍ മരുന്നുകള്‍ തുടരുന്നുണ്ട്. 2005ല്‍ രോഗബാധിതനായി കിരണിന്റെ പിതാവ് മരിച്ചതാണ്. സഹോദരന്‍ കോളജ് വിദ്യാര്‍ഥിയാണ്.
.