മാതാപിതാക്കളുടെ മർദ്ദനം സഹിക്കവയ്യാതെ  ഒന്‍പതാം നിലയില്‍ നിന്നെടുത്ത് ചാടിയഎട്ട് വയസുകാരന് ദാരുണ മരണം

Web Desk
Posted on September 20, 2019, 11:12 am

ഉക്രെയന്‍: അച്ഛന്റേയും അമ്മയുടേയും ക്രൂരപീഡനം സഹിക്കാനാകാതെ എട്ട് വയസുകാരന്‍ ഒൻപതാം നിലയില്‍ നിന്ന് ചാടി മരിച്ചു. തെക്കന്‍ ഉക്രെയിനിലെ എന്‍ഹോര്‍ഡറിലുള്ള കെട്ടിടത്തില്‍ നിന്നാണ് ആന്റണ്‍ എന്ന എട്ട് വയസുകാരന്‍ താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത്. വസ്ത്രങ്ങള്‍ വലിച്ച് കീറിയതിന് ആന്റണിനെ മാതാപിതാക്കള്‍ വഴക്ക് പറയുന്നത് ഇവരുടെ സമീപത്തുള്ള ഫ്‌ളാറ്റിലുള്ളവര്‍ കേട്ടതായി പറയുന്നു. ഇതിന് പിന്നാലെയാണ് കുട്ടി ഫ്‌ളാറ്റിന്റെ ജനാലയില്‍ നിന്ന് താഴേക്ക് ചാടിയത്. തലയിടിച്ച് വീണതിനാല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. സംഭവത്തിൽ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

മരിച്ച ദിവസം കുട്ടിയെ മര്‍ദ്ദിച്ചതായി പ്രതികള്‍ സമ്മതിച്ചു. ക്രൂരമായ പീഡനത്തിന് ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  നിരന്തരമായി ആന്റണിനെ മര്‍ദ്ദിച്ചിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ഇരുവരും വാടകയ്ക്ക് താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് വിട്ട് മറ്റെവിടേക്കോ രക്ഷപ്പെട്ടു. ഇവര്‍ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ ഇരുവര്‍ക്കും തടവ് ലഭിക്കും.

ആന്റണ്‍ പഠിച്ച സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അവന്റെ ആവശ്യങ്ങള്‍ക്ക് അവര്‍ വരാറില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. കൂടാതെ സ്‌കൂളിലെ തന്നെ സൈക്കോളജിസ്റ്റ് പറഞ്ഞത് നിരവധി തവണ ആന്റണ്‍ കൗണ്‍സിലിംഗിന് വിധേയമായിട്ടുണ്ടെന്നാണ്.

you may also like this video