റെജി കുര്യന്‍

ന്യൂഡല്‍ഹി

March 07, 2020, 8:55 pm

ബിപിസിഎൽ സ്വകാര്യവൽക്കരണം: താൽപര്യപത്രം ക്ഷണിച്ചു, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിലക്ക്

Janayugom Online

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ലേലം ക്ഷണിച്ചു. പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കുന്നതിനെ വിലക്കിയിട്ടുമുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്ന സര്‍ക്കാരിന്റെ നടപടിയുടെ ഭാഗമായാണ് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബി പി സി എല്‍) വില്‍ക്കാന്‍ ലേലം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. വാങ്ങാന്‍ താല്പര്യമുള്ളവര്‍ മെയ് രണ്ടിനു മുമ്പ് അറിയിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പറയുന്നു. സര്‍ക്കാരിനു ബിപിസിഎല്ലില്‍ 114.91 കോടി ഓഹരികളാണ് ഉള്ളത്. ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 52.98 ശതമാനവും.അതേസമയം ആസ്സാമിലെ നുമാലിഗഡ് റിഫൈനറിയെ (എൻആർഎല്‍) വില്‍പ്പനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എൻആർഎല്ലിനെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍-ഗ്യാസ് മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനു കൈമാറാണ് ഉദ്ദേശിക്കുന്നത്. എൻആർഎല്ലിന് 35.3 ദശലക്ഷം ടണ്ണാണ് റിഫൈനിംങ് കപ്പാസിറ്റി. ബിപിസിഎല്ലിന്റെ കൊച്ചി (കേരളം) മുംബൈ (മഹാരാഷ്ട്ര) ബിന (മദ്ധ്യപ്രദേശ്) എന്നിവിടങ്ങളിലെ റിഫൈനറികളാണ് ഓഹരി വില്‍പ്പനയിലൂടെ സ്വകാര്യ മേഖലയ്ക്ക് കൈമാറുക. രാജ്യത്തെ മൊത്തം റിഫൈനിങ് കപ്പാസിറ്റിയുടെ 15 ശതമാനത്തോളം ബിപിസിഎല്ലിനു സ്വന്തമാണ്.അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ബിപിസിഎന്‍ വാങ്ങാനുള്ള താല്‍പര്യം വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്.

അതേസമയം ബിപിസിഎല്ലിന് വന്‍ തുക വിലയിടേണ്ടി വരുമെന്നാണ് വേദാന്തയുടെ വിലയിരുത്തല്‍. നഷ്ടത്തിലായിരുന്ന പൊതു മേഖലാ കമ്പനികളായ ഭാരത് അലുമിനിയം കമ്പനി (ബാല്‍കോ) ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്നിവ വാങ്ങിയത് വേദാന്തയായിരുന്നു. ബിപിസിഎല്ലിന്റെ വിലയിടല്‍ വേദാന്ത പരിഗണിക്കുന്നതായി അനില്‍ അഗര്‍വ്വാള്‍ ട്വീറ്റു ചെയ്തു.ബിപിസിഎല്ലിന്റെ ഓഹരി വില്‍പ്പന നടപടികള്‍ രണ്ടു ഘട്ടമായാണ് പൂര്‍ത്തിയാകുക. ആദ്യം ലേല നിബന്ധനകള്‍ പാലിക്കുന്ന കമ്പനികള്‍ താല്‍പര്യം അറിയിക്കണം. രണ്ടാം ഘട്ടത്തില്‍ വാങ്ങാനുള്ള തുക എത്രയെന്നു നിശ്ചയിക്കണം. പത്ത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള സ്വകാര്യ കമ്പനികള്‍ക്കോ കമ്പനികളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യത്തിനോ ലേലത്തില്‍ പങ്കെടുക്കാം.എന്നാല്‍ കണ്‍സോര്‍ഷ്യത്തില്‍ നാലു കമ്പനികളില്‍ കൂടുതല്‍ പാടില്ല.കണ്‍സോര്‍ഷ്യത്തിലെ മുഖ്യ കമ്പനിക്ക് കണ്‍സോര്‍ഷ്യത്തിന്റെ മൊത്തം ഓഹരികളുടെ 40 ശതമാനം കൈവശം വേണം.

ഒപ്പം മറ്റ് കമ്പനികള്‍ക്ക് ഒരു ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ ആസ്ഥിയുണ്ടാകണമെന്നും നിബന്ധനയില്‍ പറയുന്നു. ലേലത്തിനു ശേഷം കണ്‍സോര്‍ഷ്യത്തിലെ മുഖ്യ കമ്പനിക്ക് പിന്‍വലിയാന്‍ അനുമതിയില്ല. അതേസമയം ബാക്കിയുള്ള കമ്പനികളെ മാറ്റുന്നത് 45 ദിവസത്തിനുള്ളില്‍ വേണമെന്നും നിഷ്‌കര്‍ഷയുണ്ട്.ബിപിസിഎല്‍ സ്വന്തമാക്കുന്ന കമ്പനിക്ക് രാജ്യത്തെ 14 ശതമാനം റിഫൈനിംങ് കപ്പാസിറ്റിക്കൊപ്പം രാജ്യത്തെ ഇന്ധന വിപണിയുടെ നാലിലൊന്നും കൈപ്പിടിയിലൊതുക്കാം. ബിപിസിഎല്‍ സാമ്പത്തിക വിപണിയില്‍നിന്നും 87,388 കോടി രൂപയാണ് ഓഹരി മൂലധനമായി ആര്‍ജ്ജിച്ചിട്ടുള്ളത്. ഇതില്‍ സര്‍ക്കാര്‍ ഓഹരി വിഹിതം 46,000 കോടി രൂപയാണ്. ബിപിസിഎല്ലിലെ സര്‍ക്കാര്‍ ഓഹരി വാങ്ങുന്ന കമ്പനി ബാക്കിയുള്ള 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ സര്‍ക്കാരിനു നല്‍കുന്ന അതേ നിരക്ക് വാഗ്ദാനം ചെയ്യേണ്ടതുണ്ട്.ബിപിസിഎല്ലിന് 15,177 പെട്രോള്‍ പമ്പുകളും 6,011 പാചക വാതക വിതരണ കേന്ദ്രങ്ങളും 51 എൽപിജി ബോട്ടിലിംങ് പ്ലാന്റുകളുമുണ്ട്. ഇതിനു പുറമെ വ്യേമ ഇന്ധനം നല്‍കുന്ന 250ല്‍ അധികം കേന്ദ്രങ്ങളും. രാജ്യത്തെ മൊത്തം ഉപഭോഗം അടിസ്ഥാനമാക്കിയാല്‍ 21 ശതമാനം പെട്രോളിയം ഉത്പന്നങ്ങളാണ് ബിപിസിഎൽ വിറ്റഴിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2020–21 ബജറ്റില്‍ ഓഹരി വില്‍പ്പനയിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടത്. ഇതിന്റെ തുടര്‍ നടപടിയായാണ് ബിപിസിഎല്‍ വില്‍പ്പന.

Eng­lish Sum­ma­ry: BPCL pri­va­ti­za­tion: Pub­lic sec­tor insti­tu­tions banned

You may also like this video