19 April 2024, Friday

ബിപിസിഎല്‍: വില്പനനീക്കം കേന്ദ്രം ഉപേക്ഷിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2022 10:42 pm

പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിനെ (ബിപിസിഎല്‍) സ്വകാര്യവല്‍ക്കരിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറി. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് പുറത്തിറക്കിയ താല്പര്യപത്രം റദ്ദാക്കി. കേന്ദ്രത്തിന്റെ പക്കലുള്ള 52.98 ശതമാനം ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇതിലൂടെ 77,000 കോടി (10 ബില്യൺ ഡോളർ) സമാഹരിക്കുക ആയിരുന്നു ലക്ഷ്യം. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളില്‍ രണ്ടും പിന്മാറിയിരുന്നു. വേദാന്ത ഗ്രൂപ്പ് മാത്രമാണ് ഒടുവില്‍ രംഗത്തുണ്ടായിരുന്നത്.

രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ നിര്‍മ്മാതാക്കളാണ് ബിപിസിഎല്‍. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ധിച്ചു നില്‍ക്കുന്നതും ആഭ്യന്തര ഇന്ധന വില നിയന്ത്രണത്തില്‍ കാര്യമായി സ്വാധീനം ചെലുത്താന്‍ സാധിക്കുന്നില്ലെന്നതും ബിപിസിഎല്ലിന്റെ ഓഹരി വില്പനയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ചില്ലറ ഇന്ധന വില്പനയില്‍ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് പൊതുമേഖല എണ്ണക്കമ്പനികളാണ്.

സാഹചര്യങ്ങള്‍ വിലയിരുത്തി ബിപിസിഎൽ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 20 മുതൽ 25 ശതമാനം വരെ ഓഹരികൾക്കായി പുതിയ താല്പര്യപത്രം ക്ഷണിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. വില്പന നിര്‍ത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് തെറ്റായ വിറ്റഴിക്കൽ നയത്തിന് തന്നെ തിരിച്ചടിയാണെന്നും ശക്തമായ പ്രക്ഷോഭങ്ങളുടെ വിജയം കൂടിയാണ് ഇതെന്നും കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജി എം ജി പറഞ്ഞു.

അറ്റാദായത്തില്‍ 82 ശതമാനത്തിന്റെ ഇടിവ്

ബിപിസിഎല്‍ അറ്റാദായത്തില്‍ 82 ശതമാനത്തിന്റെ ഇടിവ്. ജനുവരി-മാര്‍ച്ച് കാലയളവില്‍ 2130.53 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 11,904.13 കോടി രൂപയായിരുന്നു. അതേ സമയം പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 1.23 ലക്ഷം കോടിയിലെത്തി.

2021–22 സാമ്പത്തിക വര്‍ഷം 9076.50 കോടിയാണ് ബിപിസിഎല്ലിന്റെ അറ്റാദായം. 2020–21 കാലയളവില്‍ 19,110.06 കോടി രൂപ നേടിയ സ്ഥാനത്താണിത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് കമ്പനി വിലയിരുത്തുന്നു.

Eng­lish Summary:BPCL: Sales cen­ter abandoned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.