കോവിഡിന്റെ മറവിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ ) വില്പനയ്ക്കുള്ള ഒരുക്കങ്ങൾ സജീവം. കൊച്ചി റിഫൈനറിയിൽ സ്ഥിരം ജീവനക്കാരുടെ എണ്ണത്തിലും സ്ഥിരം സ്വഭാവമുള്ള കരാർ തൊഴിലാളികളുടെ എണ്ണത്തിലും വൻതോതിൽ വെട്ടിക്കുറവ് വരുത്താനാണ് മാനേജ്മെന്റ് ശ്രമം. കോടികളുടെ വികസന പദ്ധതികളും നിർത്തിവച്ച അവസ്ഥയിലാണ്. തൊഴിലാളികളുടെ പത്തുവർഷത്തെ ദീർഘകാല കരാറിന്റെ കാലാവധി പിന്നിട്ടിട്ട് മൂന്ന് വർഷമായി. മാനേജ്‌മെന്റ് താല്പര്യങ്ങൾക്ക് യൂണിയനുകൾ വഴങ്ങാത്തതു മൂലം കരാർ പുതുക്കിയിട്ടില്ല.
കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താത്കാലിക സാമ്പത്തിക നേട്ടത്തിനായിട്ടാണ് തന്ത്രപ്രധാനമായ മഹാരത്ന പദവിയിലുള്ള എണ്ണ കമ്പനി വിറ്റുതുലയ്ക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം നീക്കമാരംഭിച്ചത്. സ്വകാര്യവൽക്കരണ നയങ്ങൾ സജീവമായതോടെ ഫാക്ട് ഭൂമിയിൽ ആരംഭിക്കേണ്ട പോളിയോൾ പദ്ധതി നിർത്തിവച്ചിരിക്കയാണ്. ഫുഡ് ഫ്ലേവറുകൾ, ഓയില്‍മെന്റ്, കോസ്‌മെറ്റിക്കുകൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുക്കളായ പ്രൊപ്പിലീൻ ഓക്‌സൈഡ്, പോളിയോളിസ്, മോണോ എതിലീൻ ഗ്ലൈക്കോൾ, പ്രൊപ്പിലീൻ ഗ്ലൈക്കോൾ എന്നിവ നിർമ്മിക്കുന്ന പോളിയോൾ പദ്ധതി യാഥാർത്ഥ്യമായാൽ നിർമ്മാണഘട്ടത്തിൽ 10,000 പേർക്കും പ്രവർത്തന ഘട്ടത്തിൽ ആയിരത്തിലേറെ പേർക്കും തൊഴിൽ ലഭിക്കും. റിഫൈനറിയിൽ താഴെക്കിടയിലുള്ള ഓഫീസർമാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്.
2100 സ്ഥിരം ജീവനക്കാരാണുള്ളത്. ഇത്തരം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ സ്ഥലം മാറ്റം അരങ്ങേറുന്നത്. സ്ഥിരം സ്വഭാവമുള്ള 2700 കരാർ ജീവനക്കാരിലും അമ്പതു ശതമാനം വെട്ടിക്കുറവ് വരുത്താനാണ് നീക്കം. സംഘടനാ പ്രവർത്തനത്തിലും നിയന്ത്രണം വരുത്തുന്ന കാര്യവും മാനേജ്‌മെന്റ് പരിഗണനയിലാണ്. അച്ചടക്ക നടപടികളും കാരണം കാണിക്കല്‍ നോട്ടീസും ജോലി ഭാരം കൂട്ടിയും വിവിധ ആനുകൂല്യങ്ങൾ നിഷേധിച്ചും തൊഴിലാളികളെയും ജീവനക്കാരെയും നിരന്തരം പീഡിപ്പിക്കുന്ന ശൈലിയാണ് മാനേജ്‍മെന്റ് സ്വീകരിച്ചുവരുന്നത്. ഇതിനെതിരെ ബിപി സിഎൽ സംരക്ഷണ സമര സഹായ സമിതി നേതൃത്വത്തിൽ എട്ടിന് രാവിലെ 7.30 ന് റിഫൈനറി ഗേറ്റിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
English summary; BPCL sales move active under covid cover
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.