ബിപിസിഎൽ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കണം: കാനം

Web Desk
Posted on November 26, 2019, 9:14 pm

കൊച്ചി: രാജ്യസുരക്ഷയെപ്പോലും അപകടപ്പെടുത്തുന്ന ബിപിസിഎൽ സ്വകാര്യവൽക്കരണ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐടിയുസി അമ്പലമുകളിൽ സംഘടിപ്പിച്ച ബിപിസിഎൽ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പാർലമെന്റിനും ജനാധിപത്യത്തിനും യാതൊരു വിലയുമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. ക്യാബിനറ്റിനെപ്പോലും നോക്കുകുത്തിയാക്കി മഹാരാഷ്ട്രയിൽ പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കുന്നു. പിന്നീട് അത് പിൻവലിക്കുന്നു. ആരുമറിയാതെ ഒരു മന്ത്രിസഭ പുലർച്ചെ സത്യപ്രതിജ്ഞ ചെയ്യുന്ന നാടകീയ രംഗങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഭരണഘടനക്ക് അനുസൃതമായല്ല ബിജെപി സർക്കാർ മുന്നോട്ട് പോകുന്നതെന്നാണ്. കാനം പറഞ്ഞു.

ഒന്നാം മോഡി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കാൻ ശ്രമിച്ചപ്പോൾ തൊഴിലാളി സംഘടനകളും പൊതുസമൂഹവും ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ അത്തരം നീക്കം ഉപേക്ഷിച്ചിരുന്നതാണ്. എന്നാൽ രണ്ടാം മോഡി സർക്കാർ അധികാരമേറ്റ ശേഷം സ്വകാര്യാവൽക്കരണ നീക്കം അതിവേഗത്തിൽ നടക്കുകയാണ്. 1971 ലെ ഇന്ത്യ- പാക് യുദ്ധകാലത്ത് സർക്കാർ ആവശ്യപ്രകാരം ഇന്ധനം നൽകാൻ എണ്ണകമ്പനികൾ വിസമ്മതിച്ചോടെയാണ് രാജ്യസുരക്ഷക്കായ് 1976 ൽ എണ്ണ കമ്പനികൾ ദേശസാൽക്കരിച്ചത്. എന്നാൽ 2016 ൽ കേന്ദ്രസർക്കാർ ഈ നിയമം അസാധുവാക്കിയാണ് ഇപ്പോൾ ബിപി സിഎൽ വിറ്റുതുലക്കാൻ ശ്രമിക്കുന്നത്. കമ്പനി വിറ്റഴിക്കപ്പെട്ടാൽ കേരളത്തിന്റെ വികസനത്തിനായി ബിപിസിഎൽ നൽകുന്ന വിവിധ സാമൂഹ്യ സേവന പദ്ധതികളും സഹായങ്ങളും നിലക്കും. ന്യായത്തിനും നീതിക്കുമപ്പുറത്തുള്ള കേന്ദ്ര സർക്കാർ നയങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഐടിയുസി ജില്ലാ പ്രസിഡന്റ് കെ കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എഐടിയുസി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വി ബി ബിനു, എലിസബത്ത് അസീസി, സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി, ജില്ലാ സെക്രട്ടറി കെ എൻ ഗോപി, ബിപിസിഎൽ സംരക്ഷണ സമര സഹായ സമിതി കൺവീനർ എം ജി അജി തുടങ്ങിയവർ പ്രസംഗിച്ചു.