18 June 2025, Wednesday
KSFE Galaxy Chits Banner 2

ബ്രഹ്മപുരം: തീ അണയ്ക്കല്‍ അന്തിമഘട്ടത്തിലേക്ക്

Janayugom Webdesk
കൊച്ചി
March 12, 2023 11:30 pm

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമഘട്ടത്തിലേയ്ക്ക്. ചതുപ്പായ പ്രദേശത്താണ് ജോലികൾ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു മേഖലകളിൽ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ട്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.
പുകയുടെ അളവിൽ ഗണ്യമായ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നുണ്ട്. വായു നിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ജോലികൾ പുരോഗമിക്കുന്നുണ്ട്. നിലവിൽ 200 അഗ്നിശമന സേനാംഗങ്ങളും, 18 എസ്കവേറ്റർ ഓപ്പറേറ്റർമാരും 68 സിവിൽ ഡിഫൻസ് അംഗങ്ങളും 55 കൊച്ചി കോർപറേഷൻ ജീവനക്കാരും 48 ഹോം ഗാർഡുകളും ആറ് പോലീസുകാരും നേവിയുടെ അഞ്ച് പേരും ബി പിസിഎല്ലിലെ രണ്ടു പേരും സിയാലിൽ നിന്ന് മൂന്ന് പേരും റവന്യു വകുപ്പിൽ നിന്ന് നാല് പേരും ദൗത്യത്തിനുണ്ട്. ആംബുലൻസ് ഉൾപ്പെട്ട മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്. 

പുക അണയ്ക്കാൻ ഒരു ഫോം ടെൻഡർ യൂണിറ്റും 18 ഫയർ യൂണിറ്റുകളും 18 എസ്കവേറ്ററുകളും 3 ഹൈ പ്രഷർ പമ്പുകളും ഉപയോഗിക്കുന്നുണ്ട്. മാലിന്യ പ്ലാന്റ് പ്രദേശത്ത് വലിയ ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്. ഫയർ ടെൻഡറുകൾ നേരിട്ട് എത്തിക്കാനാകാത്തതാണ് ആദ്യഘട്ടത്തിൽ ചതുപ്പു മേഖലയിൽ നേരിട്ട പ്രശ്നം. കടമ്പ്രയാറിൽ നിന്നും ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് ഉന്നത മർദത്തിൽ വെള്ളം പമ്പുചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിറ്റിൽ 4000 ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ പമ്പു ചെയ്യുന്നത്. ഫയർ ടെൻഡറുകൾ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാൻ പമ്പ് ഉപയോഗിക്കുന്നുണ്ട്.
പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ചതിൽ അഞ്ച് സെക്ടറുകളിലും തീ അണച്ചു. മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ കാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കുന്നുണ്ട്. അതിനിടെ ബ്രഹ്മപുരത്തെ പാസ്റ്റിക്ക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലി. തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത തുടരണമെന്നും അദ്ദേഹം നിർദേശിച്ചു. 

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐഐടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്. 

Eng­lish Sum­ma­ry: Brahma­pu­ram: Fire fight­ing nears final stage

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.