നീണ്ടകാലത്തിനുശേഷം വീണ്ടും ബ്രഹ്മപുത്രയുടെ തീരഭൂവിൽ എത്തിയിരിക്കുന്നു; പഴയ കാമരൂപ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഗുവാഹതിയിൽ. അസമിലെ ഏറ്റവും വലിയ വാണിജ്യ നഗരം. പ്രകൃതിഭംഗിയും പാരമ്പര്യവും സാംസ്കാരികത്തനിമയും സമഞ്ജസമായി സമ്മേളിച്ച ഭൂവിഭാഗം. ബ്രഹ്മപുത്രയാണ് ഈ നഗരത്തിന്റെ ശക്തിയും സൗന്ദര്യവും. വേനലിലും വർഷത്തിലും കരകവിഞ്ഞൊഴുകുന്ന ഈ നദിതന്നെയാണ് ഗുവാഹതിയുടെ ദുഃഖവും.
35 വർഷങ്ങൾക്കുമുമ്പ് മേഘാലയ‑മിസോറം-മണിപ്പൂർ യാത്രയുടെ ഒടുവിൽ, നാട്ടിലേക്കുള്ള വണ്ടി 12 മണിക്കൂർ വൈകിയതിനാൽ വീണുകിട്ടിയ ഒരു പകൽനേരത്താണ് ഗുവാഹതി നഗരത്തെരുവുകളിലൂടെ ആദ്യമായി അലഞ്ഞുനടന്നത്. യോനീപൂജയാൽ പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം മാത്രമാണ് അന്ന് സന്ദർശിക്കാനായത്. ഒരിക്കൽക്കൂടി ഇതാ നീലാചൽ കുന്നുകളിലെ ‘മാ കാമാഖ്യ’യിൽ. ബ്രഹ്മപുത്രയിലെ ഒരു കുഞ്ഞുദ്വീപിലും പോയി.
കാമാഖ്യയിലും പരിസരങ്ങളിലും നല്ല തിരക്കുണ്ട്. ഭക്തരുടെ എണ്ണവും അമ്പലത്തിന്റെ പകിട്ടും കൂടിയിരിക്കുന്നു. അകത്തുകയറാൻ കൂപ്പണെടുക്കണം. കൗണ്ടറിനു മുന്നിൽ നീണ്ട ക്യൂ. 500 രൂപ നൽകിയാൽ വിഐപി കൂപ്പൺ കിട്ടുന്ന മറ്റൊരു കൗണ്ടറുമുണ്ട്. അമ്പലവഴിയിൽ ഇരുവശങ്ങളിലും പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകൾ. എല്ലായിടത്തും നല്ല തിരക്കുണ്ട്. സ്ത്രീകളും വൃദ്ധജനങ്ങളും ഒഴുകിനടക്കുന്നു, ദേവീഭക്തിയോടെ.
പുരാണേതിഹാസങ്ങളിൽ പറയുന്നപ്രകാരം ബ്രഹ്മാവിന്റെ മകനും പ്രജാപതിയുമായ ദക്ഷന്റെ ഏറ്റവും പ്രിയങ്കരിയായ ഇളയമകൾ സതി പിതാവിന്റെ ആഗ്രഹത്തിന് എതിരായാണ് ശിവനെ സ്വയംവരിക്കുന്നത്. ഈ അനിഷ്ടം നിലനിൽക്കെ, ഒരിക്കൽ തമ്മിൽ കണ്ടപ്പോൾ ശിവൻ എഴുന്നേറ്റുനിന്ന് വന്ദിച്ചില്ലെന്നത് ദക്ഷനെ കൂടുതൽ കോപാകുലനാക്കി. അങ്ങനെയിരിക്കെയാണ് ദക്ഷൻ ഒരു യാഗം നടത്താൻ തീരുമാനിച്ചത്. മകൾ സതിയെയും ശിവനെയും ഒഴികെ സർവരെയും യാഗത്തിലേക്ക് ക്ഷണിച്ചു. വിളിക്കാത്ത പരിപാടിക്ക് പോകേണ്ടെന്ന് ശിവൻ സതിയോട് പറഞ്ഞു. മാതാപിതാക്കളുടെ അടുക്കൽ പോകാൻ ക്ഷണം വേണ്ടല്ലോ എന്ന് സതി. ശിവൻ പിന്നീട് എതിരൊന്നും പറഞ്ഞില്ല.
വീട്ടിലെത്തിയപ്പോൾ അമ്മയും സോദരിമാരുമെല്ലാം സ്നേഹത്തോടെ സ്വീകരിച്ചെങ്കിലും ക്ഷണിക്കാതെ വന്നെത്തിയ മകളെ ദക്ഷൻ കണക്കിന് പരിഹസിച്ചു. ശിവനെ കളിയാക്കാനും ഈ അവസരം ഉപയോഗിച്ചു. സതിക്ക് ഇതൊട്ടും സഹിക്കാനായില്ല. അവൾ യജ്ഞകുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്തു.
സ്വപിതാവിനാൽ അപമാനിതയായി മരണത്തെ സ്വയംവരിച്ച തന്റെ പ്രിയതമയെയോർത്ത് ദുഃഖിതനും കോപാന്ധനുമായ ശിവൻ സതിയുടെ കരിഞ്ഞ മൃതദേഹവും തോളിലേന്തി താണ്ഡവനൃത്തം ചവിട്ടി പ്രപഞ്ചമാകെ ചുറ്റിക്കറങ്ങി. സർവ്വലോകങ്ങളും പ്രകമ്പനം കൊണ്ടു. ശിവനെ അനുനയിപ്പിക്കാൻ ദേവന്മാർ മഹാവിഷ്ണുവിന്റെ സഹായം തേടി. തന്റെ സുദർശന ചക്രമെറിഞ്ഞ് വിഷ്ണു സതിയുടെ ശരീരം ഛേദിച്ചു. പലകഷണങ്ങളായി അവ ഭൂമിയിൽ പതിച്ചുവെന്നാണ് ഐതിഹ്യം. അതിൽ യോനീഭാഗം വന്നുവീണ സ്ഥലത്താണ് കാമാഖ്യ ക്ഷേത്രമിരിക്കുന്നതത്രെ. ചുറ്റുപാടുമുള്ള വൃക്ഷങ്ങൾ തണൽ പരത്തുന്ന ‘മാ കാമാഖ്യാ’ ദേവാലയ പരിസരങ്ങളിലൂടെ ചിത്രങ്ങൾ പകർത്തി ഞാൻ നടന്നു. ക്ഷേത്രവാതിലിനു പുറത്ത് ചെരിപ്പുകൾ സൂക്ഷിക്കാനേൽപ്പിച്ച് അമ്പലമുറ്റത്തേക്ക് കയറുമ്പോൾ മഞ്ഞവസ്ത്രം ധരിച്ച പാണ്ടകളെ കാണാം. സ്വാഭാവികമായും അവർ നമ്മെ സമീപിക്കും, പൂജാദികർമ്മങ്ങൾ ചെയ്യണോ എന്നാരാഞ്ഞുകൊണ്ട്. കൂപ്പൺ ഇല്ലാതെത്തന്നെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ ഈ പാണ്ടകൾ സഹായിക്കും. ചെറിയ ദക്ഷിണ നൽകിയാൽ മതി. വിപുൽ ശർമ്മ എന്ന പാണ്ടയാണ് ഞങ്ങൾക്കൊപ്പം വന്നത്.
സതീദേവിയുടെ യോനിയാണ് ‘മാ കാമാഖ്യ’യിലെ പ്രതിഷ്ഠ എന്നാണ് സങ്കൽപ്പം. ഗർഭഗൃഹത്തിൽ പൂമൂടിയ പ്രതിഷ്ഠ ദൂരെനിന്ന് കണ്ടു. 500 രൂപയുടെ വിഐപി പാസെടുത്തവർക്ക് തൊട്ടടുത്തുവരെ പോയി തൊഴുതു മടങ്ങാം. കൂട്ടുകാരും ഞാനും അഞ്ചാറു മീറ്റർ അകലെയാണ് നിന്നത്. താൻ ഉരുവിടുന്ന മന്ത്രങ്ങൾ ഏറ്റുചൊല്ലാൻ പാണ്ട പറയുന്നുണ്ടായിരുന്നു. അന്നേരം, ഞങ്ങളുടെ കൂട്ടത്തിലുള്ള സുരേഷ് ഉച്ചത്തിൽ ചൊല്ലിയ മന്ത്രങ്ങൾ കേട്ട് വിപുൽ ശർമ്മ അല്പനേരം അന്തിച്ചുനിന്നു. ഗർഭഗൃഹത്തിനു പുറത്ത് വിഗ്രഹങ്ങളുമായി കുറെ പൂജാരിമാർ ഇരിപ്പുണ്ട്. അവർക്കരികിൽ കൈകൂപ്പി സ്ത്രീകളും വയോജനങ്ങളും. എന്തെങ്കിലുമൊക്കെ നേർച്ചയോ പ്രത്യേക വഴിപാടുകളോ വല്ലതുമാവാം. ക്ഷേത്രവളപ്പിലെ പടവുകളിലൂടെ ആട്ടിൻപറ്റങ്ങൾ ചകിതരായി നടക്കുന്നുണ്ട്-ബലിയാടുകൾ. ‘മാ കാമാഖ്യ’യുടെ ശ്രീകോവിലിന് എതിർവശത്തുള്ള ‘ബലി ഘറി’ൽ ബലിനൽകാനായി കെട്ടിയിട്ട ആടുകളും പോത്തുകളും. അതിനു മുമ്പിൽ കടും ചുവപ്പാർന്ന വസ്ത്രംധരിച്ച ഒരു പുരോഹിതൻ.
2021ൽ അസം സർക്കാർ കൊണ്ടുവന്ന കന്നുകാലി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ പോത്തുകളും ആടുകളും ഉൾപ്പെടുന്നില്ല എന്നുവേണം കരുതാൻ. ഈയൊരു ‘സൂത്രദ്വാര’ത്തിലൂടെയാണ് കാമാഖ്യയിൽ മൃഗബലി നടക്കുന്നതെന്ന്, ആധുനിക സമൂഹത്തിൽ മൃഗബലി തുടരുന്നതിനെ ശക്തമായി എതിർക്കുന്നവരുടെ പ്രതിനിധികൾ കരുതുന്നു. വളർത്തുമൃഗങ്ങൾക്കെതിരായ ക്രൂരത ഇന്ത്യൻ നിയമവ്യവസ്ഥയിലെ ചട്ടങ്ങൾ ഉല്ലംഘിക്കുന്നതാണെന്ന് അസമിലെ മൃഗസ്നേഹികളായ നന്ദിനി ബറുവയും സുരേങ് രാജ്കൻവറും പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ച 2001ലെ നിയമനിർമ്മാണവും അവർ എടുത്തുകാണിക്കുന്നു. അമ്പലത്തിൽ മൃഗബലിക്ക് സാക്ഷികളാകേണ്ടിവരുന്ന കുഞ്ഞുങ്ങളിലും മുതിർന്ന പൗരന്മാരിലുമുണ്ടാക്കുന്ന മാനസികാഘാതവും പരിഗണിക്കണമെന്ന് നന്ദിനി ബറുവ വാദിക്കുന്നു. എന്നാൽ, ഈ വാദങ്ങളൊന്നുംതന്നെ പാരമ്പര്യവാദികൾ അംഗീകരിക്കുന്നില്ല. പവിത്രമായ ഒരു പാരമ്പര്യമാണ് തങ്ങൾ പിന്തുടരുന്നതെന്നും മൃഗബലി ഒരു ‘പ്രസാദ’മാണെന്നുമാണ് അവരുടെ പക്ഷം. അരി മുതൽ പഴങ്ങൾ വരെ പ്രസാദമായി ദേവിക്ക് സമർപ്പിക്കുന്നുണ്ട്. നിയമങ്ങൾ സമീപകാലത്തുണ്ടായതാണ്. അതേസമയം, ആവിർഭാവംകാലം തൊട്ടേ പ്രധാനപ്പെട്ട എല്ലാ മതങ്ങളും മൃഗബലി അംഗീകരിക്കുന്നുണ്ട്, നടത്തുന്നുമുണ്ട്. മനുഷ്യർ മാംസം ഭക്ഷിക്കുന്ന കാലത്തോളം മൃഗബലി തുടരുമെന്നാണ് ഈ വിഭാഗത്തിൻറെ നിലപാട്.
വിപുൽ ശർമ്മ ഒരു സാധു മനുഷ്യനാണ്. വെളുത്ത പാളസാറും ഇളംനീല ജുബ്ബയും കഴുത്തിൽ കാവി ഷാളുമാണ് വേഷം. ഒപ്പംനിന്ന് ഒരു ഫോട്ടോയെടുത്ത ശേഷം നാലുപേരുടെയും ദക്ഷിണയായി ഇരുന്നൂറ് രൂപ നൽകിയപ്പോൾ ആ കണ്ണുകളിൽ സന്തോഷം. അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ടായിരുന്നത് ഏതാനും നിമിഷങ്ങൾ മാത്രമായിരുന്നു. . കേരളത്തിൽനിന്നെത്തിയ ‘ഭക്തർ’ കൊള്ളാമല്ലോ എന്നു കരുതിക്കാണണം.
മടങ്ങുമ്പോൾ ക്ഷേത്രവഴിയിലുള്ള അന്നപൂർണ ഹോട്ടലിൽ കയറി, ഒരു പ്ലേറ്റ് ചോല ബട്ടുറ കഴിച്ചു. നീലാചൽ കുന്നിറങ്ങിയ ശേഷം ബ്രഹ്മപുത്രയിലെ ഉമാനന്ദ ദ്വീലിലേക്ക്. നദീജന്യ ദ്വീപിലെ ഏറ്റവും ചെറിയ ഗ്രാമമായാണ് ഇവിടം അറിയപ്പെടുന്നത്. ഗുവാഹതി ഹൈക്കോടതിക്കു സമീപമുള്ള കച്ചാരി ഘാട്ടിൽനിന്നാണ് ഉമാനന്ദയിലേക്കുള്ള ബോട്ടുകൾ പുറപ്പെടുന്നത്. പ്രൈവറ്റ് ബോട്ടിൽ ടിക്കറ്റിന് ഒരാൾക്ക് ഇരുനൂറു രൂപയാണ്. തൊട്ടുപ്പുറത്ത് അസം ടൂറിസത്തിന്റെ കൗണ്ടർ ഉള്ളത് അറിഞ്ഞില്ല. അവിടെ, വലിയ ഫെറിയിൽ സഞ്ചരിക്കാൻ 40 രൂപ മാത്രം. പക്ഷേ, ഉദ്ദേശിച്ച നേരത്തും കാലത്തും സവാരി സാധ്യമാവണമെന്നില്ല. പ്രതാപിയായ ബ്രഹ്മപുത്ര നദിയിലെ ഒരു ചെറുദ്വീപിലേക്കാണ് ഞങ്ങളുടെ സഞ്ചാരം. ലോകത്ത് ഒരു നദിയിൽ കാണപ്പെടുന്ന ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപാണത്രെ ഇത്. ഈ കുഞ്ഞുദ്വീപിന്റെ സൗന്ദര്യവും മയിൽപ്പീലികൾക്ക് സമാനമായ ആകൃതിയും കാരണം ബ്രിട്ടീഷുകാർ ഇതിന് ‘പീക്കോക്ക് ഐലന്റ്’ എന്നുപേരിട്ടു. ബ്രഹ്മപുത്രയിലെ ഓളങ്ങളെ വകഞ്ഞുമാറ്റി യന്ത്രബോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ ദൂരെ ഒരു മരതകമുത്തുപോലെ മയിൽ ദ്വീപ് ദൃശ്യപഥത്തിൽ തെളിഞ്ഞു. .
തൻറെ പ്രിയതമ ഉമയ്ക്ക് ആനന്ദവും സന്തോഷവും നൽകാനായി ശിവൻ സൃഷ്ടിച്ചതാണ് ഈ ദ്വീപ് എന്നാണ് ഹിന്ദു പുരാണങ്ങൾ പറയുന്നത്. അതിനാലാണത്രെ ദ്വീപിന് ‘ഉമാനന്ദ’ എന്ന പേര്. തൻറെ ധ്യാനത്തിന് ഭംഗം വരുത്തിയ കാമദേവനെ മൂന്നാംകണ്ണ് തുറന്ന് ശിവൻ ഇവിടെവച്ച് ഭസ്മമാക്കിയ ഒരു കഥ കലികപുരണത്തിൽ വിവരിക്കുന്നുണ്ട്. അതിനാൽ ‘ഭാസ്മാചൽ’ എന്നപേരിലും പീക്കോക്ക് ഐലന്റ് അറിയപ്പെടുന്നു.
ഉമാനന്ദ ദ്വീപിൽ ഒരു ശിവക്ഷേത്രം ഉണ്ട്. ക്ഷേത്രദർശനത്തിനായാണ് മഹാഭൂരിപക്ഷം ആളുകളും ഇവിടേക്ക് വരുന്നത്. നദിയിൽ ഒരു പച്ചരത്നക്കല്ലിന്റെ ശോഭയോടെ ഉയർന്നുനിൽക്കുന്ന ഈ സുന്ദരദ്വീപ് ഞങ്ങളെപ്പോലുള്ള യാത്രികർക്കും പ്രിയപ്പെട്ടതാണ്. അനിർവചനീയമായ പ്രശാന്തതയും സമാശ്വാസവും പ്രകൃതിയുമായി സല്ലാപവും തേടുന്നവർക്ക് മയിൽ ദ്വീപിലേക്ക് കടന്നുചെല്ലാം. വംശനാശ ഭീഷണി നേരിടുന്ന ഗോൾഡൻ ലൻഗൂറുകളുടെ ആവാസകേന്ദ്രമാണ് ഉമാനന്ദ.
10 മിനിറ്റിനുള്ളിൽ ഉമാനന്ദയിൽ ബോട്ടിറങ്ങി. പടവുകൾ കയറി. കാവിയുടുത്ത ഒരാൾ ധ്യാനം പൂണ്ടിരിപ്പുണ്ട്, ഒരു പടിക്കെട്ടിൽ. കാമറ കൈയിലെടുത്ത് ചിത്രം പകർത്തുമ്പോൾ അയാൾ നിസംഗഭാവം പൂണ്ടിരുന്നു. പിന്നെയും കയറ്റം. അടുത്ത ലാൻഡിങ്ങിൽ പൂജാദ്രവ്യങ്ങൾ വിൽക്കുന്ന ചെറിയ കടകൾ. ഉമാനന്ദ ദ്വീപിൽ ജനവാസമുള്ളതായി തോന്നിയില്ല. പൂക്കൾ വിൽക്കുന്ന ഒരു കടക്കാരിയോട് ചോദിച്ചപ്പോൾ അവരും അത് സ്ഥിരീകരിച്ചു. പക്ഷേ, വില്ലകൾ പോലെ കുറച്ചു വീടുകൾ കാണാനായി. പൂജാരിമാർക്കോ വിഐപികൾക്കോ താമസത്തിനും വിശ്രമത്തിനും ഉള്ളതാവാം.
ക്ഷേത്രസന്നിധിയിലെത്താൻ പിന്നെയും പടവുകൾ കേറണം. കുറച്ചുപേർ തൊഴാനായി ഊഴം കാത്തുനിൽക്കുന്നു. ചുറ്റുമുള്ള കാഴ്ചകൾക്കായി അമ്പലം ഒന്നു വലംവച്ച ശേഷം പടവുകളിറങ്ങി, കുന്നിനു ചുറ്റുമുള്ള ടൈൽ പാകിയ പാതയിലൂടെ നടക്കുമ്പോൾ ബ്രഹ്മപുത്രയുടെ വിശാലത ദർശിക്കാം. നദിയിൽ പലയിടങ്ങളിൽ വലിയ മണൽത്തിട്ടകൾ. പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് ഒരു റോപ് വേ കടന്നുപോകുന്നു.
മഹാശിവരാത്രി നാളിൽ ദ്വീപിലേക്ക് ആളുകൾ ഒഴുകിയെത്തും. തിങ്കളാഴ്ചകളും കൃഷ്ണപക്ഷത്തിലെ ദിനങ്ങളും പുണ്യംപുലരുന്ന നാളുകളാണെന്നാണ് ഭക്തരുടെ മതം. പുളിമരങ്ങൾ തണൽ പരത്തുന്ന ഉമാനന്ദയിൽ ഏറെനേരം ചുറ്റിനടന്നു. പിന്നെ മടക്കയാത്രയ്ക്കുള്ള ഫെറി വരാനായി കാത്തുനിൽപ്പായി. കൂടുതൽ ആളുകൾക്ക് കയറാവുന്ന സർക്കാർ ഫെറിയിലാണ് തിരികെപ്പോന്നത്. ബ്രഹ്മപുത്രയിലെ അസ്തമന കാഴ്ചകൾ കാണാനായി മൂന്നുമണിയോടെ സൺസെറ്റ് ക്രൂസ് പോയിൻറിലെത്തി ടിക്കറ്റ് കൗണ്ടറിൽ ആൾത്തിരക്കില്ല. ഗുവാഹതിയിലെ പ്രൈവറ്റ് കമ്പനികൾ നടത്തുന്ന ബോട്ട് ക്രൂസിനുള്ള ടിക്കറ്റ് ഓൺലൈനായും വാങ്ങാം.
റോഡരികിൽ അസമി ദമ്പതികൾ നടത്തുന്ന കടയിൽനിന്ന് ഒരു മസാല ചായ രുചിച്ചശേഷം മൂന്നരയ്ക്ക് ‘എം വി മാനസപുത്ര’ എന്ന ബോട്ടിനകത്ത് പ്രവേശിച്ചു. നാലു മണിക്കാണ് ക്രൂസ് തുടങ്ങിയത്. ഉള്ളിൽ ചെറിയ ബാറുണ്ട്. ജ്യൂസും ലളിതമായ ഭക്ഷണവും ഓർഡർ ചെയ്യാം. ഒരറ്റത്തുള്ള ചെറിയ സ്റ്റേജിലിരുന്ന് ഒരു അസമി യുവാവ് പഴയ ഹിന്ദി ഗാനങ്ങൾ ആലപിക്കുന്നു. പതിയെ, ഒരു കുടുംബത്തിലെ ചെറിയ കുട്ടികൾ പിതാവിനൊപ്പം പാട്ടിനൊത്ത് ചുവടുവയ്ക്കാൻ തുടങ്ങി. കടലുപോലെ പരന്നുകിടക്കുന്ന ബ്രഹ്മപുത്രയുടെ പ്രശാന്തത എന്നെ അത്ഭുതപ്പെടുത്തി. കോപാക്രാന്തനായി അലയടിച്ചുയർന്ന് തീരങ്ങളെ വിഴുങ്ങുന്ന അവന്റെ പ്രചണ്ഡസ്വരൂപം കാണാനേയില്ല.
ബോട്ട് ക്രൂസ് അവസാനിക്കാറായപ്പോൾ, റൂഫ് ടോപ്പിലിരുന്ന് സായന്തനത്തിലെ ബ്രഹ്മപുത്രയുടെ ഭാവങ്ങൾ പകർത്തുകയായിരുന്ന എന്നെ ഒരു വെയിറ്റർ ഡെക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് നോക്കുമ്പോൾ ആകാശത്തിന്റെ പടിഞ്ഞാറേ അതിരിൽ നിറയെ അസ്തമനസൂര്യൻ ചൊരിഞ്ഞ ചെഞ്ചോരപ്പാടുകൾ. ദൂരെ ഇരുളിൽ മുങ്ങിയ ഉമാനന്ദ ദ്വീപ് ഒരു പ്രേതഭവനം പോലെ. ഡക്കിൽനിന്ന് കുറച്ച് ഫോട്ടോസ് എടുത്തു. താഴത്തെട്ടിലിരുന്ന് ഏറെ ആയാസപ്പെട്ട് ചിത്രങ്ങൾ പകർത്തുന്നത് ആ യുവാവ് ശ്രദ്ധിച്ചിരുന്നിരിക്കാം. നന്ദിവാക്കുകളും ഒപ്പം ചെറിയൊരു ടിപ്പും നൽകിയപ്പോൾ ആ കണ്ണുകളിൽ തിളക്കം.
ഗുവാഹതിയുടെ നിശാസൗന്ദര്യം ആസ്വദിക്കാൻ നഗരത്തെ ഒന്നു വലംവെച്ചു; ആദ്യം നടന്നും പിന്നെ, ക്ഷീണിച്ചപ്പോൾ, ഒരു ഇലക്ട്രിക് ഓട്ടോയിൽ കയറിയും. നഗരത്തെരുവിലെങ്ങും പൊടിപാറിയ കച്ചവടം നടക്കുകയാണ്. നിരനിരയായുള്ള തട്ടുകടകളിലൊന്നിനു മുന്നിൽചെന്ന് ഒരു അസമീസ് വിഭവം പരീക്ഷിച്ചു. പാനി പൂരിയും തൈരും ചേർന്നുള്ള രുചികരമായ ഭക്ഷണം. പേര് ദഹി പുഷ്ക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.