ശബ്ദമുയർത്തുന്നവർക്കുനേരെയുള്ള ബ്രഹ്മാസ്ത്രങ്ങളെ മൗനംകൊണ്ട് കീഴ്പെടുത്താനാവില്ല: മാർ തോമസ് തറയിൽ

Web Desk

ചങ്ങനാശേരി

Posted on October 12, 2020, 9:14 pm

ജാര്‍ഖണ്ഢില്‍ ആദിവാസി ജനതയുടെ ഭൂമി അപഹരിച്ചെടുക്കുന്ന ഖനി മാഫിയകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി മനുഷ്യാവകാശ പ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടിക്കെതിരെ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കിലൂടെ സ്വാതന്ത്ര്യം അപകടത്തിലൂകുമ്പോഴും നാം നിശബ്ദരാണെന്ന് തലക്കെട്ടില്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം

സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്!!!
ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുമുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ വൈദികരെ ഇതുവരെ മതപരിവർത്തനം ആരോപിച്ചായിരുന്നു പീഡിപ്പിച്ചുകൊണ്ടിരുന്നത്. രാജ്യദ്രോഹം ജാമ്യംപോലും കിട്ടാത്ത വകുപ്പായതുകൊണ്ടു ഭരണക്കാർക്കതെളുപ്പമാണ്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു.
ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്നു പണ്ട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞപ്പോൾ നാമയാളെ പുച്ഛിച്ചു. എന്നാൽ ഇന്നൊരുകാര്യം തിരിച്ചറിയുന്നു. സ്വന്തം അവകാശങ്ങളെകുറിച്ച് അറിവില്ലാത്ത ജനങ്ങൾക്ക് ജനാധിപത്യവും ഏകാധിപത്യവും തമ്മിൽ വിവേചിച്ചറിയാൻപോലും സാധിക്കില്ല.…
ഫാ. സ്റ്റാൻ സ്വാമിക്കും അദ്ദേഹത്തിന്റെ ആദിവാസി സഹോദരങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു.

ENGLISH SUMMARY:Brahmastras can­not be sub­dued by silence against those who raise their voic­es: Mar Thomas Tharayil
You may also like this video