January 23, 2023 Monday

ഉള്‍ക്കാഴ്ച്ച നല്‍കി ‘ബ്രയില്‍’

Dr. Anju Harish 
Consultant Ophthalmologist SUT Hospital, Pattom
January 5, 2023 9:29 pm

ജീവിതത്തില്‍ വിലമതിക്കാനാകാത്ത സമ്മാനങ്ങളിലൊന്നാണ് കാഴ്ച. ലൂയിസ് ബ്രെയില്‍ ആണ് ‘ബ്രെയ്‌ലി‘ന്റെ ആവിഷ്‌കര്‍ത്താവ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാഴ്ച വൈകല്യമുള്ളവരോ അന്ധരോ ആയ ആളുകളുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം പ്രകാശം പരത്തി. കാഴ്ച വൈകല്യമുള്ളവര്‍ എല്ലാവരേയും പോലെ മനുഷ്യാവകാശങ്ങളുടെ അതേ നിലവാരം അര്‍ഹിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ലൂയിസ് ബ്രെയില്‍ ഒരു ഫ്രഞ്ചുകാരനായിരുന്നു, കുട്ടിക്കാലത്ത് പിതാവിന്റെ തുകല്‍ നിര്‍മ്മാണ ഉപകരണങ്ങളുമായി ജോലി ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഒരു സൂചികൊണ്ട് കണ്ണില്‍ കുത്തിയപ്പോള്‍ കാഴ്ച നഷ്ടപ്പെട്ടു. പത്താം വയസ്സ് മുതല്‍, ഫ്രാന്‍സിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്ലൈന്‍ഡ് യൂത്ത് എന്ന സ്ഥാപനത്തില്‍ അദ്ദേഹം സമയം ചെലവഴിച്ചു. ആറ് ഡോട്ടുകളുള്ള സെല്ലുകളെ അടിസ്ഥാനമാക്കി അദ്ദേഹം ഒരു കോഡ് വികസിപ്പിച്ചെടുത്തു, അത് പിന്നീട് ബ്രെയില്‍ എന്ന് അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തം അന്ധര്‍ക്ക് രേഖാമൂലമുള്ള വിവരങ്ങളുടെ പ്രധാന രൂപമായി അംഗീകരിക്കപ്പെട്ടു.

ബ്രെയിലിന്റെ സഹായം കാഴ്ചയില്ലാത്തവര്‍ക്ക് ഒരു പുതിയ ലോകം തുറന്നുകൊടുത്തു. ഏത് ഭാഷയിലും എഴുതാന്‍ ഉപയോഗിക്കാവുന്ന ഒരു അക്ഷരമാലയാണ് ബ്രെയില്‍, അറബിക്, ചൈനീസ്, ഹീബ്രു, സ്പാനിഷ് എന്നിവയിലും മറ്റും ലഭ്യമാണ്. ഗണിതത്തിനും സയന്‍സിനും പ്രത്യേകമായി കണ്ടുപിടിച്ചതാണ് ബ്രെയിലിയുടെ നെമെത്ത് കോഡ്. അന്ധരായ സംഗീതജ്ഞര്‍ക്ക് പോലും ബ്രെയില്‍ ലിപിയില്‍ സംഗീതം വായിക്കാന്‍ പഠിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. ബ്രെയിലി സംഗീതം സാധാരണ സിക്‌സ് ഡോട്ട് സെല്‍ ഉപയോഗിക്കുന്നു, എന്നാല്‍ അതിന്റേതായ വാക്യഘടനയും സംക്രമണങ്ങളും അതിനെ വത്യസ്തമാക്കുന്നു. ലോക ബ്രെയില്‍ ദിനം ലോകമെമ്പാടും വ്യത്യസ്ത രീതികളില്‍ ആചരിക്കുന്നു. അതിന്റെ ഭാഗമായി ബ്രെയില്‍ സമ്പ്രദായത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനുള്ള പരിപാടികള്‍, ബ്രെയിലിനെക്കുറിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ സംഘടിപ്പിക്കുകയും സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് അന്ധരെയും ഭാഗിക കാഴ്ചയില്ലാത്തവരെയും സഹായിക്കുന്നതിനായി ‘പുനര്‍ജ്യോതി’ എന്ന പേരില്‍ ഒരു പുനരധിവാസ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായാണ് ഇത് സ്ഥാപിച്ചത്. സംസ്ഥാനത്തുടനീളമുള്ള കാഴ്ച വൈകല്യമുള്ള രോഗികള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ സംരംഭം ആരംഭിച്ചത്. വികലാംഗര്‍ക്ക് വിദ്യാഭ്യാസം നേടാനും വായനാ വൈദഗ്ധ്യം നേടാനും തൊഴില്‍ മേഖലയില്‍ മത്സരിക്കാനും സമൂഹത്തിന് തുല്യമായ സംഭാവനകള്‍ നല്‍കാനുമുള്ള ബ്രെയിലിന്റെ പ്രാധാന്യത്തെ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബ്രയില്‍ ദിനാചരണം.

ലൂയിസ് ബ്രെയിലിനെയും അന്ധരോ കാഴ്ച വൈകല്യമുള്ളവരോ ആയ ആളുകളുടെ ജീവിതത്തില്‍ ബ്രെയ്ല്‍ ചെലുത്തിയ നിര്‍ണ്ണായക സ്വാധീനത്തെ തിരിച്ചറിയുന്നതിനും ആദരിക്കുന്നതിനുമുള്ള അവസരമാണ് ലോക ബ്രെയില്‍ ദിനം. കാഴ്ച നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് വിവരങ്ങള്‍ മനസ്സിലാക്കാനും ലോകവുമായി ആശയവിനിമയം നടത്താനും വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ എന്നിവ നേടാനുമുള്ള ഒരു മാര്‍ഗ്ഗം ഇത് നല്‍കിയിട്ടുണ്ട്. കാഴ്ചശക്തി നഷ്ടപ്പെട്ട ആളുകളുടെ ഉള്‍പ്പെടുത്തലും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് വളരെയേറെ സഹായിച്ചിട്ടുണ്ട്. അങ്ങനെ ബ്രെയില്‍ സാക്ഷരത മെച്ചപ്പെടുത്തുന്നതിനായി ജീവിതം സമര്‍പ്പിച്ചവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിനും കാഴ്ച നഷ്ടപ്പെട്ട ആളുകളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള   പ്രതിബദ്ധത ഉറപ്പിക്കുന്നതിനുമുള്ള അവസരമാണ് ലോക ബ്രെയില്‍ ദിനം.

Eng­lish Summary;‘Braille’ pro­vides insight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.