Web Desk

ലിമ

November 18, 2020, 10:16 pm

ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

Janayugom Online

ദക്ഷിണ അമേരിക്കന്‍ മേഖല ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ബ്രസീല്‍ എകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വേയോട് ജയിച്ചപ്പോള്‍ അര്‍ജന്റീനയും പെറുവിനോട് ഇതേ സ്കോറിന് തന്നെ ജയിച്ചു. തുടര്‍ച്ചയായ നാല് വിജയങ്ങളുമായി 12 പോയിന്റോടെ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഉറുഗ്വെയെയാണ് ബ്രസീല്‍ തകര്‍ത്തത്. ലൂയിസ് സുവാരസ് ഇല്ലാതെ ഇറങ്ങിയ ഉറുഗ്വെയ്‌ക്കെതിരെ അര്‍തര്‍ മെലോ, റിച്ചാര്‍ലിസണ്‍ എന്നിവര്‍ ഗോള്‍ നേടി. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും. 34-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിന്റെ അസിസ്റ്റ് ഗോളാക്കി അര്‍തര്‍ ബ്രസീലിന് ലീഡ് നല്‍കി. 45ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. റെനന്‍ ലോഡിയുടെ പാസ് റിച്ചാര്‍ലിസണ്‍ ഗോളാക്കി മാറ്റി. 

മാര്‍ട്ടിനസിനെയും മെസിയെയും വജ്രായുധങ്ങളാക്കി 4–4‑1–1 എന്ന വ്യത്യസ്ത ഫോര്‍മേഷനില്‍ അര്‍ജന്റീന ഇറങ്ങിയപ്പോള്‍ 4–2‑3–1 ഫോര്‍മേഷനിലാണ് പെറു ബൂട്ടണിഞ്ഞത്. 17-ാം മിനിറ്റില്‍ നിക്കോളാസ് ഇവാന്‍ ഗോണ്‍സാലസ് അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ 28-ാം മിനിറ്റില്‍ ലൗത്താറോ മാര്‍ട്ടിനെസാണ് ര­ണ്ടാം ഗോള്‍ നേടിയത്. പന്തടക്കത്തില്‍ 52 ശതമാനം പെറു മുന്നിട്ട് നിന്നപ്പോള്‍ 10നെതിരേ 13 ഗോള്‍ശ്രമവുമായി അര്‍ജന്റീന ഗോള്‍ശ്രമത്തില്‍ കൈയടി നേടി. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ അര്‍ജന്റീനയുള്ളത്.

മറ്റൊരു മത്സരത്തില്‍ കൊളംബിയയെ 6–1ന് ഇക്വഡോര്‍ തകര്‍ത്തു. ഏഴാം മിനിറ്റില്‍ റോബര്‍ട്ട് അര്‍ബോലിഡ ഇക്വഡോറിന്റെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ ഒമ്പതാം മിനിറ്റില്‍ മിന ഡില്‍ഗാഡോ, 32-ാം മിനിറ്റില്‍ മിക്കല്‍ സ്റ്റീവീന്‍ എസ്ട്രാഡ മാര്‍ട്ടിനസ്, 39-ാം മിനിറ്റില്‍ സേവ്യര്‍ അരീഗ, 78-ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ,ഇഞ്ചുറി ടൈമില്‍ പെര്‍വിസ് എസ്റ്റുപിനാന്‍ എന്നിവര്‍ ഇക്വഡോറിനായി വലകുലുക്കിയപ്പോള്‍ കൊളംബിയയുടെ ആശ്വാസ ഗോള്‍ 46-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി ഹാമേഷ് റോഗ്രിഗസാണ് നേടിയത്. നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുള്ള ഇക്വഡോര്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമായി കൊളംബിയ ഏഴാം സ്ഥാനത്താണ്. 

ENGLISH SUMMARY:Brazil and Argenti­na win World Cup qualifiers
You may also like this video