പതിനഞ്ചാം നൂറ്റാണ്ടിന്റെ ഏറ്റവും ഒടുവില്‍ ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്കയുടെയും വാസ്കോഡിഗാമ ഇന്ത്യയുടെയും കടലോരങ്ങളില്‍ കാലുകുത്തിയതു മുതല്‍ക്ക് ആരംഭിച്ച കൊളോണിയലിസത്തിന്റെയും പട്ടാളവാഴ്ചയുടെയും ദുരന്തം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ബ്രസീലിലെ പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂവിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍. വാസ്കോഡിഗാമയുടെ രാജ്യമായ പോര്ട്ടുഗലാണ് അവിടെ അധികാരം പിടിച്ചെടുത്തത്. പോര്‍ട്ടുഗല്‍ ഒരു സാമ്രാജ്യമായി മാറിയപ്പോള്‍ അവരുടെ തലസ്ഥാനം തന്നെ ബ്രസീലിലായിരുന്നുവെന്നു പറയുമ്പോള്‍ ആ നാടിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളു. കൊളോണിയലിസത്തിന്റെ തകര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ, 1822ല്‍ സ്വതന്ത്രമായെങ്കിലും ജനാധിപത്യത്തിന് അവിടെ കാലുറച്ചില്ല. രാജവാഴ്ചയും പട്ടാളവാഴ്ചയും ഏകാധിപത്യവുമാണ് അവിടെ പിടിമുറുക്കിയത്. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കളായ ഡിസില്‍വയും ഡില്‍മ റൗസേഫും രണ്ടുതവണ വീതം പ്രസിഡന്റ് പദത്തിലെത്തിയതാണ് ഇടക്കാലത്തുണ്ടായ ഒരു ആശ്വാസം.
പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളി കര്‍ഷകരുടെ ജീവിതത്തില്‍ ശ്രദ്ധേയമായ അഭിവൃദ്ധിക്ക് ഈ ഭരണങ്ങള്‍ വാതില്‍ തുറന്നെങ്കിലും സ്ഥാപിത താല്പര്യക്കാരായ സമ്പന്നവര്‍ഗങ്ങളും ഏറെക്കാലം അധികാരം കുത്തകയാക്കി വച്ചിരുന്ന പട്ടാളം ഉള്‍പ്പെടെയുള്ള ശക്തികളും ഈ രണ്ടു പ്രസിഡന്റുമാരുടെയും ഭരണം അസ്ഥിരപ്പെടുത്താന്‍ ആവുന്നത്ര കുത്തിത്തിരിപ്പുകള്‍ നടത്തിക്കൊണ്ടിരുന്നു. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും ജീവിതനിലവാരം ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള അടിത്തറ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. നൂറു ശതമാനം ജനകീയനായിരുന്ന ഡിസില്‍വയ്ക്ക് രണ്ടുവട്ടമായുള്ള കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും ഡില്‍മ റൗസേഫിനെ ദുരാരോപണങ്ങളുടെ കള്ളക്കേസില്‍ കുടുക്കാനും രണ്ടാംവട്ട കാലാവധി പൂര്‍ത്തിയാകും മുമ്പ് ഇംപീച്ച് ചെയ്ത് സ്ഥാനഭ്രഷ്ടയാക്കാനും എതിരാളികള്‍ക്ക് കഴിഞ്ഞു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രിയങ്കരനായിരുന്ന ഡിസില്‍വയെ ‘കാര്‍വാഷ്’ എന്ന കുപ്രസിദ്ധമായ അഴിമതിക്കേസില്‍ കുടുക്കിക്കൊണ്ട് കുറച്ചുകാലം ജയിലില്‍ അടയ്ക്കാന്‍ പ്രതിയോഗികള്‍ക്ക് കഴിഞ്ഞെങ്കിലും കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹം സ്വതന്ത്രനായി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചുവെങ്കിലും എതിര്‍പക്ഷത്തിന്റെ കുത്തിത്തിരിപ്പുകളില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. പണക്കൊഴുപ്പുകൊണ്ടും ദീര്‍ഘകാലം സെനറ്റര്‍ (എം പി) പദവിയിലിരുന്നതിന്റെ മിടുക്കുകൊണ്ടും ധനികവര്‍ഗത്തിന്റെ കൈ അയച്ചുള്ള സഹായം കൊണ്ടും ജെയര്‍ ബൊള്സനാരോക്കാണ് വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞത്. 2019 ജനുവരി ഒന്നിന് അധികാരമേറ്റ ബൊള്‍സനാരൊ ഒരു കൊല്ലത്തെ ഭരണം പൂര്‍ത്തിയാക്കിയിരിക്കുന്നത് പട്ടാളത്തെ ഭരണത്തിന്റെ മര്മ്മസ്ഥാനങ്ങളില് പ്രതിഷ്ഠിച്ചുകൊണ്ടാണ്. മന്ത്രിസഭയില്‍ അരഡസന്‍ പേരെങ്കിലും മുന്‍ സൈനികോദ്യോഗസ്ഥരാണ്. പട്ടാള ഭരണത്തോടുള്ള തന്റെ അനുഭാവവും ചായ്വും അദ്ദേഹം ഒരിക്കലും മറച്ചുവച്ചിരുന്നില്ലെന്ന് പറയേണ്ടതുണ്ട്.
1964 മുതല്‍ 1985 വരെ ഭരണാധികാരം പിടിച്ചെടുത്തിരുന്ന പട്ടാളത്തലവന്മാരെ ബൊള്‍സനാരൊ എക്കാലത്തും പ്രശംസിച്ചിരുന്നു. സ്ത്രീകളെ പറ്റിയുള്ള ഭത്സനം ചൊരിയുന്നതിലും അദ്ദേഹം ഒരിക്കലും പിശുക്ക് കാണിച്ചിരുന്നില്ല. ബൊള്‍സനാരൊയുടെ വിജയത്തിന് വഴിതെളിച്ചത് 2014–2016 കാലത്തെ സാമ്പത്തിക മാന്ദ്യമാണ്. സ്വകാര്യമേഖലയോടുള്ള ആഭിമുഖ്യവും സര്‍ക്കാര്‍ ഉടമയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള എതിര്‍പ്പും വഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പെട്ടെന്ന് മെച്ചപ്പെടുത്താന്‍ കഴിയുമെന്ന ജനങ്ങളുടെ ശുഭപ്രതീക്ഷയും ഓര്‍ക്കാപ്പുറത്തുള്ള ബൊള്‍സനാരൊയുടെ വിജയത്തെ സഹായിച്ചുവെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകുകയും അഴിമതിയുടെ അഴിഞ്ഞാട്ടത്തില്‍ ജനങ്ങളുടെ അസംതൃപ്തി ആളിക്കത്തുകയും ചെയ്തിരുന്നതും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിജയത്തിന് തുണയായി. സമ്പല്‍സമൃദ്ധിയും സമാധാനവും സത്യസന്ധതയും രാജ്യത്തിന് അദ്ദേഹം കൈവരുത്തുമെന്നും ജനങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. സാമ്പത്തിക രംഗത്ത് അവരുടെ പ്രതീക്ഷ, ഈ ഒരു കൊല്ലത്തിനിടയില്‍ കുറച്ചൊക്കെ സഫലമായിട്ടുണ്ടെങ്കിലും ഒരു രാജ്യതന്ത്രജ്ഞനെന്ന നിലയിലേയ്ക്ക് അദ്ദേഹത്തിന് ഉയരാന്‍ കഴിഞ്ഞിട്ടില്ല. പരക്കെ പടര്‍ന്നുപിടിച്ചിരുന്ന കുറ്റകൃത്യങ്ങളുടെ ബാഹുല്യം അല്പം കുറഞ്ഞിട്ടുണ്ടെന്ന് പറയാം. പക്ഷേ, രാജ്യത്തിലെ വിവിധ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് ഒട്ടും കഴിഞ്ഞിട്ടില്ല. അതിന് അദ്ദേഹം ശ്രമിച്ചിട്ടുമില്ല. അഴിമതി നിര്‍മാര്‍ജനവും പ്രകൃതി സംരക്ഷണവും അദ്ദേഹത്തിന്റെ കാര്യപരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി തോന്നുന്നുമില്ല. മറിച്ച് ബ്രസീലിലെ വമ്പിച്ച ആമസോണ്‍ വനങ്ങള്‍ വെട്ടിവെളുപ്പിക്കാനാണ് ബൊള്‍സനാരൊ തുനിഞ്ഞിട്ടുള്ളത്. ഒരൊറ്റ വര്‍ഷത്തിനിടയില്‍ ബ്രസീലിന്റെ വനസമ്പത്ത് എത്രയാണ് നശിപ്പിക്കാന്‍ അദ്ദേഹം കൂട്ടുനിന്നിട്ടുള്ളതെന്നതിന്റെ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ബൊള്‍സനാരൊയുടെ ഭരണ കാലാവധി തീരുമ്പോഴേയ്ക്ക് ബ്രസീലിന്റെ വനങ്ങളില്‍ എത്ര ശേഷിച്ചിട്ടുണ്ടെന്ന് അറിയാന്‍ ഭൂതക്കണ്ണാടി വച്ച് വൃക്ഷ‑വനം സ്നേഹികള്‍ക്ക് കണക്കെടുപ്പ് നടത്തേണ്ടിവരും.
ബൊള്‍സനാരൊയുടെ പെന്ഷന് പരിഷ്കാരമാണ് രാജ്യം ഒന്നടങ്കം പരിശോധിച്ചുകൊണ്ടിരിക്കുന്നത്. പെന്ഷന് പ്രായം ഇപ്പോഴത്തെ അന്‍പതില്‍ നിന്നും ഉയര്‍ത്തുമ്പോള്‍ ഖജനാവിന് അതു വലിയ നേട്ടമായിരിക്കുമെങ്കിലും അത് സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാനാണ് പോകുന്നത്. പ്രസിഡന്റ് ബൊള്‍സനാരൊയുടെ പരിഷ്കാരങ്ങള്‍ രാജ്യത്തെ എവിടെ എത്തിക്കുമെന്ന് കൃത്യമായി പറയാറായിട്ടില്ലെങ്കിലും അതു ഒരു പട്ടാളവാഴ്ചയ്ക്കാണ് അടിത്തറയിടുന്നതെന്ന് തീര്‍ച്ചയാണ്. ഇപ്പോഴത്തെ പട്ടാളവല്ക്കരണത്തിന് ഒരു പ്രത്യേകതയുണ്ട്. നിലവിലുള്ള പട്ടാളഭരണം യൂണിഫോം ധരിച്ച പട്ടാളക്കാരല്ല നിയന്ത്രിക്കുന്നത്. ബൊള്‍സനാരൊ ഉള്‍പ്പെടെ പലരും മുന്‍ സൈനികരാണ്. അവരെ അദ്ദേഹം യൂണിഫോം ധരിച്ചവരുടെ ഭരണമാക്കാന് എന്തുചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും. ഭരണത്തില്‍ പങ്കാളികളായ അദ്ദേഹത്തിന്റെ മക്കള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരെ യൂണിഫോം ധരിപ്പിച്ചാല്‍ ആ പ്രശ്നം തീരുമായിരിക്കും. പക്ഷെ, ആ നേട്ടം കൈവരിക്കാന്‍ ബൊള്‍സനാരൊ എന്തും ചെയ്യാന്‍ മടിക്കില്ലെന്നുള്ളതില് സംശയത്തിന് അവകാശമില്ല. അദ്ദേഹത്തിന്റെ പട്ടാളവീക്ഷണം മാത്രമല്ല, അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. പൊതുമേഖലയില്‍ ധാരാളം വ്യവസായങ്ങള്‍ ഇപ്പോള്‍ നിലവിലുള്ള ബ്രസീലിന് അതെല്ലാം സ്വകാര്യവല്‍ക്കരിച്ചാല്‍ ആ സമ്പത്ത് മുഴുവന്‍ ബൊള്‍സനാരൊയുടെയും കുടുംബത്തിന്റെയും മറ്റു വേണ്ടപ്പെട്ടവരുടെ കൈവശം എത്തിക്കാന്‍ പ്രയാസമുണ്ടാവില്ലല്ലൊ.
ഭരണകര്‍ത്താക്കളെ യൂണിഫോം ധരിപ്പിച്ചാല്‍ വേറെയും പ്രയോജനങ്ങള്‍ ഏറെയുണ്ടാകും. ഒന്നാമതായി യൂണിഫോം ധരിച്ച പട്ടാളത്തിന് അധികാരം നല്കിയാല് രാജ്യത്തെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുക അദ്ദേഹത്തിന് എളുപ്പമാകും. പട്ടാളച്ചിട്ടയിന് കീഴില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലെന്നതായിരിക്കും ഇക്കൂട്ടരുടെ ചിന്താഗതി. ജര്‍മനിയില്‍ ഹിറ്റ്ലറും ഇറ്റലിയില്‍ മുസോളിനിയും യൂണിഫോം ഇല്ലാത്ത പട്ടാളഭരണത്തിന് ശ്രമിച്ചപ്പോള്‍ എന്തുണ്ടായി എന്ന ചരിത്രം ബൊള്സനാരൊയ്ക്ക് അറിയാത്തതാവില്ല. അതുകൊണ്ട് പട്ടാളവല്ക്കരണത്തിന് ഇനിയാരും ശ്രമിക്കില്ലെന്ന് കരുതേണ്ടതില്ല. റോമിലെ സീസര്‍ ചക്രവര്‍ത്തിയുടെ കാലം മുതല്‍ക്ക് സര്വാധിപത്യത്തിന് ശ്രമിച്ച് പലരും പരാജയപ്പെട്ടെങ്കിലും പുത്തന്‍ അധികാര മോഹികള്‍ ഇനിയും ഉയരില്ലെന്ന് ധരിക്കേണ്ടതില്ലെന്നാണ് ബൊള്‍സനാരൊ നമ്മെ പഠിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.