10 September 2024, Tuesday
KSFE Galaxy Chits Banner 2

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യ കാത്തിരിക്കുന്നത്

അരുണ്‍ ടി വിജയന്‍
October 29, 2022 7:23 pm

ബ്രസീലിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും നിലവിലെ പ്രസിഡന്റ് ജെയിര്‍ ബൊള്‍സനാരോയും മത്സരിക്കുകയാണ്. ബ്രിക്സില്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) അംഗമായതുകൊണ്ട് മാത്രമല്ല, ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിലും ഈ തെരഞ്ഞെടുപ്പ് ഇന്ത്യ ഏറെ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് സംഘ്പരിവാര്‍ ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മുറിവേല്‍ക്കുന്നുവെന്ന ആരോപണം ശക്തമായി ഉയരുന്ന കാലത്ത്.

ഒക്ടോബര്‍ രണ്ടിന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ആര്‍ക്കും അമ്പത് ശതമാനം വോട്ട് നേടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും അധികം വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇടതുപക്ഷ പാര്‍ട്ടിയായ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ലുല 48.4 ശതമാനവും തീവ്രവലതുപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി നേതാവ് ബൊള്‍സനാരോ 43.2 ശതമാനം വോട്ടും ആണ് ആദ്യഘട്ടത്തില്‍ നേടിയത്. ജനവിധി വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് അനുകൂലമാണെന്ന ആത്മവിശ്വാസത്തിലാണ് ലുല നാളെ വീണ്ടും ജനവിധി തേടുന്നത്.

2018ല്‍ 53 ശതമാനം വോട്ട് നേടിയ ലുല പ്രസിഡന്റ് ആകുമെന്ന സാഹചര്യത്തിലാണ് സാവോ പോളോ നഗരത്തിലെ കാര്‍ വാഷ് കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അദ്ദേഹത്തെ തടവിന് ശിക്ഷിച്ചത്. ലുല തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാനായിരുന്നു ഈ നീക്കം. തെളിവുകളില്ലാഞ്ഞിട്ടും ലുലയെ ശിക്ഷിച്ച ജഡ്ജിയെ ബൊള്‍സനാരോ പിന്നീട് നിയമ മന്ത്രിയാക്കുകുയും ചെയ്തു. 2003 മുതല്‍ 2011 വരെ രണ്ട് തവണ ബ്രസീലിന്റെ പ്രസിഡന്റായിരുന്നു ലുല. അദ്ദേഹം നടത്തിയ പരിഷ്കാരങ്ങളാണ് ബ്രസീലില്‍ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കിയത്. അതേസമയം ബൊള്‍സനാരോ അറിയപ്പെടുന്നത് തന്നെ ഏകാധിപതികളുടെ ആരാധകന്‍ എന്നാണ്.

എന്നാല്‍ ബൊള്‍സനാരോയ്ക്കെതിരെ ഉയരുന്ന ഏറ്റവും വലിയ ആരോപണം ആമസോണ്‍ മഴക്കാടുകളുമായി ബന്ധപ്പെട്ടാണ്. ലോകത്തിന്റെ തന്നെ ശ്വാസകോശമായ ആമസോണ്‍ നാശത്തിന്റെ പാതയിലാണ്. ഇതിന് നിലവിലെ സര്‍ക്കാര്‍ എടുത്ത നടപടികളാണ് കാരണമെന്നാണ് വിമര്‍ശനം. വിദേശ നിക്ഷേപകരുടെയും സര്‍ക്കാരുകളുടെയും ബ്രസീലിയന്‍ ബിസിനസ് നേതാക്കളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ആമസോണ്‍ കാടുകളിലെ മരം മുറിക്കും ഖനനത്തിനും നേരെ സര്‍ക്കാര്‍ കണ്ണടച്ചതാണ് പാരിസ്ഥിതിക നാശത്തിന് കാരണമായത്. 2020 ഓഗസ്റ്റില്‍ മാത്രം 7600ലധികം തീപിടിത്തങ്ങളാണ് ആമസോണ്‍ മഴക്കാടുകളില്‍ ഉണ്ടായത്. ആ വര്‍ഷം മെയില്‍ പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി ആയിരക്കണക്കിന് സൈനികരെ ആമസോണില്‍ വിന്യസിച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രദമായില്ല. നിലവിലെ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുമ്പേ രാജ്യത്തെ പാരിസ്ഥിതിക നാശം പൂര്‍ണമാകുമെന്ന ആശങ്ക ശക്തമായിരുന്നു. ലോകത്തിന് തന്നെ വെല്ലുവിളിയായി മാറിയേക്കാവുന്ന പാരിസ്ഥിതിക നാശത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ബൊള്‍സനാരോ സര്‍ക്കാരിന് ഒഴിയാന്‍ കഴിയില്ലെന്നതാണ് ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷയുടെ അടിസ്ഥാനം. 

ആരോഗ്യ രംഗമാണ് സര്‍ക്കാരിന് മറ്റൊരു വെല്ലുവിളി ആയിരുന്നത്. കോവിഡ് 19 മരണ നിരക്ക് അപകടകാരം വിധം രാജ്യത്ത് കൂടുതലായിരുന്നു. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാനായി. പ്രസിഡന്റിന്റെ വോട്ട് വിഹിതത്തില്‍ വലിയ കുറവ് പ്രചാരണങ്ങളിലൂടെ സംഭവിച്ചെങ്കിലും പരിസ്ഥിതി മന്ത്രിയും ആരോഗ്യമന്ത്രിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും സര്‍ക്കാരിന് തിരിച്ചടിയാണ്. അതിനാല്‍ തന്നെ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് ബൊള്‍സനാരോ സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്ന് ഇടതുപക്ഷത്തിന്റെ വിശ്വാസം നടപ്പിലായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.