March 23, 2023 Thursday

കൊറോണയെ നേരിടാം: ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കം

Janayugom Webdesk
തിരുവനന്തപുരം
March 16, 2020 1:28 pm

കൊറോണ വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കുന്നതിനായി ബ്രേക്ക് ദ ചെയിൻ എന്ന പേരില്‍ ബൃഹത്തായ ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കം. ആരോഗ്യമന്ത്രി കെ കെ ശൈലജ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാല്‍ കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി പൊതുസമൂഹം ആകെ സ്വീകരിക്കേണ്ട നടപടികളും നിർദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയിലെ മേധാവികള്‍ ചെയ്യേണ്ട കാര്യങ്ങളാണ് ആരോഗ്യവകുപ്പ് ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി നിർദ്ദേശിച്ചിരിക്കുന്നത്.

സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോയുള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്ലാറ്റുകളും അവരുടെ കെട്ടിടത്തിൽ പ്രവേശിക്കുന്നിടത്തും ബ്രേക്ക് ദ ചെയിൻ കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തമാക്കിയതായി ഉറപ്പ് വരുത്തുകയും വേണം.

ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയ്‌നായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കേണ്ടതാണ്. ഇതിനായുള്ള ഹാഷ്ടാഗ് (#break­thechain) മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തേണ്ടതാണ്. ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ ക്യാമ്പയിനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതില്‍ കുറയ്ക്കുവാനും പകര്‍ച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനാകുമെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ.

Eng­lish Sum­ma­ry: break the chain cam­paign starts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.