വ്യവസ്ഥിതികൾ മൂലം ജീവൻ നഷ്ടമാകുന്ന പാക് സ്ത്രീകൾ

Web Desk
Posted on October 27, 2019, 4:09 pm

ലാഹോർ: ഏഷ്യയിൽ ഏറ്റവും കൂടുതല്‍ സ്താനാർബുദ രോഗികൾ ഉള്ളത് പാകിസ്ഥാനിലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ പേർ രോഗം മൂലം മരിക്കുന്നതും ഇവിടെയാണെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. രോഗം നേരത്തെ കണ്ടെത്തിയാൽ ഭേദപ്പെടുത്താമെങ്കിലും പാക് സ്ത്രീകൾ ഇക്കാര്യം വെളിപ്പെടുത്താൻ തയാറാകുന്നില്ലെന്നതാണ് ഇതിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രതിവർഷം 17,000 സ്ത്രീകളാണ് ഇവിടെ സ്തനാർബുദം മൂലം മരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. എന്നാൽ യഥാർഥ സംഖ്യ 40,000ത്തിലേറെ വരുമെന്ന് ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും പറയുന്നു.

രാജ്യത്ത് ഒൻപത് സ്ത്രീകളിൽ ഒരാൾ സ്താനാർബുദ ബാധിതയാണെന്നും കണക്കുകൾ പറയുന്നു. എന്നാൽ ഇവർക്ക് രക്ഷപ്പെടാനുള്ള അവസരം സാമൂഹ്യ പരിമിതികൾ മൂലം നഷ്ടമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

സ്താനാർബുദം സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ പാകിസ്ഥാനിൽ ഇതൊരു വിലക്കുള്ള സംഗതിയാണെന്നും പിങ്ക് റിബൺ ഫൗണ്ടേഷന്റെ ഒമർ അഫ്താബ് പറഞ്ഞു. ഇതൊരു ഒറ്റയ്ക്കുള്ള യാത്രയാണെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്.

പ്രൈമറി സ്കൂൾ അധ്യാപികയായിരുന്ന സിൽവത് സഫർ തന്റെ മാറിടത്തിലെ തടിപ്പ് കണ്ടെത്തിയത് മുപ്പത് വയസിന് മുമ്പാണ്. ഡിസ്നിലാന്റിലേക്കുള്ള ഒരു അവധിയാഘോഷ യാത്രയ്ക്ക് തൊട്ടുമുമ്പായിരുന്നു അത്. സംഗതി രഹസ്യമാക്കി വയ്ക്കാൻ തന്നെ തീരുമാനിച്ചു. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പെൺകുട്ടികൾ എപ്പോഴും മൗനം പാലിക്കണമെന്നാണ് തങ്ങളുടെ സാമൂഹ്യ വ്യവസ്ഥിതിയെന്നും അവർ പറയുന്നു. തന്റെ അമ്മ മരിച്ചു പോയിരുന്നു. കുടുംബത്തിലെ ഏക വനിതയാണ്. അത് കൊണ്ട് തന്നെ സ്താനാർബുദം എന്ന് പറയാന്‍ പോലുമാകില്ല. അത് കൊണ്ട് തന്നെ മൗനം പാലിക്കാൻ തീരുമാനിച്ചു.

അവധി ആഘോഷങ്ങൾക്കിടെ തന്റെ മാറിടത്തിലെ മുഴ പുറത്തറിയാതിരിക്കാൻ വലിപ്പമുള്ള വസ്ത്രങ്ങൾ ധരിച്ചു. തന്റെ വേദനയെക്കുറിച്ച് ആരോടും പറയാനും ആകാതെ കഴിച്ച് കൂട്ടി.

എന്നാൽ ആറ് മാസത്തിന് ശേഷം അവൾക്ക് ചികിത്സയ്ക്ക് അവസരമുണ്ടായി. അപ്പോഴേക്കും അർബുദം തീവ്രമായ ഘട്ടത്തിലേക്ക് കടന്നിരുന്നു. ശരീരമാസകലം രോഗം പടരുന്ന സ്ഥിതി. എന്നിട്ടും ചികിത്സ ഫലപ്രദമായി.

ഇവരുടെ ജീവിത കഥ ഡോ. ഹുമ മജീദിന് വ്യക്തമായി അറിയാം. രാജ്യത്തെ പ്രമുഖ ബ്രെസ്റ്റ് സർജനാണിവർ. ലഹോറിലെ ഇറ്റേഫാഖ് ആശുപത്രിയിൽ ഇവർ ചികിത്സിക്കുന്നു. നൂറ് കണക്കിന് പേരാണ് ഇവരുടെ അടുത്ത് ചികിത്സയ്ക്കായി എത്തുന്നത്.

സ്ത്രീകൾ ആദ്യം കുടുംബത്തെ ഓർത്താണ് സങ്കടപ്പെടുന്നതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

സ്തനാർബുദത്തെക്കുറിച്ച് പുറത്ത് പറയാൻ പലരും മടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇവിടെ ഇവർക്ക് യാതൊരു സഹായവും കിട്ടില്ലെന്നത് കൊണ്ട് തന്നെയാണ് അതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ഭാഗമായത് കൊണ്ട് തന്നെ പല സ്ത്രീകളും അവരുടെ ഭർത്താക്കൻമാരും പുരുഷ ഡോക്ടറുടെ മുന്നിൽ പരിശോധനയ്ക്ക് എത്താനും മടിക്കുന്നുണ്ട്.

ഇതിന് പുറമെ പാകിസ്ഥാന്‍ പോലൊരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ യാതൊരു പരിഗണനയും കിട്ടുന്നില്ലെന്നതും യാഥാർഥ്യമാണ്. പലര്‍ക്കും പുരുഷൻമാരുടെ സഹായമില്ലാതെ ചികിത്സ തേടാനാകില്ല. പലപ്പോഴും ഇത്തരം രോഗങ്ങൾക്ക് ചികിത്സ വേണമെങ്കിൽ വലിയ നഗരങ്ങളിലേക്ക് പോകേണ്ടതുമുണ്ട്. ഇതിലൊരു സാമ്പത്തിക ഘടകം കൂടിയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഒരു സ്ത്രീക്ക് ചികിത്സ തേടി മറ്റൊരു നഗരത്തിലേക്ക് പോകേണ്ടി വരികയാണെങ്കിൽ കുടുംബം മുഴുവനും അവൾക്കൊപ്പം പോകേണ്ടി വരും. പുരുഷൻമാർ പലപ്പോഴും ജോലിയിൽ നിന്ന് അവധി എടുത്ത് പോകാൻ നിർബന്ധിതരാകും. ഇത് ചെലവ് വർധിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഗ്രാമീണ മേഖലയിലുള്ള സ്ത്രീകൾ പലപ്പോഴും ചികിത്സ വേണ്ടെന്ന് വയ്ക്കും.

മാസങ്ങൾക്ക് മുമ്പ് സ്തനത്തിലുണ്ടായ ഒരു മുഴ സോബിയ എന്ന ഇരുപതുകാരി നീക്കം ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം അർബുദം മൂലം ഇവളുടെ പിതാവ് മരിച്ചതിനെ തുടർന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരികയും പഠനം ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. ഇപ്പോൾ ചികിത്സയ്ക്കുള്ള യാത്രകൾ എല്ലാം തനിച്ചാണ്. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഇവൾക്ക് അസുഖമുള്ളതായി അറിയില്ല. നഗരത്തിൽ വിവാഹ ഷോപ്പിംഗിന് എന്ന് പറഞ്ഞാണ് ഇവൾ വീട്ടിൽ നിന്ന് വരുന്നത്.

ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് ഇത്തരം രോഗ കാരണം മൂലം വിവാഹാലോചനകൾ വരാറില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ആദ്യം രോഗത്തിന്റെ സമ്മർദ്ദവും പിന്നീട് വിവാഹാലോചനകൾ ഇല്ലാതാകുന്നതിന്റെയും സമ്മര്‍ദ്ദം പെൺകുട്ടികൾ നേരിടേണ്ടി വരുന്നു.

പത്ത് വർഷമായി സിൽവത് സഫർ ചികിത്സ പൂർത്തിയാക്കിയിട്ട്. ഇപ്പോൾ ഇവർ സ്കൂൾ അധ്യാപികയായി ജോലി ചെയ്യുന്നുമുണ്ട്. എന്നിട്ടും വിവാഹാലോചനകൾക്ക് രോഗം ഇപ്പോഴും തടസമായി നിൽക്കുകയാണ്. നിരവധി വിവാഹാലോചനകള്‍ വരുന്നുണ്ട്. എന്നാൽ അർബുദമുണ്ടായിരുന്നെന്ന് അറിയുമ്പോൾ എല്ലാവരും പിൻമാറുകയാണെന്നും അവർ വ്യക്തമാക്കുന്നു.

ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമാണ്. പാകിസ്ഥാനിൽ പിങ്ക് റിബൺ ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകൾ നിരവധി പ്രചരണങ്ങൾ നടത്തുന്നുണ്ട്. പല സർക്കാർ കെട്ടിടങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പിങ്ക് നിറത്തിലുള്ള വൈദ്യുത ബൾബുകൾ കൊണ്ട് അലങ്കരിച്ച് കഴിഞ്ഞു. പതിനഞ്ച് വർഷം മുമ്പാണ് പിങ്ക് റിബൺ രൂപീകരിച്ചത്. എങ്കിലും സ്താനാർബുദത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാനായത് അടുത്തിടെ മാത്രമാണ്.

കൗമാരക്കാരായ പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇവരുടെ പ്രവർത്തനം. രാജ്യമെമ്പാടുമുള്ള 200 കോളജുകൾ ഇവർ സന്ദർശിക്കുന്നു. സ്താനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വയം പരിശോധനയെക്കുറിച്ചും അവരെ ബോധവൽക്കരിക്കുന്നു. ഈ പെൺകുട്ടികളിലൂടെ മുതിർന്ന സ്ത്രീകളിലേക്ക് തങ്ങളുടെ ആശയങ്ങൾ എത്തിക്കാനാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവച്ചു.

ചെറുപ്പക്കാരിലാണ് സ്തനാർബുദം കൂടുതലായി കണ്ട് വരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. കൗമാരക്കാർ പോലും ചികിത്സ തേടി എത്തുന്നുണ്ട്.

ഭക്ഷണത്തിലെ പോരായ്മകളും പാരമ്പര്യവും ഒക്കെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ പ്രത്യേക പരിചരണമില്ലായ്മയും ഇതിന് കാരണമാകുന്നുണ്ട്.

പിങ്ക് ഫൗണ്ടേഷന് ലാഹോറിൽ ഒരു സ്താനാർബുദ ആശുപത്രി നിർമാണത്തിനുള്ള പദ്ധതിയുണ്ട്. മുഴുവൻ ജീവനക്കാരും സ്ത്രീകൾ എന്നാണ് ഉദ്ദേശിക്കുന്നത്. 2020 ഏപ്രിലോടെ ഈ സംരംഭം യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

സ്താനാർബുദത്തോടുള്ള മനോഭാവം മാറ്റിയെടുക്കുക എന്നാണ് എല്ലാ പ്രവർത്തനത്തിന്റെയും ലക്ഷ്യം. ഇതൊരു മറച്ച് വയ്ക്കപ്പെടേണ്ട ഒന്നല്ലെന്ന യാഥാർഥ്യം ഇവിടുത്തെ പുരുഷൻമാരെക്കൂടി ബോധ്യപ്പെടുത്തലാണ് തങ്ങളുടെ ലക്ഷ്യമെന്നും പിങ്ക് റിബൺ പ്രവർത്തകർ പറയുന്നു. സ്വന്തം ഭാര്യമാരെയും പെൺമക്കളെയും സഹോദരിമാരെയും അമ്മമാരെയും പരിശോധനയ്ക്ക് പ്രോത്സാഹിപ്പിക്കേണ്ടത് പുരുഷൻമാർ തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ഡോ. മജീദ് പറയുന്നു.