June 26, 2022 Sunday

ബ്രിട്ടന് ഇന്ന് സ്വാതന്ത്ര്യപുലരി

By Janayugom Webdesk
February 1, 2020

ഇന്ന് ബ്രിട്ടന് പുതുപുലരി. മൂന്നരവർഷം,മാറി മാറി വന്ന മൂന്ന് പ്രധാനമന്ത്രിമാർ, കലുഷിതമായ രാഷ്ട്രീയം ഇതിനെല്ലാം അവസാനമിട്ട് ബ്രിട്ടൻ സ്വാതന്ത്ര്യപുലരിയിലേക്ക് കാലെടുത്തുവെച്ചു. 47 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഇന്നലെ രാത്രി 11.01 ന് ബ്രിട്ടൻ ഔദ്യോഗികമായി യൂറോപ്യൻ യൂണിയനോടു വിടപറഞ്ഞു. രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതോടെ ബ്രക്സിറ്റിന് ഔദ്യോഗിക വിളംബരമാകും. ഇന്നുമുതൽ 2021 ജനുവരി വരെയുള്ള ഒരു വർഷക്കാലം പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്). അതിനാൽ പെട്ടെന്ന് പ്രത്യക്ഷത്തിലുള്ള മാറ്റങ്ങൾ ഇരുപക്ഷത്തെയും പൗരന്മാരെ ബാധിക്കില്ല. ഇക്കാലയളവിൽ ഇരുകൂട്ടരും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ചർച്ചചെയ്ത് തീരുമാനിക്കും.

രാജ്യത്ത് ബ്രക്സിറ്റിനെ അനുകൂലിച്ചും എതിർത്തുമുള്ള പ്രകടനങ്ങൾ നടക്കുന്നുണ്ട്. ബ്രക്സിറ്റ് സ്മരണാർഥം തയാറാക്കിയ പുതിയ 30 ലക്ഷത്തോളം 50 പെൻസ് നാണയങ്ങൾ ഇന്ന് വിപണിയിലിറങ്ങും. ‘പീസ്, പ്രോസ്പിരിറ്റി ആൻഡ് ഫ്രണ്ട്ഷിപ്പ് വിത്ത് ഓൾ നേഷൻസ്’ എന്ന് നാണയങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. നേരത്തെ ബ്രിട്ടിഷ് പാർലമെന്റും കഴിഞ്ഞദിവസം യൂറോപ്യൻ പാർലമെന്റും അംഗീകരിച്ച ബ്രക്സിറ്റ് ഡിവോഴ്സ് ബില്ലിലെ (വേർപിരിയൽ കരാർ) വ്യവസ്ഥകൾ അനുസരിച്ചാകും ഇനി ഇരുപക്ഷവും തമ്മിലുള്ള ഭാവി ബന്ധങ്ങളും സഹകരണവും. 2016 ജൂൺ 23നാണ് യൂറോപ്യൻ യൂണിയന്റെ ഭാഗമായി നിലനിൽക്കണമോ വേണ്ടെയോ എന്നു തീരുമാനിക്കാൻ ബ്രക്സിറ്റ് ഹിതപരിശോധന നടന്നത്. ഇതിൽ 51.89% പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

48.11% വോട്ടർമാർ ഇതിനെ എതിർക്കുകയും ചെയ്തു. ബ്രക്സിറ്റിനെ എതിർത്ത അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു. പകരക്കാരിയായി എത്തിയ തെരേസ മേയ് ഉടൻ തന്നെ പൊതു തിരഞ്ഞെടുപ്പിലൂടെ ശക്തി തെളിയിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം നേടാൻ കഴിയാതെ പോയതോടെ മെയും രാജിവെച്ചു. തുടർന്ന് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലൂടെ ശക്തമായി തിരിച്ചുവന്നാണ് ബ്രക്സിറ്റ് നടപ്പാക്കുന്നത്. ബ്രക്സിറ്റിന് ശേഷം ബ്രിട്ടൻ നേരിടാൻ പോകുന്ന പ്രതിസന്ധികളും പ്രയാസങ്ങളും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ചർച്ചാവിഷയമാകുന്നുണ്ട്.

 

Eng­lish Sum­ma­ry: Brex­it: Britain leaves Euro­pean Union

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.