മണല്‍ ലോറിക്കാരുടെ കൈയില്‍നിന്ന് കൈക്കൂലി: എസ്‌ഐ ഉള്‍പെടെ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Web Desk
Posted on July 06, 2018, 10:14 pm

കാസര്‍ഗോഡ്: കര്‍ണാടകയില്‍ നിന്നും കാസര്‍കോട് വഴി രേഖകള്‍ പ്രകാരം മണല്‍ കൊണ്ടുവരുന്ന ലോറി ഡ്രൈവര്‍മാരില്‍ നിന്നും വഴിനീളെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കാസര്‍ഗോഡ് കണ്‍ട്രോള്‍ റൂം എസ്‌ഐ എം വി ചന്ദ്രന്‍, കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ ഫ്ളൈയിംഗ് സ്‌ക്വാഡില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ പി മോഹനന്‍, കാസര്‍ഗോഡ് ട്രാഫിക്ക് എഎസ്‌ഐ ആനന്ദ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ  ശ്രീനിവാസ് പറഞ്ഞു. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ന്യൂസ് ചാനല്‍ പുറത്തുവിട്ടതോടെയാണ് നടപടിയെടുത്തത്. ഒരു ദിവസം കര്‍ണാടകയില്‍ നിന്നും 40 ലോഡ് മണല്‍ കടന്നുപോകുന്നുണ്ടെന്നാണ് വിവരം. മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെയുള്ള സ്ഥലങ്ങളിലെല്ലാം പോലീസിന്റെയും എക്സൈസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കേന്ദ്രങ്ങളിലെല്ലാം കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന വാര്‍ത്തയാണ് ചാനല്‍ പുറത്തുവിട്ടത്. ഒരുദിവസം മൂന്നുലക്ഷത്തിലധികം രൂപയുടെ കൈക്കൂലിയാണ് കാസര്‍ഗോട്ടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നതെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ സഞ്ചരിക്കുന്ന മണല്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് വണ്ടിയൊന്നിന് 7500 രൂപ നല്‍കുന്നുണ്ടെന്നാണ് ചാനലിന്റെ ഒളിക്യാമറ ദൃശ്യത്തില്‍ നിന്നും വ്യക്തമായത്.

യാതൊരു പരിശോധനയും കൂടാതെയാണ് കൈക്കൂലി വാങ്ങി ലോറികളെ കടത്തിവിടുന്നത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ രേഖകളെല്ലാമുള്ള ലോറികള്‍ പോലും മൂന്നു മാസം വരെ പോലീസ് സ്റ്റേഷനിലും എക്സൈസിലും പിടിച്ചുവെക്കുകയും ലോറി തന്നെ നശിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. 500 രൂപ കൈമടക്കാണ് എല്ലായിടത്തു നിന്നും വാങ്ങുന്നത്. ഫ്ളൈയിംഗ് സ്‌ക്വാഡ് മുതലുള്ള പോലീസുകാര്‍ക്കെല്ലാം കൈക്കൂലി നല്‍കേണ്ടിവരുന്ന ദുരവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയോട് നടപടി ആവശ്യപ്പെട്ടതോടെയാണ് ഇതേകുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് ചീഫ് മൂന്നു പേരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.കൂടുതല്‍ അന്വേഷണം നടത്താന്‍ കാസര്‍ഗോഡ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജ്യോതികുമാറിനെ ചുമതലപ്പെടുത്തി.