ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ അഴിമതി കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിവര ശേഖരണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘം കൊച്ചിയിലെ ഇഡി ഓഫിസിലെത്തി നോട്ടീസ് നല്‍കി. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരായ ഇഡി കേസ് ഒതുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആവശ്യപ്പെട്ടെന്ന വിജിലന്‍സ് കേസിലെ പരാതിക്കാരനെതിരെ ഇഡി നേരത്തെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസിന്റെ വിശദാംശങ്ങള്‍ ലഭിക്കാനാണ് നോട്ടീസ് നല്‍കിയതെന്ന് വിജിലന്‍സ് എസ്‌പി എസ് ശശിധരന്‍ വ്യക്തമാക്കി. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസ്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇഡി ഓഫിസില്‍ നേരിട്ടെത്തുന്നത്. എട്ട് ഉദ്യോഗസ്ഥരാണ് ഓഫിസിലെത്തി നോട്ടീസ് നല്‍കിയത്.
ശേഖര്‍ കുമാര്‍ കേസ് അന്വേഷിച്ചപ്പോഴുള്ള വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ ഇ‑മെയില്‍ മുഖേന നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടി നല്‍കാതെ ഇഡി വൈകിപ്പിച്ചതോടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയത്. തട്ടിപ്പ് പണം വാങ്ങുന്നതിനിടെ പിടിയിലായ വില്‍സനാണ് രണ്ടാം പ്രതി. ഇയാളുടെ മൊഴിയില്‍ ശേഖര്‍ കുമാറിനെതിരെ പരാമര്‍ശമുണ്ട്. ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സനും വ്യാപക തട്ടിപ്പ് നടത്തിയെന്നും ഇരുവരും മറ്റു കേസുകളിലും ഗൂഢാലോചന നടത്തിയെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. തമ്മനം സ്വദേശിയാണ് വില്‍സണ്‍. രണ്ട് കോടി നല്‍കിയാല്‍ ഇഡി കേസില്‍ നിന്ന് ഒഴിവാക്കാമെന്നായിരുന്നു കൊല്ലത്തെ കശുവണ്ടി വ്യാപാരിക്ക് നല്‍കിയ വാദ്ഗാനം. 50 ലക്ഷം രൂപ നാല് തവണയായി കേരളത്തിന് പുറത്തുള്ള കമ്പനിയുടെ അക്കൗണ്ടിലേക്ക് ഇടണമെന്നും ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായി നല്‍കണമെന്നും പറഞ്ഞു. വ്യാപാരി ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
പനമ്പിള്ളി നഗറില്‍ വച്ച് പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം വില്‍സണെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വര്‍ഷങ്ങളായി കൊച്ചിയില്‍ താമസമാക്കിയ രാജസ്ഥാന്‍ സ്വദേശി മുരളിക്കും പങ്കുണ്ടെന്ന് അറിയുന്നത്. കൊല്ലത്തെ വ്യാപാരിക്കതിരെ ഇഡി കേസുള്ള കാര്യം എങ്ങനെ ഇവര്‍ അറിഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.