March 22, 2023 Wednesday

Related news

March 20, 2023
March 18, 2023
February 22, 2023
February 22, 2023
February 18, 2023
February 10, 2023
February 6, 2023
February 1, 2023
February 1, 2023
January 30, 2023

ഹൈക്കോടതിയിലെ കോഴ: അഭിഭാഷകന്‍ ഇടപെട്ട കേസില്‍ വീണ്ടും പരാതി

Janayugom Webdesk
കൊച്ചി
January 30, 2023 10:51 pm

ജഡ്ജിക്ക് കോഴ കൊടുക്കാനെന്ന പേരില്‍ കക്ഷിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആരോപണ വിധേയനായ അഭിഭാഷകനെതിരെ വേറെയും പരാതി. അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹാജരായ മറ്റൊരു കേസില്‍ അന്ന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം കോടതി തിരിച്ചുവിളിച്ചിരുന്നു. ഇതിനു പിന്നാലെ ഈ സംഭവത്തിലും അഭിഭാഷകന്‍ അട്ടിമറി നടത്തിയതായി സംശയമുണ്ടെന്നാരോപിച്ച് ഈ കേസിലെ പരാതിക്കാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി നല്‍കി. ഹൈക്കോടതി രജിസ്ട്രിയിൽ നിയമലംഘനം നടന്നുവെന്നാണ് ആക്ഷേപം. പ്രോസിക്യൂട്ടർമാർ ഒത്തുകളിച്ചുവെന്നും ആരോപണമുന്നയിക്കുന്നുണ്ട്. 

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസിന്റെ പട്ടിക മറികടന്ന് മറ്റൊരു ബെഞ്ച് മുൻകൂർ ജാമ്യ ഹർജി കേട്ടത് സംശയകരമാണ്. നിയമപ്രകാരം അപ്പീലായി മാത്രം ഫയൽ ചെയ്യേണ്ട ജാമ്യ ഹർജി നേരെ വാദത്തിനെടുത്തതിലും ദുരൂഹതയുണ്ട്. ഉദ്യോഗസ്ഥരും ജാമ്യമാഫിയയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.
റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവർ അഡ്വ. സൈബി ജോസ് കിടങ്ങൂർ മുഖേന നൽകിയ ഹർജിയിൽ 2022 ഏപ്രിൽ 29 നു മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവാണ് സിംഗിൾബെഞ്ച് തിരിച്ചു വിളിച്ചിട്ടുള്ളത്. 

2021 ഒക്ടോബർ 21ന് പ്രതികൾ പത്തനംതിട്ട പ്ലാച്ചേരി സ്വദേശി ടി ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തി റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹർജി നൽകി. എന്നാൽ പരാതിക്കാരനായ ബാബുവിനെ കക്ഷി ചേർത്തിരുന്നില്ല.
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരം ഇത്തരം ഹർജികളിൽ പരാതിക്കാരനു നോട്ടീസ് നൽകി കേൾക്കേണ്ടതുണ്ട്. 

തുടർന്ന് ബാബുവിനെ കക്ഷി ചേർക്കാനും നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് ഉത്തരവിട്ടു. റാന്നി പൊലീസിന് നോട്ടീസ് നൽകിയശേഷം ഹർജി പരിഗണിക്കാനും മാറ്റി. തുടർന്ന് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഹർജി 2022 മേയ് 20 നു പരിഗണിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. എന്നാൽ 2022 ഏപ്രിൽ 29ന് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹർജി തീർപ്പാക്കി. തനിക്കു നോട്ടീസ് നൽകാതെയും വാദം കേൾക്കാതെയും നൽകിയ ഉത്തരവ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് ഇപ്പോൾ തിരിച്ചു വിളിച്ചത്.

Eng­lish Sum­ma­ry: Bribery in High Court: Com­plaint again in the case involv­ing lawyer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.