Web Desk

January 22, 2020, 11:24 am

വിവാഹത്തിന്‌ ദിവസങ്ങൾ ശേഷിക്കേ വരന്റെ അച്ഛനും വധുവിന്റെ അമ്മയും ഒളിച്ചോടി, കാരണം ഇതാണ്‌

Janayugom Online

അഹമ്മദാബാദ്: അസാധാരണ കാരണം കൊണ്ട്‌ ഒരു വിവാഹം മുടങ്ങുക. അതും വരന്റെയും വധുവിന്റെയും രക്ഷിതാക്കൾ ഒപ്പിച്ച പണികൊണ്ട്‌. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വരനും വധുവും പരസ്പരം സ്‌നേഹിച്ച് ഒരുവര്‍ഷമായി കല്യാണത്തിനായി തയ്യാറെടുപ്പുകള്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ്‌ ഭീകര ട്വിസ്റ്റ്‌ അരങ്ങേറിയത്‌. വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി. ഇതോടെ യുവ പ്രണയിതാക്കളുടെ വിവാഹവും മുടങ്ങിയിരിക്കുകയാണ്‌.

വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലില്‍ കലാശിച്ചത്. വരന്റെ അച്ഛന്‍ ടെക്‌സ്റ്റയില്‍സ് ബിസിനസ്സുകാരനാണ്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗവുമാണ് ഇദ്ദേഹം. വധുവിന്റെ അമ്മയും ബിസിനസ്സുകാരനും തമ്മില്‍ ചെറുപ്പ കാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇതോടെ വെട്ടിലായിരിക്കുന്നത്‌ വരനും വധുവും ആണ്‌. ഇവരുടെ വിവാഹ സ്വപ്‌നങ്ങള്‍ ഏതാണ്ട്‌ തകർന്ന നിലയിൽ ആയിട്ടുണ്ട്‌. വാര്‍ത്തയറിഞ്ഞ് നാടാകെ ഞെട്ടിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരെയും വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. അച്ഛനെയും അമ്മയെയും കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. തുടർ നടപടികൾക്ക്‌ ശേഷമേ ഇവരുടെ വിവാഹ കാര്യത്തിൽ പോലും തീരുമാനം ഉണ്ടാകൂ എന്നാണ്‌ റിപ്പോർട്ടുകൾ. എന്തായാലും ഇത്തരത്തിൽ അത്യപൂർവ്വമായ ഒരു സംഭവം ആദ്യമായിട്ടാണ്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌.

You may also like this video