പാലം അഴിമതിയില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം: ഹൈക്കോടതി

Web Desk
Posted on October 09, 2019, 10:33 pm

കൊച്ചി: സാമ്പത്തിക ലാഭത്തിനുവേണ്ടി നിര്‍മ്മാണത്തിന്റെ ഗുണമേന്മയില്‍ ഗുരുതരമായ വിട്ടുവീഴ്ച്ചകള്‍ വരുത്തിയതായി രേഖകളില്‍ നിന്നും പ്രഥമദൃഷ്ട്യാ മനസിലാക്കാനായെന്ന് പാലാരിവട്ടം അഴിമതിയില്‍ ഹൈക്കോടതി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെ മൂന്നു പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി.

പാലാരിവട്ടം ജംങ്ഷനിലെ കടുത്ത ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിനായി തീരുമാനിച്ചത്. ഫ്‌ളൈ ഓവര്‍ കേവലം എന്‍എച്ച് 66 ദേശീയ പാതയുടെ ഭാഗം മാത്രമല്ല, മറിച്ച് വലിയ തിരക്കേറിയ കൊച്ചി നഗരത്തിലേയ്ക്കുള്ള ബൈപ്പാസ് കൂടിയാണ്. മറ്റ് മൂന്ന് പ്രധാന ദേശീയ പാതയേയും ഈ ദേശീയപാത ബന്ധിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍, കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇടം കൂടിയാണിത്. യാത്രയ്ക്കായി തുറന്നുകൊടുത്തതിന് പിന്നാലെ, പാലം തകര്‍ന്നത് പൊതുജനത്തിന്റെ ജീവനും സുരക്ഷയ്ക്കും വലിയ ആശങ്കയാണുണ്ടാക്കിയത്. വളരെ വിപുലവും ആഴത്തിലുമുള്ള ഗൂഢാലോചനയാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് കേവലം മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും കോടതി പരാമര്‍ശിച്ചു.