Tuesday
26 Mar 2019

ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയും സ്വകാര്യവല്‍ക്കരിക്കാന്‍ മോഡി 

By: Web Desk | Friday 3 November 2017 6:16 PM IST


കൊച്ചി:

ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നിര്‍മ്മാണരംഗത്തു തനതായ വിജയഗാഥ രചിച്ച ഒരു പൊതുമേഖല സ്ഥാപനം കൂടി മോഡി സര്‍ക്കാര്‍ സ്വകാര്യ കുത്തകകള്‍ക്കായി വിറ്റു തുലയ്ക്കുന്നു .എന്നാല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുന്നതെന്തിനെന്ന ചോദ്യത്തിന് നീതി ആയോഗിന് മറുപടിയില്ല. കേന്ദ്ര ഘനവ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കാനുള്ള നടപടി  നീതി ആയോഗ്  തുടങ്ങി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 137 കേന്ദ്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സ്വകാര്യവത്ക്കരിക്കാന്‍ നീക്കം നടത്തുന്നത്. ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള ശ്രമങ്ങളും നീതി ആയോഗ് നടത്തുന്നുണ്ട്.

എല്‍ ആന്‍ഡ് ടി അടക്കമുള്ള കുത്തകകളോട് മത്സരിച്ചാണ് കമ്പനി സിവില്‍, മെക്കാനിക്കല്‍ കരാറുകള്‍ നേടുന്നതെന്നാണ് വില്‍ക്കാനുള്ള കാരണമായി പറയുന്നതെന്ന്   ജീവനക്കാര്‍ വ്യക്തമാക്കി. കൊച്ചി റിഫൈനറിയുടെ വികസന പദ്ധതിയില്‍ 600 കോടി രൂപയുടെ പദ്ധതി റെക്കോര്‍ഡ് സമയത്തിലാണ് ചെയ്ത് തീര്‍ത്തത്. ഇപ്പോള്‍ 103 കോടി രൂപയുടെ പദ്ധതി റിഫൈനറിയില്‍ ഏറ്റെടുത്തിട്ടുണ്ട് .മൂവായിരത്തിലധികം താല്‍ക്കാലിക ജീവനക്കാരാണ് കൊച്ചി പദ്ധതിയില്‍ ഉണ്ടായിരുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. 1330 സ്ഥിരം ജീവനക്കാരും അമ്പതിനായിരത്തോളം കരാര്‍ തൊഴിലാളികളുമാണ് ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയ്ക്ക് കീഴില്‍ ജോലി ചെയ്യുന്നത്. കൊച്ചിയടക്കമുള്ള കേന്ദ്രങ്ങളിലെ തൊഴിലാളികള്‍ സ്വകാര്യവത്കരണ നീക്കത്തിനെതിരെ ശക്തമായ നിലപാടുകളുമായി സമരമുഖത്താണ്.

കേന്ദ്രസര്‍ക്കാരില്‍ നിന്നും ബജറ്റ് വിഹിതം കൈപ്പറ്റാതെ തന്നെ കഴിഞ്ഞ പത്ത് വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബ്രിഡ്ജ് ആന്‍ഡ് റൂഫ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളാണ് കമ്പനി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1747 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. 2015 16 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരുമായുള്ള ധാരണാ പാത്രത്തില്‍ ഏറ്റവും മികച്ച കമ്പനി എന്നാണ് ബ്രിഡ്ജ് ആന്‍ഡ് റൂഫിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ എണ്ണ, ഊര്‍ജ, വാതക, സ്റ്റീല്‍ മേഖലകളില്‍ നിര്‍ണായക പങ്കാണ് ബ്രിഡ്ജസ് ആന്‍ഡ് റൂഫ് കമ്പനി വഹിക്കുന്നത്. താഴ്ന്ന വരുമാനക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കുന്നത് പോലെയുള്ള അടിസ്ഥാന സൗകര്യ വികസന മേഖലയിലും കമ്പനി സജീവമാണ്. നിലവില്‍ അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, ആസാം തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായകമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനി നടത്തി വരുന്നു. ബെയ്‌ലി പാലങ്ങളുടെ നിര്‍മ്മാണത്തില്‍ കമ്പനിക്കു ള്ള മികവ് അധിക്രതര്‍ അംഗീകരിച്ചിട്ടുള്ളതാണ് .

ഹൗറ പാലം, ലക്‌നൗ റയില്‍വേ സ്‌റ്റേഷന്‍, ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്റിലെ ആദ്യ ബര്‍ണസ്, ബറോണിയിലെ ആദ്യ ഓയില്‍ റിഫൈനറി, കൊല്‍ക്കത്ത എയര്‍ പോര്‍ട്ട് ടെര്‍മിനല്‍, കൊല്‍ക്കത്ത സയന്‍സ് സിറ്റി, സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം, വിശാഖ് പോര്‍ട്ട് ട്രസ്റ്റ് സ്‌റ്റേഡിയം തുടങ്ങിയവ ബ്രിഡ്ജ് ആന്‍ഡ് റൂഫ് കമ്പനിയുടെ നിര്‍മാണ വൈദഗ്ധ്യത്തിന് ഉദാഹരണങ്ങളാണ്.

പുതുവൈപ്പിലെ ക്രൂഡ് ഓയില്‍ സ്‌റ്റോറേജ് ടാങ്കുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കമ്പനി പങ്കാളിയായിട്ടുണ്ട്. സിവില്‍, മെക്കാനിക്കല്‍ നിര്‍മാണ മേഖലയില്‍ എല്‍ ആന്‍ഡ് ടി ഉള്‍പ്പെടെയുള്ളവരോട് മത്സരിച്ചു നിന്നാണ് ഈ പൊതുമേഖലാ സ്ഥാപനം നേട്ടങ്ങള്‍ കൈവരിച്ചത്.

സ്വകാര്യവത്കരണ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം ബി പി സി എല്‍ കൊച്ചി റിഫൈനറിക്ക് സമീപം തൊഴിലാളികളും ജീവനക്കാരും നിശബ്ദ മനുഷ്യ ചങ്ങല തീര്‍ത്ത് പ്രതിരോധിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. അടുത്ത പാര്‍ലമെന്റ് സെഷനില്‍ ജനപ്രതിനിധികള്‍ സര്‍ക്കാരിന് മുന്നില്‍ സ്വകാര്യവത്കരണത്തിനെതിരെ ശബ്ദമുയര്‍ത്തുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. ഇന്ത്യയുടെ സ്വത്തുക്കള്‍ വില്പന നടത്തുന്ന നടപടിക്കെതിരെ തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തുവരുമെന്ന പ്രതീക്ഷയും ജീവനക്കാര്‍ക്കുണ്ട് .

Related News