പാക് വിദേശകാര്യമന്ത്രി കശ്മീര്‍ വിഷയത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളെ ധരിപ്പിച്ചു

Web Desk
Posted on August 28, 2019, 12:19 pm

ഇസ്‌ലാമാബാദ്: പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി അഞ്ചംഗ ബ്രിട്ടീഷ് എംപിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ കശ്മീരില്‍ നടത്തിയ അനധികൃത കൃത്യങ്ങളെക്കുറിച്ച് ഖുറേഷി ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളെ ധരിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാക് അധീന കശ്മീരിലെ പ്രസിഡന്റ് മസൂദ് ഖാനുമായും ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.
ഐക്യരാഷ്ട്രസഭ വിഷയം ചര്‍ച്ച ചെയ്തത് കൊണ്ട് തന്നെ ഇതൊരു രാജ്യാന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് ഖുറേഷി ചൂണ്ടിക്കാട്ടി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു ആഭ്യന്തര വിഷയം മാത്രമാണെന്നും പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കണമെന്നുമാണ് ഇന്ത്യ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ നടപടി ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പാകിസ്ഥാന്റെ നിലപാട്. കശ്മീരികളുടെ ആഗ്രഹപ്രകാരവും ഐക്യരാഷ്ട്രസഭ പ്രമേയ പ്രകാരവും തര്‍ക്കം പരിഹരിക്കണമെന്നാണ് പാക് നിലപാട്. ബ്രിട്ടീഷ് സംഘം പ്രസിഡന്റ് ആരിഫ് അല്‍വിയുമായും കൂടിക്കാഴ്ച നടത്തി.