നീരവ് മോഡിക്കെതിരായ നടപടികള്‍ ബ്രിട്ടന്‍ നിര്‍ത്തിവച്ചു

Web Desk
Posted on March 12, 2019, 10:58 pm

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായ നീരവ് മോഡിക്കെതിരായ നടപടികള്‍ ബ്രിട്ടന്‍ നിര്‍ത്തിവച്ചു. മോഡിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന ആവശ്യം ഇന്ത്യ അവഗണിച്ചതോടെയാണ് ബ്രിട്ടന്റെ നടപടി.
ഗുരുതര തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഓഫീസ് മൂന്ന് തവണയാണ് പിടികിട്ടാപ്പുള്ളി നീരവ് മോഡിയുടെ വിവരങ്ങള്‍ ആരാഞ്ഞ് ഇന്ത്യക്ക് കത്തയച്ചത്. ഈ മൂന്ന് കത്തുകള്‍ക്കും ഇന്ത്യ മറുപടി നല്‍കിയില്ല. ഇതിന് പുറമേ നീരവ് മോഡിയെ അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവ് ശേഖരാണര്‍ഥം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ബ്രിട്ടന്‍ സംഘത്തിന്റെ താത്പര്യത്തോടും ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ഇതോടെയാണ് നീരവ് മോഡിക്കെതിരായ കേസില്‍ ബ്രിട്ടന്‍ തുടര്‍നടപടികള്‍ നിര്‍ത്തിവച്ചത്.
നീരവ് മോഡി പുതിയ വജ്ര വ്യവസായം തുടങ്ങിയ വിവരം ടെലഗ്രാഫ് പത്രം കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. എന്നാല്‍ നാടുകടത്താനുള്ള ഇന്ത്യയുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയം ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിക്ക് കൈമാറിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെയും നാടുകടത്തല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള ബ്രിട്ടന്റെ അപേക്ഷയോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കാതിരുന്നത് നടപടികള്‍ക്ക് തടസ്സമാകുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഇതിനിടെ രാഷ്ട്രീയ അഭയം ഉറപ്പുവരുത്താനും നാടുകടത്തല്‍ നടപടി റദ്ദാക്കാനുമായി നീരവ് മോഡി നിയമജ്ഞരുടെ സഹായം തേടിയതായാണ് വിവരം. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ആവശ്യമായ രേഖകള്‍ ബ്രിട്ടന് നല്‍കാതിരുന്നത് മൂലം നീരവ് മോഡിക്കെതിരായ നീക്കം തടസ്സപ്പെടുന്നത്.