Thursday
21 Mar 2019

ആനമതില്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം: ജനം ഭീതിയില്‍

By: Web Desk | Friday 12 January 2018 7:41 PM IST


ഇരിട്ടി: ആനമതില്‍ തകര്‍ത്ത് ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും കാട്ടാനക്കൂട്ടം ആദിവാസി പുനരധിവാസ മേഖലയിലേക്ക് കടന്നതോടെ ആറളം ഫാമില്‍ ആദിവാസികള്‍ ഉള്‍പ്പെടെ ജനം ഭീതിയിലായി. പുനരധിവാസ മേഖലയും വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ഫാം ഒമ്പതാം ബ്ലോക്ക് വളയം ചാലിനടുത്ത് ആനമുക്കിലാണ് രണ്ട് മീറ്ററോളം പൊക്കത്തില്‍ കെട്ടിയ ആനമതില്‍ കാട്ടാനക്കൂട്ടം തകര്‍ത്തത്. ആദിവാസികളുടെ വീട്ടുമുറ്റത്തു കൂടിയാണ് ആനക്കൂട്ടം കടന്നുപോയത്. വന്യജീവി സങ്കേതത്തില്‍ നിന്നും അഞ്ചോളം ആനകള്‍ ജനവാസ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെയാണ് മതില്‍ തകര്‍ത്തതെന്ന് സംശയിക്കുന്നു. പത്ത് മീറ്ററോളം നീളത്തില്‍ മതിലിന്റെ പകുതിയിലധികം ഭാഗം തകര്‍ത്താണ് ആനക്കൂട്ടം എത്തിയത്. നേരത്തെ മതിലിനുമുകളില്‍ മരം തള്ളിയിട്ടും മറ്റും ആനക്കൂട്ടം മതില്‍ കട് എത്തിയിരുന്നു. ആനമുക്ക് ഭാഗത്ത് നേരത്തെ ആനമതില്‍ ചെറിയ ഭാഗങ്ങളില്‍ തകര്‍ത്തിരുന്നു. തകര്‍ന്ന ഭാഗങ്ങള്‍ അപ്പപ്പോള്‍ തന്നെ വനം വകുപ്പ് പുനര്‍നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
ആറളം ഫാമിന്റെ അധീനതയിലും പുനരധിവാസ മേഖലയിലെ കാടുമൂടിയ പ്രദേശത്തും ഒന്ന് രണ്ട് ആനകള്‍ നേരത്തെ താവളമാക്കിയിരുന്നു. ഇതിനു പുറമെയാണ് വനത്തില്‍ നിന്നും കൂടുതല്‍ എണ്ണം ജനവാസ മേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്. ഫാമിനകത്തു തെന്നയുള്ള ആന കഴിഞ്ഞ ദിവസം എട്ടാം ബ്ലോക്കില്‍ പത്തോളം തെങ്ങുകള്‍ കുത്തി വീഴ്ച്ചിയിരുന്നു.പുതുതായി ജനവാസ മേഖലയിലേക്ക് കട ആനക്കൂട്ടത്തെ കണ്ടെത്താന്‍ ആറളം ഫാമിലെ തൊഴിലാളികളുടേയും വാച്ചര്‍മാരുടേയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കെ ഫാമിന്റെയും ആദിവാസികളുടേയും കൈവശമുള്ള ഭൂമിയില്‍ കാടുവെട്ടിത്തെളിക്കുന്ന പ്രവ്യത്തി വ്യാപകമായി നടക്കുകയാണ്.നൂറിലധികം തൊഴിലാളികളാണ് ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കാട്ടിനുളളില്‍ സമീപത്തെത്തിയാല്‍ മാത്രമാണ് ആനയെ കാണാന്‍ പറ്റു. അതിനാല്‍ തൊഴിലാളികള്‍ ഭീതിയോടെയാണ് പണിയെടുക്കുന്നത്. ജനവാസ മേഖലയില്‍ കട ആനക്കൂട്ടത്തെ വൈകാതെ വാനത്തിനുള്ളിലേക്ക് തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ അപകടം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് എല്ലാവരും.