കുടുംബങ്ങളുടെ ‘ബ്രദര്‍’

Web Desk
Posted on September 30, 2019, 11:51 am

കച്ചവടസിനിമയുടെ സകല ചേരുവകളും ഇടയ്ക്കും മുറയ്ക്കും വാരിവിതറിയും മേമ്പൊടിയാക്കിയും തയ്യാറാക്കിയ പക്കാ കമേഴ്‌സ്യല്‍ ആക്ഷന്‍ എന്റര്‍ടെയിനറാണ് ‘ബ്രദേഴ്‌സ് ഡേ.’ ഏഴ് കോടി രൂപ ചെലവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ചിത്രമാണ് ‘ബ്രദേഴ്‌സ് ഡെ.’ മിമിക്രി എന്ന ചവിട്ടുപടിയിലൂടെ സിനിമയിലെത്തിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമാണ് ബ്രദേഴ്‌സ് ഡെ. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും ഷാജോണ്‍ തന്നെയാണ്.

കോമഡി, ആക്ഷന്‍ ഡ്രാമ

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിംങ് വിഭാഗത്തില്‍ ജോലിചെയ്യുന്ന ചുറുചുറുക്കുള്ള വളരെ ആകര്‍ഷണീയനായ ചെറുപ്പക്കാരനായിട്ടാണ് പൃഥ്വിരാജിന്റെ നായകവേഷമായ റോണിയുടേത്. റോണിയുടെ സഹപ്രവര്‍ത്തകരും സന്തതസഹചാരികളുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും കോട്ടയം നസീറുമുണ്ട്. ധര്‍മ്മജന്റെയും കോട്ടയം നസീറിന്റെയും പലരംഗങ്ങളും തീയറ്ററില്‍ പൊട്ടിച്ചിരിയുയര്‍ത്താന്‍ പ്രാപ്തമായവയാണ്. ഒരുപാട് കയ്പാര്‍ന്ന അനുഭവങ്ങള്‍ നിറഞ്ഞ ഫഌഷ് ബാക്ക് ഉള്ളില്‍ ഒളിപ്പിച്ച് വച്ചാണ് റോണി ചിരിച്ചുല്ലസിച്ച് നടക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ ചിത്രം വെളിപ്പെടുത്തുന്നു. റോണിക്കൊപ്പം പലപ്പോഴായി നാല് നായികമാരും ഇടതടവില്ലാതെ വന്ന് പോകുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ ജോര്‍ജ്ജ്, മഡോണ സെബാസ്റ്റിയന്‍ എന്നീ ജനപ്രിയ നടിമാരാണ് പൃഥ്വിക്കൊപ്പം നായികമാരായി വരുന്നത്. അതില്‍ പ്രയാഗ മാര്‍ട്ടിനും ഐശ്വര്യ ലക്ഷ്മിയ്ക്കും മാത്രമാണ് ചിത്രത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുവാനുള്ളത്. മഡോണ സെബാസ്റ്റിയനും, മിയക്കും എന്താണ് റോളെന്ന് അവര്‍ക്ക് തന്നെ മനസ്സിലായിട്ടുണ്ടാവില്ല. നായകന്‍ മാത്രമല്ല വന്നുപോകുന്ന മറ്റുപല കഥാപാത്രങ്ങളും ഉള്ളില്‍ പുകയുന്ന തീക്കനല്‍ പേറി നടക്കുന്നതായാണ് ആക്ഷനും ഇമോഷനും സെന്റിമെന്‍സും വഴി സിനിമ പറഞ്ഞുവയ്ക്കുന്നത്.

പാതിയില്‍ മുറിഞ്ഞ കഥ

പൂരക്കളിക്കിറങ്ങിയ പുലികളെപോലെ കുറെ കഥാപാത്രങ്ങളുടെ പരക്കം പാച്ചിലാണ് ‘ബ്രദേഴ്‌സ് ഡെ‘യില്‍ കണ്ടത്. കഷ്ടപ്പാടും അനാഥത്വവും നിറഞ്ഞ ഭീതിതമായ ബാല്യകാലത്തിന്റെ ഫഌഷ്ബാക്കില്‍ തുടങ്ങിയ കഥയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കഥാപാത്രങ്ങള്‍ വന്നുപോവുകയാണ്. പിന്നീട് സൂപ്പര്‍താരങ്ങളുടെ സൂപ്പര്‍ഹിറ്റുകളും ജനപ്രിയങ്ങളുമായ പല മലയാള സിനിമകളിലെയും മുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള മിക്‌സ്ആന്റ് മാച്ച് കളിയാണ് ‘ബ്രദേഴ്‌സ് ഡേ’ പ്രേക്ഷകന് സമ്മാനിക്കുന്നത്. സസ്‌പെന്‍സുകളൊക്കെ നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും വിധം ബഹളം വച്ചാണ് കഥയുടെ ഒഴുക്ക്.

താരങ്ങള്‍ നയിച്ച ചിത്രം

നീണ്ട ഇടവേളക്ക് ശേഷം പൃഥ്വിരാജ് വേഷമിട്ട ആക്ഷന്‍ കോമഡി ചിത്രമാണ് ‘ബ്രദേഴ്‌സ് ഡെ.’ ആക്ഷന്‍ ഹീറോ എന്ന ഇമേജിനപ്പുറം അയലത്തെ പയ്യന്‍ ലുക്കിലുള്ള കോമഡിയും തനിക്ക് നന്നായി ഇണങ്ങുമെന്ന് പൃഥ്വി മുമ്പും തെളിയിച്ചിട്ടുള്ളതാണ്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും, വിജയരാഘവനും ഓര്‍മ്മയില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. വളരെ വൈവിധ്യമാര്‍ന്ന നിരവധി മുഹൂര്‍ത്തങ്ങളിലൂടെ താനൊരു വേര്‍സറ്റയില്‍ ആക്ടറാണെന്ന് വിജയരാഘവന്‍ ഈ ചിത്രത്തിലൂടെ വിളിച്ച് പറയുന്നു. ജഗതി ശ്രീകുമാറിനെ ഓര്‍മ്മിപ്പിക്കുന്ന വിധം ബുദ്ധിപരമായ അഭിനയശൈലിയും ശരീരഭാഷയുമാണ് വിജയരാഘവന്‍ അവതരിപ്പിച്ച ചാണ്ടി എന്ന വമ്പന്‍ ബിസിനസുകാരന്റേത്. ചാണ്ടിയുടെ മകളായി ഐശ്വര്യ ലക്ഷ്മിയും റോണിയുടെ അനിയത്തിയായി പ്രയാഗമാര്‍ട്ടിനും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

തമിഴിലെ പ്രശസ്ത നടന്‍ പ്രസന്ന ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണിത്. ശിവ എന്ന സുന്ദര വില്ലനെയാണ് പ്രസന്ന അവതരിപ്പിച്ചത്. ആദ്യസീന്‍ മുതല്‍ തന്നെ ദുഷ്ടനാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന വിധത്തിലാണ് ശിവയുടെ സീക്ക്വന്‍സുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അയാള്‍ എന്തൊക്കെ വൃത്തികേടുകള്‍ കാണിച്ചാലും കൊടും ക്രൂരതകള്‍ ചെയ്താലും പ്രേക്ഷകര്‍ ഞെട്ടുന്നില്ല എന്നതാണ് സത്യം. ധനുഷ് എഴുതി ആലപിച്ച ‘നെഞ്ചോട് വിന’ എന്ന മനോഹരമായ തമിഴ്ഗാനം ‘ബ്രദേഴ്‌സ് ഡെ’ പകരുന്ന വലിയ ആത്മവിശ്വാസമാണ്.