പ്രളയ ദുരിതാശ്വാസം: നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് യെദ്യൂരപ്പ

Web Desk
Posted on August 15, 2019, 6:22 pm

ബംഗളുരു :പ്രളയബാധിതരെ അപമാനിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ പ്രളയ ദുരിതാശ്വാസ നഹായം ആവശ്യപ്പെട്ട മനുഷ്യരോട് സര്‍ക്കാരിന്റെ കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ലെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മറുപടി. യെദ്യൂരപ്പയുടെ പ്രതികരണം വിവാദമായതോടെ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തി.
ശിവമോഗയിലെ പ്രളയബാധിതരോടായിരുന്നു യെദ്യൂരപ്പയുടെ വിവാദ മറുപടി. സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട ദുരിത ബാധിതരോട് സര്‍ക്കാരിന്റെ കൈവശം നോട്ട് അച്ചടിക്കുന്ന യന്ത്രമില്ലെന്ന് മറുപടി പറയുകയായിരുന്നു.
അതേസമയം ദുരിതബാധിതര്‍ക്ക് സഹായത്തിന് കൈയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആര്‍ത്തി മൂത്ത എംഎല്‍എമാരെ തൃപ്തരാക്കാന്‍ ഫണ്ട് ഉണ്ടെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരിഹസിച്ചു. എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കയറ്റാനും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിക്കാനും ആരാണ് നോട്ട് അച്ചടിക്കുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.
പ്രധാനമന്ത്രി മോഡി ഇതുവരെ കര്‍ണാടക സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം അനുവദിച്ചിട്ടില്ലെന്നും യെദ്യൂരപ്പ ഒരു പ്രവര്‍ത്തനവും നടത്താതെ പണം ചെലവഴിച്ച് പരസ്യങ്ങള്‍ നല്‍കി ദുരന്തബാധിതരെ അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വിശ്വാസവോട്ട് നേടിയതിന് ശേഷം മന്ത്രിസഭ രൂപീകരിക്കാത്ത കര്‍ണാടകയില്‍ മുഖ്യമന്ത്രി മാത്രമുള്ള ഏകാംഗ സര്‍ക്കാരാണ് നിലവിലുള്ളത്.