വ്യാജന്‍മാര്‍ക്ക് പിടിവീഴും: ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ മൊബൈല്‍ ആപ്പുമായി കേരള പൊലീസ്

Web Desk

തിരുവനന്തപുരം

Posted on March 14, 2020, 6:45 pm

വ്യാജ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ കേരള പൊലീസ് സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ബി സേഫ് (B SAFE) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. സൈബര്‍ ഡോം നോഡല്‍ ഓഫീസറും, എഡിജിപിയുമായ മനോജ് എബ്രഹാം, ഡി.ഐ.ജി. പി. പ്രകാശ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബാങ്കിങ് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായുള്ള വിപുലമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്പാം ഫോണ്‍ കോളുകള്‍ ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ് വേര്‍ഷന്റെ സഹായത്തിലൂടെ ഉപഭോക്താവിന് ഓട്ടോമാറ്റിക് ആയി ഇത്തരത്തിലുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യാതെ തന്നെ ഒഴിവാക്കാനുള്ള സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ദിവസവും പുതിയ നമ്പറുകളില്‍ നിന്ന് സ്പാം കോളുകള്‍ വരാനുള്ള സാധ്യതയുള്ളതുകൊണ്ട് തന്നെ ആപ്പ് സെര്‍വറിന് പുറമെ ഉപഭോക്താവിനും അനാവശ്യ നമ്പറുകള്‍ സ്വയം ബ്ലോക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്.

ഇതിന് പുറമേ സ്പാം ആയി തോന്നുന്ന ഒരു നമ്പര്‍, ഇന്‍സ്റ്റന്റ് മെസ്സഞ്ചര്‍, സോഷ്യല്‍ മീഡിയ പോസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെര്‍ച്ച് ചെയ്യുന്നതിന് സെര്‍ച്ച് ഓണ്‍ കോപ്പി ഓപ്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ആപ് വേര്‍ഷനു പുറമെ സെര്‍ച്ച് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ലഭ്യമാണ്. കേരള പൊലീസ് സൈബര്‍ഡോമിന്റെയും റിസര്‍വ് ബാങ്കിന്റെയും സംയുക്ത മേല്‍നോട്ടത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

Eng­lish Sum­ma­ry: Bsafe app intro­duced by ker­ala police

You may also like this video