ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) സൂചികയായ സെൻസെക്സ് 50,000 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ടു. എന്നാൽ ചരിത്രനേട്ടത്തിന് പിന്നാലെ ഇടിവ് രേഖപ്പെടുത്തിയ സൂചിക 167.36 പോയിന്റ് താഴ്ന്ന് 49,624.76 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലാഭമെടുക്കലും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധയുമാണ് വിപണിക്ക് തിരിച്ചടിയായി മാറിയത്.
1875 ലാണ് ഏഷ്യയിലെ പ്രഥമ ഓഹരി വിപണിയായി ബോംബെ സ്റ്റാേക്ക് എക്സ്ചേഞ്ചിന് തുടക്കമായത്. 145 വർഷം പഴക്കമുള്ള വിപണിയുടെ പ്രധാന സൂചികയ്ക്ക് 34 വർഷത്തെ പഴക്കമേ ഉള്ളൂ. 1875 ജൂലൈ ഒൻപതിനു രൂപം കൊണ്ട ദ നേറ്റീവ് ഷെയർ ആന്റ് സ്റ്റോക്ക് ബ്രോക്കേഴ്സ് അസോസിയേഷനാണ് ഇന്നത്തെ ബിഎസ്ഇ ലിമിറ്റഡ് ആയി മാറിയത്. ബിഎസ്ഇയിൽ വ്യാപാരം ചെയ്യപ്പെട്ടുന്ന 30 പ്രധാന ഓഹരികളുടെ വിലയും വ്യാപാര വ്യാപ്തവും കണക്കാക്കിയാണ് സെൻസെക്സ് സൂചിക തയാറാക്കുന്നത്.
1979 ഏപ്രിൽ മൂന്ന് അടിസ്ഥാന തീയതിയായി കണക്കാക്കി സെൻസെക്സ് ആരംഭിച്ചത് 1986 ജനുവരി രണ്ടിനാണ്. 1979 ഏപ്രിൽ മൂന്നിലെ സൂചിക 124.15 ആയിരുന്നു. 1986 ജനുവരി രണ്ടിലെ വില 549.43. ഇന്ന് 34 വർഷത്തിനു ശേഷം 9000 ശതമാനമാണ് സെൻസെക്സിന്റെ വളർച്ച. 1990 ജൂലൈ 25‑നാണു സെൻസെക്സ് 1000 കടന്നത്. 1999 ഒക്ടോബറിലാണ് സെൻസെക്സ് 5000 കടക്കുന്നത്.
2006‑ൽ പതിനായിരവും 2007 ൽ ഇരുപതിനായിരവും കടന്നു. 2008 ഒക്ടോബറോടെ 8500ലേക്കു സൂചിക തകർന്നു. 2012‑ൽ 20,000 തിരിച്ചുപിടിച്ച സൂചിക 2015ൽ 30,000 ൽ എത്തി. പിന്നീട് 26,000 ലേക്കു വീണു. കഴിഞ്ഞവർഷം മാർച്ചിൽ ലോക്ഡൗണിനെത്തുടർന്ന് കുത്തനെ ഇടിഞ്ഞ സെൻസെക്സ് വർഷാന്ത്യത്തിൽ 15.75 ശതമാനം വാർഷിക നേട്ടവുമായി 47,751‑ലെത്തി. തുടർന്ന് വെറും മൂന്നാഴ്ച കൊണ്ട് അമ്പതിനായിരവും കടക്കുകയായിരുന്നു.
49,792.12 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ വിപണി ആദ്യസെഷനിൽ തന്നെ 50,000 എന്ന നേട്ടം പിന്നിട്ടു. രണ്ടാംസെഷനിൽ 50,181.36 എന്ന റെക്കോഡ് രേഖപ്പെടുത്തി. പിന്നീട് വിപണി വില്പന സമ്മർദ്ദത്തിന് അടിപ്പെടുകയായിരുന്നു. ദേശീയ സൂചികയായ നിഫ്റ്റിയും ഇന്നലെ ഇടിവ് രേഖപ്പെടുത്തി. 0.37 ശതമാനം ഇടിഞ്ഞ് 14,590 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ENGLISH SUMMARY: BSE surpasses 50000
YOU MAY ALSO LIKE THIS VIDEO