അതിര്‍ത്തി സംരക്ഷണത്തിന് അവധി; പശുസംരക്ഷണവുമായി ബിഎസ്എഫ്

Web Desk
Posted on August 12, 2019, 1:57 pm

കൊല്‍ക്കത്ത: അതിര്‍ത്തി സംരക്ഷണത്തിന് അയവ് വരുത്തി പശുക്കളെ സംരക്ഷിക്കേണ്ട ഗതികേടില്‍ കൊല്‍ക്കത്തയിലെ ബിഎസ്എഫ് സൈനികര്‍.
കന്നുകാലി കടത്തുകാരില്‍ നിന്നും പിടിച്ചെടുത്ത 25000ത്തോളം വരുന്ന പശുക്കളാണ് തീറ്റപോലുമില്ലാതെ കഷ്ടപ്പെടുന്നത്. ബംഗ്ലാദേശിലേയ്ക്ക് കടത്തികൊണ്ടുപോകുന്നതിനിടെയാണ് കന്നുകാലികളെ ബിഎസ്എഫ് പിടിച്ചെടുത്തത്. ഇപ്പോള്‍ തീറ്റയും ഇല്ല കൊല്ലാനും പറ്റില്ല എന്ന അവസ്ഥയിലാണ് സൈനികര്‍.
കഴിഞ്ഞ എട്ട് മാസത്തിനിടെ 25294 കന്നുകാലികളെയാണ് അതിര്‍ത്തിയില്‍ നിന്നും ബിഎസ്എഫ് പിടിച്ചെടുത്തത്. ഓരോ മാസവും ശരാശരി 2800 കന്നുകാലികളെയാണ് പിടിച്ചെടുക്കുന്നത്. പിടിച്ചെടുത്ത കന്നുകാലികളില്‍ 6448 എണ്ണം വിവിധ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി. 7445 പശുക്കളെ സര്‍ക്കാര്‍ അധീനയിലുള്ള ഗോശാലകള്‍ക്കും അയ്യായിരത്തിലധികം പശുക്കള്‍ ഇപ്പോഴും സൈനിക ക്യാമ്പിലാണ്. ഇതിനകം 711 പശുക്കള്‍ ചത്തു.
മൂവായിരത്തിലധികം പശുക്കള്‍ ഇപ്പോഴും അതിര്‍ത്തി പോസ്റ്റുകളില്‍ തുടരുന്നു. സൈനികര്‍ സ്വന്തം ചെലവിലാണ് പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്നത്. പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ഇനിയും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പശുക്കളെ ലേലം ചെയ്ത് വില്‍ക്കാനും ഇപ്പോഴുള്ള നിയമം അനുവദിക്കുന്നില്ലെന്നും ഉന്നത ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.