പൗരത്വ പട്ടികയില്‍ പേരില്ല; ബിഎസ്എഫ് എസ്‌ഐയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

Web Desk
Posted on August 24, 2019, 11:40 am

ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്‌ട്രേഷനില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് അസമില്‍ സൈനികനെയും ഭാര്യയെയയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനാവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ വിദേശികളായി പ്രഖ്യാപിച്ചത്.
അതിര്‍ത്തി സുരക്ഷാ സേനയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മുസ്ബിര്‍ റഹ്മാനും ഭാര്യക്കുമെതിരെയാണ് നടപടി. അസമിലെ ഗോലഘട്ട് ജില്ലയിലെ ഉദയ്പുര്‍ മിഖിപട്ടിയില്‍നിന്നുള്ളവരാണ് റഹ്്മാനും ഭാര്യയും. ഇവരെ സംശയാസ്പദ വോട്ടര്‍മാര്‍ എന്ന പട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു.
പഞ്ചാബിലെ 144 ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുസ്ബിര്‍ റഹ്മാന്‍ കഴിഞ്ഞ ജൂലൈയില്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഇതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.
രണ്ടു മാസം മുമ്പ് ഒരു മുന്‍ സൈനികനെയും ഇതുപോലെ വിദേശ പൗരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇദ്ദേഹം നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.