മൂവാറ്റുപുഴ നഗരത്തിലെ ബിഎസ്എൻഎൽ കെട്ടിടങ്ങൾ ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നു. ലോട്ടറി വകുപ്പിനു വാടകയ്ക്കു കൊടുക്കാനായി ഒഴിപ്പിച്ച നഗരമധ്യത്തിലെ ബിഎസ്എൻഎൽ കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. അരമനപ്പടിയിലുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രം ഉൾപ്പെടെയുള്ള മൂന്ന് നില കെട്ടിടവും, എസ്എൻഡിപി റോഡിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സും ഐടിആർ റോഡ്, വാഴപ്പിള്ളി മിൽമ ജംക്ഷൻ, ടിബി റോഡ് എന്നിവിടങ്ങളിലെ ബിഎസ്എൻഎൽ ഓഫിസുകളും ആണ് ഉപയോഗിക്കാതെ നശിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ വിവിധ ഓഫിസുകൾ പ്രവർത്തിക്കാൻ കെട്ടിടങ്ങൾ ഇല്ലാതെ മറ്റു നഗരങ്ങളിലേക്കു കുടിയേറുന്നതിനിടെയാണു ശതകോടികൾ വില വരുന്ന കെട്ടിടങ്ങൾ മൂവാറ്റുപുഴ നഗരത്തിനുള്ളിൽ കാടുകയറി നശിക്കുന്നത്. ടഗോർ റോഡിൽ പ്രവർത്തിച്ചിരുന്ന ഉപഭോക്തൃ സേവന കേന്ദ്രത്തിൽ മുൻപ് ബിഎസ്എൻഎല്ലിന്റെ എട്ട് ഓഫിസുകളാണ് പ്രവർത്തിച്ചിരുന്നത്. ഓഫിസുകൾ ഓരോന്നായി നിർത്തിയതോടെ ഒടുവിൽ കസ്റ്റമർ കെയർ സെന്റർ മാത്രമാണ് മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. 2022 ഡിസംബർ 19ന് ആണ് ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിപ്പിച്ചത്. ഇവിടെ സംസ്ഥാന ലോട്ടറി ഉപകേന്ദ്രം തുറക്കാൻ ശ്രമം നടന്നെങ്കിലും വൻതുക വാടകയും മറ്റും ആവശ്യപ്പെട്ടതോടെ ലോട്ടറി വകുപ്പ് ഇതിനുള്ള ശ്രമം ഉപേക്ഷിച്ചു. ഇതിനു സമീപം ഉള്ള ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലെ ഭൂരിപക്ഷം ക്വാർട്ടേഴ്സും കാടുകയറി വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നഗരത്തിനുള്ളിലെ കോടികൾ വിലവരുന്ന കെട്ടിടങ്ങളും ഭൂമിയും വാടകയ്ക്ക് നൽകിയാൽ വൻതുക ലഭിക്കുമെന്നിരിക്കെ ഇതിനൊന്നും ബിഎസ്എൻഎൽ ഉന്നത അധികാരികൾ തയ്യാറാകുന്നില്ല. പല ആവശ്യങ്ങൾക്കായി വിവിധ സർക്കാർ ഓഫീസുകൾ വിവിധ സ്ഥലങ്ങളിലുള്ള ബിഎസ്എൻഎൽ ഓഫിസുകൾ ആവശ്യപ്പെട്ടെങ്കിലും വൻ തുക വാടക ആവശ്യപ്പെട്ടതോടെ ഇവരെല്ലാം പിന്മാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.