ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ പോലും മുന്നോട്ടു കൊണ്ടുപോകാനാവാതെ കേന്ദ്ര ടെലികോം സ്ഥാപനങ്ങൾ ഞെരുങ്ങുന്നു. മൊത്തം ജീവനക്കാരിലെ ഒരു ലക്ഷത്തോളം പേരെ വിആർഎസ് പ്രകാരം വിട്ട ബിഎസ്എൻഎല്ലിലും എംടിഎൻഎല്ലിലുമാണ് ഇപ്പോൾ ഈ ദുസ്ഥിതി.
നേർ പകുതിയിലധികം ജീവനക്കാർ സർവീസിൽ നിന്നു പിരിഞ്ഞതോടെ ശമ്പള ബില്ലുകളുടെ ബാഹുല്യത്തിൽ വലിയ ഇടിവുണ്ടായി എന്നു കൊട്ടിഘോഷിച്ചിരുന്ന കേന്ദ്ര സർക്കാരിന് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ബഹുഭൂരിപക്ഷം ജീവനക്കാരും പടിക്കു പുറത്തായ കഴിഞ്ഞ വർഷം ജനുവരി മുതൽ ഇരുസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ താളക്കേടുകൾ പ്രകടമായിരുന്നെങ്കിലും ഇപ്പോഴാണ് രൂക്ഷമായത്. ഇതോടെ, തല പുകയാൻ തുടങ്ങിയെങ്കിലും പ്രശ്ന പരിഹാരത്തിനു പ്രായോഗിക നിർദ്ദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കും കഴിഞ്ഞിട്ടില്ല. വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ പുനർ നിയമിക്കാം എന്നൊരു പരിഹാരം നിർദ്ദേശിച്ച് കമ്മ്യൂണിക്കേഷൻ വകുപ്പ് കത്തെഴുതിയെങ്കിലും ടെലികോം മന്ത്രാലയം കയ്യോടെ വെട്ടി.
ജീവനക്കാരുടെ ബാഹുല്യമാണ് കേന്ദ്ര സർക്കാർ ഉടമയിലുള്ള ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലി (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്)ന്റെയും നഷ്ടത്തിനു കാരണം എന്നാരോപിച്ചാണ് ഇരു സ്ഥാപനങ്ങളിലും നിർബന്ധിത വിരമിക്കൽ സമ്പ്രദായം കൊണ്ടുവന്നത്. ഇതു പ്രകാരം ബിഎസ്എൻഎല്ലിലെ 1.53 ലക്ഷം ജീവനക്കാരിൽ 78,569 പേരും എംടിഎൻഎല്ലിലെ 22,000 പേരിൽ നിന്ന് 14,400 ജീവനക്കാരും 2020 ജനുവരി 31 ന് പടിക്കു പുറത്തായി.
ശമ്പളം നേരാംവണ്ണം നൽകാതെയും പെൻഷൻ വിഹിതമായി പിടിക്കുന്ന തുക കൃത്യമായി അടയ്ക്കാതെ കുടിശിക വരുത്തിയും എൽഐസി പോളിസികൾ അടയ്ക്കുന്നതിൽ മുടക്കം വരുത്തിയുമൊക്കെ ജീവനക്കാരിൽ വിആർഎസിനു സമ്മർദ്ദം ചെലുത്തുകയായിരുന്നു. ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുക, പ്രമോഷൻ തടയുക തുടങ്ങിയ നടപടികൾ വേറെയുമുണ്ടായിരുന്നു. ഇരു സ്ഥാപനങ്ങളിലുമായി ആകെയുണ്ടായിരുന്ന 1,75,400 ജീവനക്കാരിൽ നിന്ന് പ്രവർത്തന പരിചയമുള്ള 92,965 പേർ പുറത്തു പോയതോടെ ഇരു സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ മുൻകൂട്ടി കാണാത്ത ദുർഘടത്തിലെത്തുകയായിരുന്നു.
2019‑ൽ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും തമ്മിലുള്ള ലയനത്തിന് കേന്ദ്രം അനുമതിയുടെ നൽകിയതു തന്നെ, അതിലൂടെ വലിയൊരു വിഭാഗം ജീവനക്കാരെ ഒഴിവാക്കാൻ കഴിയും എന്ന സാധ്യത മുന്നിൽക്കണ്ടിട്ടായിരുന്നു. പക്ഷേ, ഡൽഹി പോലുള്ള ചില മഹാനഗരങ്ങളിൽ മാത്രം പ്രവർത്തനം ഒരുങ്ങിപ്പോയിട്ടുള്ളതും വലിയ നഷ്ടം പേറുന്നതുമായ എംടിഎൻഎല്ലിനെ ബിഎസ്എൻഎല്ലിൽ ലയിപ്പിക്കുന്നത് വൻ ബാധ്യതയാകുമെന്നും രണ്ടിന്റെയും നാശമായിരിക്കും ഫലമെന്നും ഉള്ള അഭിപ്രായം വ്യാപകമായുയർന്നതോടെ കഴിഞ്ഞ വർഷം കേന്ദ്രം ആ തീരുമാനത്തിൽ നിന്നു പിന്മാറി. പക്ഷേ, ആ തീരുമാനത്തിന്റെ ഫലമായുണ്ടായ വി ആർ എസിന്റെ കെടുതികൾ തുടരുന്നു.
ശമ്പളമില്ല: ജീവനക്കാര്‍ നിരാഹര സമരത്തിലേക്ക്
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തിലെ ശമ്പളം ലഭിച്ചിട്ടില്ല. ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ (ബിഎസ്എന്‍എല്‍ഇയു) ജനറല്‍ സെക്രട്ടറി അഭിമന്യു പി ആണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്.
ശമ്പളം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ ചെയര്‍മാനും ടെലകോം സെക്രട്ടറിക്കും കത്ത് അയച്ചിട്ടുണ്ട്. ഈ മാസം 28ന് നിരാഹാര സമരം നടത്തുമെന്നും യൂണിയനുകളുടെ സംയുക്ത മുന്നണി അറിയിച്ചു. 2019 മാര്‍ച്ചിലാണ് ആദ്യമായി ബിഎസ്എന്‍എല്ലിലില്‍ ശമ്പളത്തിന് കാലതാമസം അനുഭവപ്പെട്ടത്.
English Summary : bsnl employees hunger strike
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.