Janayugom Online
bucket pirivu janayugom

വായ്പ എഴുതിതള്ളാനെന്ന പേരില്‍ ബി ജെ പി പിരിവ്

Web Desk
Posted on August 12, 2018, 4:33 pm

കാസര്‍കോട്: വന്‍കിട  ദേശസാല്‍കൃത ബാങ്കുകളിലുള്ള വായ്പ എഴുതിതള്ളുമെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാനതലത്തില്‍ പണപിരിവ്. കാസര്‍കോട് കര്‍ഷക മോര്‍ച്ചയുടെ പരിപാടിയില്‍ കേന്ദ്ര കാര്‍ഷിക സഹ മന്ത്രി പര്‍ശ്വേതര്‍ രൂപാലയെ കണ്ട് കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞാണ് സംസ്ഥാന വ്യാപകമായി പണപിരിവ് നടത്തുന്നത്. ആഗസ്റ്റ് 15 ന് കാസര്‍കോട് നടക്കുന്ന  കര്‍ഷക മോര്‍ച്ചയുടെ പരിപാടിയില്‍ എത്തുന്ന മന്ത്രിയെ കണ്ട് കടംഇളവ് ചെയ്യാന്‍  സമര്‍ദ്ദം നടത്തുമെന്നും അതിന് മൊത്തം കടത്തിന്റെ 25 ശതമാനം തുക നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി ക്കാര്‍ കര്‍ഷകരെ സമീപിക്കുന്നത്. എന്‍ ആര്‍ ഐ സെല്ലിലെ ഒരു വ്യക്തിയും പണപിരിവിന് സജീവമായി ഇറങ്ങിയിട്ടുണ്ട്.

കോട്ടയത്ത് നാല് കോടി രൂപ കടമുള്ള ഒരു കര്‍ഷകന്‍ കാസര്‍കോട്ടെ ബി ജെ പി നേതാക്കളെ വിളിച്ചു ചോദിച്ചപ്പോഴാണ്  ഇക്കാര്യം പുറത്ത് അറിയുന്നത്. കടം എഴുതി തള്ളാന്‍ ഇദ്ദേഹത്തോട്  25 ലക്ഷം രൂപയാണ് മുന്‍കൂറായി ആവശ്യപ്പെട്ടത്. ബിജെ പി എന്‍ ആര്‍ ഐ സെല്ലിലുള്ള ഒരാളെയും വായ്പ എഴുതി തള്ളുന്ന കാര്യത്തില്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബി ജെ പി എന്‍ ആര്‍ ഐ സ്റ്റേറ്റ് കണ്‍വീനര്‍ ഹരികുമാര്‍പറഞ്ഞു. ബാങ്കുകളില്‍ വലിയ തുക കുടിശ്ശികയുള്ള കര്‍ഷകരുടെ ലിസ്റ്റെടുത്താണ് സംഘം ആളുകളെ സമീപിക്കുന്നത്. ബാങ്കുകളിലെ വായ്പ ഒരു സഹമന്ത്രി വിചാരിച്ചാല്‍ സാധിക്കില്ലെന്ന് അറിയാത്ത പലരും ഇവരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്.