Saturday
16 Feb 2019

ബുദ്ധന്റെ പ്രേമലേഖനം

By: Web Desk | Sunday 10 February 2019 5:15 PM IST

രാജു ഡി മംഗലത്ത്

ബുദ്ധന്റെ പ്രേമലേഖനം
പാലിയിലല്ല
പ്രാകൃതത്തിലല്ല
അന്തര്‍ദ്ധാനം ചെയ്ത
ഒരു നദിയുടെ ലിപിയില്‍
വിരഹത്തിന്റെ സ്വരവ്യഞ്ജനങ്ങളില്‍
വേദനയുടെ കൂര്‍ത്ത ചില്ലുകളില്‍
പ്രിയപ്പെട്ടവളേ
എന്ന മൗനത്തില്‍

ബോധിയുടെ
ചില്ലയിലിരുന്ന
മുറിവേറ്റ പക്ഷി ചോദിച്ചു
ഒരുവളെ ഉപേക്ഷിച്ചവന്‍
എല്ലാവരെയും പ്രേമിക്കുന്നതെങ്ങനെ?

അപ്പോള്‍
അവന്റെ നിര്‍വാണം
നഗ്‌നവും വിശപ്പുറ്റതും
കാറ്റും വെയിലും കടലിനെ വാറ്റിയ
ഉപ്പുപോലെ സാന്ദ്രവുമായി

അവന്‍
ചോരപറ്റിയ തൂവല്‍ കൊണ്ട്
പ്രജ്ഞയുടെ ദളങ്ങളില്‍
എഴുതിത്തുടങ്ങി
പ്രിയപ്പെട്ടവളേ എന്ന
മൗനത്തില്‍ നിന്നും.