15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 10, 2024
March 28, 2024
February 11, 2024
December 17, 2023
October 16, 2023
October 10, 2023
October 6, 2023
September 29, 2023
July 28, 2023

ബജറ്റ് വിഹിതം തീരുന്നു; മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിലയ്ക്കും

കൈയ്യിലുള്ളത് നാല് ശതമാനം തുക 
Janayugom Webdesk
ന്യൂഡല്‍ഹി
October 6, 2023 11:09 pm

രാജ്യത്തെ സാധാരണക്കാര്‍ ഉപജീവനത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബജറ്റ് വിഹിതത്തില്‍ അവശേഷിക്കുന്നത് നാല് ശതമാനം തുക മാത്രം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ അഞ്ച് മാസം ബാക്കി നില്‍ക്കെയാണ് പദ്ധതി തുകയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതം കുത്തനെ വെട്ടിക്കുറച്ചതാണ് പദ്ധതിക്ക് തിരിച്ചടിയായത്.

കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം പുറത്തുവിട്ട രേഖയിലാണ് ഫണ്ടിന്റെ അപര്യപ്തതയുടെ വിവരമുള്ളത്. പദ്ധതി തുകയില്‍ വന്ന ഭീമമായ കുറവ് തൊഴില്‍ദിനങ്ങളുടെ വെട്ടിക്കുറയ്ക്കലിന് വഴിതുറക്കുമെന്ന് എന്‍ആര്‍ഇജി സംഘര്‍ഷ് മോര്‍ച്ച ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 2,456 കോടി രൂപമാത്രമാണ് അവശേഷിക്കുന്നത്. വേതന കുടിശിക, സാധന സമാഗ്രികള്‍ എന്നിവയ്ക്ക് മാത്രം 17,364 കോടി രൂപ വേണ്ടിടത്താണ് 2,456 കോടി രൂപ ബാക്കിയുള്ളത്. വേതനവും ഭരണപരമായ ചെലവും കേന്ദ്രം വഹിക്കുന്ന പദ്ധതിയില്‍ സാധനസാമഗ്രികള്‍ക്കുള്ള തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് നല്‍കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് മാത്രം രണ്ടു വര്‍ഷത്തെ കുടിശിക 4,106 കോടി രൂപയാണ്. രാജസ്ഥാന്‍ 2,970 കോടി, ബിഹാര്‍ 1,054 കോടി, കര്‍ണാടക 968 കോടി വീതം കേന്ദ്രം കുടിശിക നല്‍കാനുണ്ട്.

സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വേളയില്‍ വരുന്ന അഞ്ച് മാസം തൊഴില്‍ ദിനം കുറയുന്നത് പദ്ധതിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതം താളംതെറ്റുന്നതിന് ഇടവരുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ ഏറിവരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അവസരത്തിലാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ച് ജനങ്ങളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്നതെന്ന് ലിബ് ടെക് ഗവേഷണ സ്ഥാപനത്തിലെ ലാവണ്യ തമങ് ചൂണ്ടിക്കാട്ടി. 

നടപ്പ് സാമ്പത്തിക വര്‍ഷം 60,000 കോടി രൂപയാണ് ബജറ്റ് വിഹിതമായി കേന്ദ്രം പ്രഖ്യാപിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചതിനേക്കാള്‍ 29,000 കോടി കുറവാണിത്. പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പാര്‍ലമെന്ററി സമിതി വിമര്‍ശിച്ചിട്ടും വിഹിതം വര്‍ധിപ്പിക്കാന്‍ ഇതുവരെ തയ്യറായിട്ടില്ല.
പദ്ധതിക്ക് ആവശ്യമായ അധിക തുക അനുവദിക്കുന്ന വിഷയം ആലോചിക്കുമെന്ന് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം അറിയിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. പണപ്പെരുപ്പവും വിലക്കയറ്റവും കാരണം ജനങ്ങള്‍ പൊറുതിമുട്ടുന്ന അവസരത്തിലാണ് ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മോഡി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് സംഘര്‍ഷ് മോര്‍ച്ച ഭാരവാഹികള്‍ ആരോപിച്ചു.

Eng­lish Sum­ma­ry: Bud­get allo­ca­tion ends, Mahat­ma Gand­hi rur­al employ­ment guar­an­tee will stop

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.