പ്രവാസികളെ ഒഴിവാക്കിയ ബജറ്റ്

Web Desk

കൊച്ചി

Posted on February 01, 2018, 8:01 pm

പ്രവാസി ഇന്ത്യക്കാരെക്കുറിച്ച് ബജറ്റില്‍ യാതൊന്നും പറയുന്നില്ല. രാജ്യത്ത് നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ചില നികുതി പരിഷ്‌കാരങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുനെങ്കിലും അതുണ്ടായില്ല. ബിസിനസ് മേഖലയ്ക്ക്  വക നല്‍കുന്നതല്ല ബജറ്റ്.ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിങ്‌സ് & ട്വന്റി 14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീപ് അഹമ്മദ് അഭിപ്രായപ്പെട്ടു.

റോഡ്, റെയില്‍ വികസനത്തിനും നല്‍കിയ മുന്‍ഗണനയും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രഖ്യാപനവും വ്യവസായ മേഖലയിലെ വളര്‍ച്ചയ്ക്ക് പുറമെ ടൂറിസം വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആക്കം കൂട്ടും. പത്ത് പ്രധാന ടൂറിസം കേന്ദ്രങ്ങളെ എക്കോണിക് സ്റ്റാറ്റസിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഇന്ത്യയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രഖ്യാപനങ്ങള്‍ സഹായകരമാകുമെന്ന് അദീപ് അഹമ്മദ് പറഞ്ഞു.

ബ്‌ളോക് ചെയിന്‍ സാങ്കേതിക വിദ്യയിലൂടെ രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കാനുള്ള തീരുമാനം നിര്‍ണായകമാണ്. ഭരണ നടപടി വേഗത്തിലാക്കാനും സ്വകാര്യമേഖലയുടെ കടന്നുവരവ് പൂര്‍ണമായും പ്രയോജനപ്പെടുത്താനും ഡിജിറ്റലൈസേഷന്‍ സഹായകരമാകും.

ഇടത്തരം ചെറുകിട മേഖലയ്ക്ക് കീഴില്‍ വരുന്ന കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചത് ഈ മേഖലയ്ക്ക് ഗുണം ചെയ്യും. സ്മാര്‍ട്‌ സിറ്റികള്‍ക്കുള്ള സഹായം തുടരാനുള്ള തീരുമാനവും ഇവയ്ക്ക് നല്‍കിയ പ്രാധാന്യവും സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുകയും പുതിയ ഇക്കോ സിസ്റ്റം സാധ്യമാക്കുകയും ചെയ്യുമെന്നും അദീപ് അഹമ്മദ് ചൂണ്ടിക്കാട്ടി.