രൂക്ഷമായ സാമ്പത്തികമാന്ദ്യത്തെ മറച്ചുവെയ്ക്കുന്നതിനുള്ള കസർത്തു മാത്രമാണ് കേന്ദ്രബജറ്റെന്നും യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാത്ത ഈ ബജറ്റിന്റെ ഗതിയും പഴയതു പോലെ തന്നെയാകുമെന്നും ധനമന്ത്രി തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ബജറ്റിന്റെ തകർച്ചയിൽ നിന്ന് കേന്ദ്രധനമന്ത്രി ഒരു പാഠവും പഠിച്ചിട്ടില്ല. രൂക്ഷമാകുന്ന സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് കഴിഞ്ഞ ബജറ്റിലും ഒരു പരാമർശവുമുണ്ടായിരുന്നില്ല. ഇത്തവണയും അതേ സമീപനം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് നിർമല സീതാരാമന്റെ കേന്ദ്രബജറ്റെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തോട് ക്രൂരമായ അവഗണനയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ചരിത്രത്തിൽ ഇതുപോലൊരു തിരിച്ചടി കേരളത്തിനുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൊത്തം ചെലവ് 3042230 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റ് വകയിരുത്തലിനെ അപേക്ഷിച്ച് കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. മാന്ദ്യകാലത്ത് ചെലവ് വർദ്ധിപ്പിക്കുന്നതിനു പകരം കമ്മി പിടിച്ചു നിർത്തുന്നതിനുവേണ്ടി ചെലവിനെ ഞെരുക്കുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നിട്ടും പ്രതീക്ഷിത കമ്മി 3.5 ശതമാനമാണ്. റിസർവ് ബാങ്കിൽ നിന്ന് ഒരു ലക്ഷം കോടിയിലേറെ രൂപ ഡിവിഡന്റായി കവർന്നെടുത്തതുകൊണ്ടാണ് കമ്മി താഴ്ത്തി നിർത്താൻ കഴിഞ്ഞത്. രണ്ട് ലക്ഷം കോടി റിസർവ് ബാങ്കിൽ നിന്നും ഡിവിഡന്റായി കിട്ടുമെന്നാണ് ആവർത്തിക്കുന്നത്. വായ്പയല്ല, കയ്യിട്ടുവാരൽ നയമാണ് നടപ്പിലാക്കുന്നത്. റിസർവ് ബാങ്കിന്റെ വിശ്വാസ്യതയെപ്പോലും തകർക്കുന്ന നയങ്ങൾ ആഗോളതലത്തിൽ രാജ്യത്തിന്റെ തകർച്ചയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക വളർച്ച 4.9 ശതമാനമായി കുറയുമെന്ന് ബജറ്റിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്തെ സമ്പദ്ഘടന അഭിമുഖീകരിക്കുന്ന മാന്ദ്യത്തിന് യാതൊരു പരിഹാരവും നിർദ്ദേശിച്ചിട്ടില്ല. ഓരോ ദിവസവും സാമ്പത്തിക മാന്ദ്യത്തിന്റെ ഓരോ വശങ്ങൾ പുറത്തു വരികയാണ്. കഴിഞ്ഞ ബജറ്റ് അവതരണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് പുതിയ മിനി ബജറ്റ് അവതരിപ്പിക്കേണ്ടി വന്നു. ഇതു മൂന്നു വട്ടമാണ് ആവർത്തിച്ചത്. മിനി ബജറ്റുകളുടെ നേട്ടമെല്ലാം കോർപറേറ്റുകൾക്കായിരുന്നു. 7.6 ലക്ഷം കോടി രൂപ കോർപറേറ്റ് ടാക്സ് കിട്ടേണ്ടതിനു പകരം പുതുക്കിയ കണക്കുപ്രകാരം 6.1 ലക്ഷം കോടി മാത്രമാണ് വാങ്ങിയിട്ടുള്ളത്. ഇത്തവണത്തെ ബജറ്റ് കണക്കിലും 6.8 ലക്ഷം കോടിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഭീമമായ നികുതിയിളവാണ് കോർപ്പറേറ്റുകൾക്ക് നൽകുന്നത്. കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകി അതിന്റെ ഫലമായ വരുമാന ഇടിവു നികത്താൻ അവസാനം പൊതുമേഖലയെ അതേ മുതലാളിമാർക്ക് തന്നെ വിൽക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ നയം. ഇത്തരത്തിൽ വെറും സാമ്പത്തിക പ്രഹസനമാണ് കേന്ദ്ര സർക്കാർ കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഐഡിബിഐ ബാങ്ക് പൂർണമായും സ്വകാര്യവൽക്കരിക്കുന്നതിനും, എൽഐസിയുടെ സ്വകാര്യവൽക്കരണം ആരംഭിക്കുന്നതിനും പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരത്തിൽ ബിഎസ്എൻഎല്ലിനെ തോൽപ്പിച്ച് സ്വകാര്യ മേഖലയ്ക്ക് കാഴ്ചവയ്ക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ ഒരു ലക്ഷം കോടി രൂപയാണ് പൊതുമേഖല വിൽപനയിലൂടെ ലക്ഷ്യമിട്ടതെങ്കിൽ ഇപ്പോഴത് 2.1 ലക്ഷം കോടിയായി ഉയർത്തിയിരിക്കുകയാണ്. ബജറ്റിൽ വർദ്ധനവുകളുടെ ഒരു താരതമ്യവും പറഞ്ഞിട്ടില്ല. വയോജനപെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനു പകരം അതിന്റെ അടങ്കൽ കുറച്ചിരിക്കുകയാണ്. ആരോഗ്യ ഹെൽത്ത് മിഷന്റെയോ വിദ്യാഭ്യാസ മിഷന്റെയോ അടങ്കൽ വർദ്ധിപ്പിക്കാൻ തയ്യാറായിട്ടില്ല. കേവലം ഒരു ശതമാനം മാത്രമാണ് വർദ്ധന. അങ്കണവാടികൾക്ക് അടങ്കലിൽ മൂന്നു ശതമാനം മാത്രമാണ് വർദ്ധന. കാർഷിക മേഖലയിൽ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ഒന്നരലക്ഷം കോടിയേ ഇത്തവണയും ഉള്ളൂ. ഗ്രാമവികസനത്തിനും അടങ്കൽ വർദ്ധിച്ചിട്ടില്ല. വനിതാശാക്തീകരണത്തിന് 1330 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വെച്ച സ്ഥാനത്ത് ഇപ്പോൾ 1161 കോടി രൂപയാണുള്ളത്. ജനങ്ങളുടെ വാങ്ങൽ കഴിവ് ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സംസ്ഥാന ധനമന്ത്രിമാർ ഏകകണ്ഠമായി ആവശ്യപ്പെട്ടത്. അതിന് ഏറ്റവും നല്ല മാർഗം തൊഴിലുറപ്പു പദ്ധതി പോലുള്ള സ്കീമുകളിൽ അടങ്കൽ വർദ്ധിപ്പിക്കലാണ്. അതിന് 2019–20ലെ പുതുക്കിയ കണക്കു പ്രകാരം 71000 കോടി രൂപ ചെലവഴിക്കുമ്പോൾ പുതിയ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 61500 കോടി രൂപ മാത്രമാണ്. നികുതിവിഹിതം 7.6 ലക്ഷം കോടി രൂപ കഴിഞ്ഞ വർഷം ഉണ്ടായിരുന്നെങ്കിൽ 23000 കോടി രൂപ മാത്രമാണ് അധികം അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ആവശ്യമായ വർദ്ധനയുണ്ടായിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈക്കോടാലിയാകുമെന്ന് സംശയിച്ചത് യാഥാർത്ഥ്യമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
English Summary: budget followup Finance Minister Thomas Isaac response
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.