Web Desk

കാസര്‍കോട്‌

January 15, 2021, 7:00 pm

കാസര്‍കോട്‌ വികസന പാക്കേജിന്‌ 125 കോടി

Janayugom Online

മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്‌തികകള്‍
കെ എസ്‌ ഐ ഡി സി ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്ക്‌
കാസര്‍കോട്‌: ജില്ലയുടെ സമഗ്ര മേഖലയിലും വികസന വെളിച്ചമേകി സംസ്ഥാന ബജറ്റ്‌. ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്‌ രൂപീകരിച്ച കാസര്‍കോട്‌ വികസന പാക്കേജിന്‌ 2021–22 വര്‍ഷം 125 കോടി രൂപയാണ്‌ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്‌. കഴിഞ്ഞ ബജറ്റില്‍ 75 കോടിയായിരുന്നു കാസര്‍കോട്‌ വികസന പാക്കേജിന്‌ അനുവദിച്ചത്‌. ഇത്തവണ 200 കോടി രൂപ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രി ഇ ചന്ദ്രശേഖരന്‍ കത്ത്‌ നല്‍കിയിരുന്നു. സംസ്ഥാനത്ത്‌ ആരോഗ്യ രംഗത്ത്‌ 4000 പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ചതില്‍ വയനാട്‌, കോന്നി, കാസര്‍കോട്‌ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ സ്‌പെഷ്യാലിറ്റി സര്‍വ്വീസുകളും കൂടുതല്‍ തസ്‌തികകളും ്‌അനുവദിക്കുമെന്ന്‌ എടുത്തു പറയുന്നു. എന്റോസള്‍ഫാന്‍ പുനരധിവാസത്തിനും മെഡിക്കല്‍ സഹായത്തിനുമായി 19 കോടിയും അനുവദിച്ചു. മൂന്നു പ്രധാന വ്യവസായ ഇടനാഴികളാണ്‌ ബഡ്‌ജറ്റില്‍ പറയുന്നത്‌. അതില്‍ ഒന്നാണ്‌ മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴി. ഇതിന്‌ പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
പ്രധാന വികസന ഏജന്‍സികളായ കെ എസ്‌ ഐ ഡി സിയ്‌ക്കും കിന്‍ഫ്രയ്‌ക്കും 401 കോടി അനുവദിച്ചു. കാസര്‍കോട്‌ കെ എസ്‌ ഐ ഡി സി ഇന്‍ഡസ്‌ട്രീയല്‍ പാര്‍ക്ക്‌ വ്യവസായ മേഖലയ്‌ക്ക്‌ വലിയ നേട്ടമാകും. കാസര്‍കോട്‌ എയര്‍സ്‌ട്രിപ്പിന്റെ ഡി പി ആര്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും കാസര്‍കോട്‌ കൂടാതെ ശബരിമല, ഇടുക്കി, വയനാട്‌ എയര്‍സ്‌ട്രിപ്പുകള്‍ക്കുമായി ഒമ്പത്‌ കോടി രൂപ വകയിരുത്തി. ദേശീയ പാത എന്‍ എച്ച്‌ 66, മലയോര ഹൈവയുടെ റീച്ചുകളുടെ പൂര്‍ത്തീകരണത്തിനും ബജറ്റ്‌ ഊന്നല്‍ നല്‍കുന്നു. തീരദേശ മേഖലയ്‌ക്കായുള്ള 5000 കോടി രൂപയുടെ പാക്കേജും നിലവിലുള്ള ടൂറിസം ഡെസ്റ്റിനേഷനുകളുടെ പശ്ചാത്തല സൗകര്യവികസനത്തിനായി 117 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചതും പ്രവാസി തൊഴില്‍ പദ്ധതിയ്‌ക്കായി 100 കോടി വകയിരുത്തിയതും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും മത്സ്യ കൃഷിയ്‌ക്കും 92 കോടി പ്രഖ്യാപിച്ചതും ജില്ലയ്‌ക്ക്‌ ഗുണം ചെയ്യും. ചെറുവത്തൂര്‍, നീലേസ്വരം മിനി സിവില്‍ സ്റ്റേഷനുകള്‍ക്ക്‌ അഞ്ച്‌ കോടി രൂപ വിതവും അനുവദിച്ചു. കൊടക്കാട്‌ ഫോക്ല്‌ലോര്‍ അക്കാദമിക്ക്‌ അഞ്ച്‌ കോടിയും അനുവദിച്ചു.