ബജറ്റ്: സൈന്യത്തിന്റെ യുദ്ധസന്നദ്ധത ആശങ്കയില്‍

Web Desk
Posted on July 09, 2019, 10:42 pm

കപടമായ ദേശീയത, സൈനികരുടെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ വേണ്ടവിധം വിപണനം നടത്തി അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ ആദ്യം തഴഞ്ഞത് പ്രതിരോധ മേഖലയെ തന്നെയെന്ന് ബജറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് രാജ്യത്തിന്റെ യുദ്ധ സന്നദ്ധതയെ സംബന്ധിച്ച് കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച 3.18 ലക്ഷം കോടി രൂപയില്‍ നാമമാത്രമായ വര്‍ധന മാത്രമാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിലും ഉള്‍പ്പെടുത്തിയത്. ബജറ്റ് വിഹിതം വര്‍ധിപ്പിക്കാത്തതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ആധുനികവല്‍ക്കരണമെന്ന പ്രയോഗവും കൊണ്ടുവന്നു. ആധുനികവല്‍ക്കരണം പ്രത്യേകിച്ചും സൈന്യത്തിന്റെ കാര്യത്തിലാകുമ്പോള്‍ അത് ഒരു ദീര്‍ഘകാല പ്രക്രിയയാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് അഥവാ ശങ്കയ്ക്കിടയില്ലാതെ ജനങ്ങളെ വിശ്വസിപ്പിക്കാനും കഴിയും. എന്നാല്‍ മോഡി സര്‍ക്കാരിന്റെ ഈ കാപട്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ ഉയരുന്നത്.

വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരും സാമ്പത്തിക വിദഗ്ധരുമാണ് ഇക്കാര്യം ജനസമക്ഷം എത്തിച്ചത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികമായ കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ആവലാതികള്‍ സംബന്ധിച്ച കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സൈനികര്‍ ഉപയോഗിക്കുന്ന ആയുധങ്ങളുടെ കാര്യക്ഷമതയും പ്രഹരശേഷിയും സംബന്ധിച്ചായിരുന്നു വിമര്‍ശനങ്ങള്‍ എന്നത് വര്‍ത്തമാന സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ ആവശ്യകത സംബന്ധിച്ച് മോഡി സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ലെന്ന വസ്തുതയാണ് ബജറ്റ് വെളിപ്പെടുത്തുന്നതെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായ സെന്റര്‍ ഫോര്‍ ജോയിന്റ് വാര്‍ഫെയര്‍ സ്റ്റഡീസ് ഡയറക്ടര്‍ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് കേണല്‍ വിനോദ് ഭാട്ടിയ പറയുന്നു. പാകിസ്ഥാന്‍, ബംഗഌദേശ് അതിര്‍ത്തിയില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിന് ആധുനിക ആയുധങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഈ ദിശയിലുള്ള മാറ്റങ്ങള്‍ക്ക് എത്രമാത്രം തുക ചെലവിടുന്നുവെന്നത് വിശകലനവിധേയമാക്കണമെന്നും ഭാട്ടിയ പറയുന്നു.

വിദേശരാജ്യങ്ങളില്‍ സൈനികരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, വിമുക്തഭടന്‍മാരുടെ പെന്‍ഷന്‍ എന്നിവയ്ക്ക് പ്രത്യേക വിഹിതവും ആയുധങ്ങള്‍ വാങ്ങുന്നത്, ആധുനികവല്‍ക്കരണം, പ്രതിരോധ മേഖലയിലെ ഗവേഷണം, പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വെവ്വേറെ വിഹിതമാണ് അനുവദിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സംവിധാനം നമ്മുടെ രാജ്യത്തില്ല. ഇതിനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയില്‍ പ്രതിരോധ മേഖലയ്ക്കായി അനുവദിക്കുന്ന തുകയുടെ സിംഹഭാഗവും സൈനികരുടെ ശമ്പളം, വിമുക്തഭടന്‍മാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. നിലവില്‍ 2.4 ദശലക്ഷം വിമുക്തഭടന്‍മാര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഓരോ വര്‍ഷവും ശരാശരി 55000 പേര്‍ അധികമായി പട്ടികയില്‍ എത്തുന്നു.
കശ്മീര്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 68 ശതമാനവും പഴക്കമുള്ളതാണെന്ന് കരസേനാ ഉപമേധാവിയായിരുന്ന ലഫ്റ്റനന്റ് കേണല്‍ ശരത് ചന്ദ് പ്രതിരോധവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊത്തം ബജറ്റിന്റെ 56 ശതമാനത്തോളം റവന്യൂ ചെലവുകള്‍ക്കായി മാറ്റിവയ്ക്കുമ്പോള്‍ പ്രതിരോധ മേഖലയ്ക്ക് 21 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നതെന്ന് ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസ് സെന്ററിലെ റിസര്‍ച്ച് ഫെലോ ലക്ഷ്മണ്‍ ബെഹറ പറയുന്നു. പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിന്റെ അളവ് ഓരോ വര്‍ഷവും കുറയുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും തമ്മിലുള്ള അനുപാതം ഗണ്യമായി കുറയുന്നു.
ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയും പ്രതിരോധ മേഖലയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ മേഖലയില്‍ പണം ചെലവിടുന്നു, എന്നാല്‍ ഇതിന് ആനുപാതികമായ ഫലം ലഭിക്കുന്നില്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
ഇപ്പോള്‍ ബജറ്റില്‍ നീക്കിവച്ചിട്ടുള്ള തുകയുടെ സിംഹഭാഗവും ആയുധങ്ങള്‍ ശേഖരിച്ച വകയില്‍ വിവിധ സ്വദേശ- വിദേശ കമ്പനികള്‍ക്ക് നല്‍കാനായി വിനിയോഗിക്കും. ഇതോടെ പുതിയ ആയുധങ്ങള്‍ വാങ്ങുമെന്ന പ്രഖ്യാപനം ആകാശ കുസുമങ്ങളാകും. ഫണ്ടിന്റെ അപര്യാപ്തയും മോഡി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഏറെ പ്രതികൂലമായി ബാധിക്കുന്നത് വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളെയാണ്. 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ കരാറിലെത്തി. വിമാനങ്ങള്‍ ഉടന്‍ വ്യോമസേനയ്ക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, റിലയന്‍സ് മുതലാളി അനില്‍ അംബാനി എന്നിവര്‍ക്കെതിരെയുള്ള കോഴ വിവാദങ്ങളും, നിയമയുദ്ധങ്ങളും വേറെ കാര്യം. പക്ഷേ വ്യോമസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 114 യുദ്ധവിമാനങ്ങള്‍ അധികമായി ആവശ്യമാണ്. നാവിക സേനയ്ക്ക് കൂടുതല്‍ അന്തര്‍വാഹിനികളും വിമാനവേധ കപ്പലുകളും ആവശ്യമാണെന്ന് പ്രതിരോധവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആധുനികമായ തോക്കുകള്‍ ആവശ്യമാണെന്നാണ് കരസേനയുടെ ദീര്‍ഘനാളത്തെ ആവശ്യം.
ബജറ്റില്‍ പ്രഖ്യാപിച്ച 3,18,931.22 കോടിരൂപയില്‍ 2,10,682.42 കോടി രൂപ റവന്യൂ ചെലവുകള്‍ക്കായും 1,08, 248.80 കോടി മൂലധന ചെലവുകള്‍ക്കുമായാണ് വകയിരുത്തിയിട്ടുള്ളത്. മൂലധന ചെലവുകള്‍ക്ക് അനുവദിച്ചിട്ടുള്ള തുകയില്‍ 79.32 ശതമാനവും നിലവില്‍ വിവിധ ആയുധ കമ്പനികള്‍ക്ക് നല്‍കാനുള്ളതാണ്. ഈ തുക വാങ്ങിയെടുക്കുന്നതിനുള്ള നടപടികള്‍ ആയുധങ്ങള്‍ നല്‍കിയ അമേരിക്ക, ഇസ്രയേല്‍ കമ്പനികള്‍ തുടങ്ങികഴിഞ്ഞു. എന്നാല്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍പോലും കഴിയാതെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്കല്‍സിന് നല്‍കാനുള്ള കുടിശിക സംബന്ധിച്ച് ഇനിയും സര്‍ക്കാരിന് അനക്കമില്ല. വിവിധ ഓര്‍ഡിനന്‍സ് ഫാക്ടറികളുടെ നവീകരണം, ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ പോലും മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആയുധമായാലും, യുദ്ധവിമാനങ്ങളായാലും കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയുള്ള തീരുമാനങ്ങളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ പ്രതിധ്വനിയാണ് കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബജറ്റിലും മുഴങ്ങികേള്‍ക്കുന്നത്. ആയുധ കച്ചവടക്കാരായ കോര്‍പ്പറേറ്റുകള്‍ക്ക് ഈ പ്രതിധ്വനി ഇമ്പമുള്ളതാകുമ്പോള്‍ രാജ്യരക്ഷയ്ക്കായി പോരാടുന്ന സൈനികരുടെ ജീവനുകളാണ് തുലാസിലാകുന്നത്.