ബജറ്റവതരണം എത്ര എളുപ്പം?

Web Desk
Posted on July 12, 2019, 11:10 pm

സി ആര്‍ ജോസ്പ്രകാശ്

ബജറ്റവതരണവും പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചയും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മറുപടി പ്രസംഗവുമെല്ലാം കഴിഞ്ഞു. ‘ബജറ്റ് ചരിത്രപരം, ഇന്ത്യ കുതിക്കാന്‍ തുടങ്ങുന്നു, ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായി രാജ്യം മാറുന്നു, ഭാവനാ സമ്പന്നമായ ബജറ്റ്‘എന്നിങ്ങനെ ബജറ്റിനെ പ്രകീര്‍ത്തിക്കുന്ന വാര്‍ത്തകളാണ് ഭൂരിപക്ഷം പത്രങ്ങളിലൂടെയും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലയാള പത്രങ്ങളുടെ പൊതു സ്ഥിതിയും ഇതു തന്നെയാണ്. എന്നാല്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ബജറ്റ് പ്രസംഗവും ബജറ്റ് രേഖകളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിലയിരുത്തലുകളും എല്ലാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ചിത്രം എന്താണ്?
രണ്ടാം മോഡി സര്‍ക്കാരിന്റെ ഒന്നാമത്തെ ബജറ്റ് അവതരിപ്പിച്ച നിര്‍മ്മലാ സീതാരാമന് പ്രയാസം കൂടാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് വസ്തുത. ബജറ്റ് തയ്യാറാക്കുമ്പോള്‍ ഏതൊരു ധനമന്ത്രിയെയും വീര്‍പ്പുമുട്ടിക്കുന്ന ഒന്നാമത്തെ സംഗതി, ഒരു വര്‍ഷത്തെ മൊത്തം വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിച്ചുകൊണ്ട് കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. മൊത്തം വരവ്, വരവിന്റെ വഴികള്‍, മൊത്തം ചെലവ്, ചെലവിന്റെ വഴികള്‍ ഇവയൊക്കെ കൂട്ടിയോജിപ്പിക്കേണ്ട കഠിന പരിശ്രമം നടത്താന്‍ ധനമന്ത്രി മെനക്കെട്ടില്ല എന്നത് വ്യക്തം. പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഈ സാമ്പത്തിക വര്‍ഷത്തെ, ഒന്നാമത്തെ ബജറ്റില്‍ പറഞ്ഞ കണക്കുകളും രണ്ടാമത്തെ ബജറ്റില്‍ പറഞ്ഞ കണക്കുകളും തമ്മില്‍ പൊരുത്തമില്ല. ബജറ്റ് കണക്കുകള്‍ വ്യക്തമല്ലെന്നും ബജറ്റ് തന്നെ പൂര്‍ണമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പോലും കൃത്യമായി മറുപടി പറയാന്‍ ധനമന്ത്രിക്ക് കഴിഞ്ഞില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ബജറ്റില്‍ ചെയ്തതെന്താണ്? കൂടുതല്‍ സാമ്പത്തിക സമാഹരണത്തിനുള്ള എളുപ്പവഴികള്‍ ആദ്യമേ സ്വീകരിച്ചു. രാജ്യത്തിന്റെ പൊതു സമ്പത്തായ 57 സ്ഥാപനങ്ങളുടെ 49 ശതമാനം വരെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചു. 13 ലക്ഷം കോടി രൂപയാണ് ഇവയുടെ മൊത്തം ആസ്തിയായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഇന്ത്യന്‍ റയില്‍വേയും എയര്‍ ഇന്ത്യയുമെല്ലാം ഉള്‍പ്പെടും. ഇവയുടെ ഷെയര്‍ വിറ്റ് 1.05 ലക്ഷം കോടി രൂപ സമാഹരിക്കും. ആവശ്യമെങ്കില്‍ അത് 1.5 ലക്ഷം കോടി രൂപ വരെ ആയി ഉയര്‍ത്താനും പ്രയാസമില്ല. ഇക്കാര്യത്തിലുള്ള മുന്‍ വര്‍ഷങ്ങളിലെ അനുഭവം ആവേശകരമായിരുന്നു. 2017–18 ല്‍ ലക്ഷ്യം 72,500 കോടി രൂപയായിരുന്നു. എന്നാല്‍ ഇതിലൂടെ സമാഹരിച്ചത് 1.06 ലക്ഷം കോടി രൂപയാണ്. 2018–19‑ല്‍ 85,000 കോടി രൂപ പ്രതീക്ഷിച്ചു. 99,800 കോടി രൂപ കിട്ടി. അങ്ങനെ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ മാത്രം ഖജനാവില്‍ എത്തിയത് 3.31 ലക്ഷം കോടി രൂപയാണ്. കാര്യമായ ഒരധ്വാനവും ഇതിനു വേണ്ടിവന്നില്ല എന്നു മാത്രമല്ല, വളരെ കുറഞ്ഞ വിലയ്ക്ക് പൊതുസമ്പത്ത് കൈക്കലാക്കാന്‍ കഴിഞ്ഞ കോര്‍പ്പറേറ്റുകളുടെ സന്തോഷം ബിജെപിയുടെ ഇലക്ഷന്‍ ഫണ്ടില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇനി അഞ്ചു വര്‍ഷംകൂടി ബിജെപി ഭരിച്ചാല്‍ ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുംതന്നെ അവശേഷിക്കില്ല എന്നതാണ് അവസ്ഥ. കൂടുതല്‍ സമ്പത്ത് കണ്ടെത്താന്‍ സ്വീകരിച്ച മറ്റൊരു വഴി ഇന്ധന നികുതി വര്‍ധിപ്പിക്കുക എന്നതാണ്. ഒരു പ്രയാസവും കൂടാതെ തീരുമാനമെടുക്കാനും ഒറ്റ ദിവസംകൊണ്ട് നടപ്പിലാക്കാനും കഴിയുന്ന കാര്യം. അതു വീണ്ടും ചെയ്തു. 28,022 കോടി രൂപ അങ്ങനെ ഉറപ്പാക്കി. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാനും വരുമാനം കൂട്ടാനും മറ്റൊരു എളുപ്പവഴി കൂടി കണ്ടെത്തി. ഇറക്കുമതി പത്രങ്ങള്‍ക്ക് ആദ്യമായി 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. (ഒപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതു ബുദ്ധിമുട്ടാകാതിരിക്കാന്‍ കൂടുതല്‍ സര്‍ക്കാര്‍ പരസ്യം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്.) കേന്ദ്ര സര്‍വീസില്‍ (റയില്‍വെ ഉള്‍പ്പെടെ) ആകെ 38.36 ലക്ഷം തസ്തികകള്‍ ഉണ്ട്. എന്നാല്‍ 6,83,823 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ 20 ശതമാനം നികത്തിയാല്‍ മതി എന്നാണ് നിര്‍ദേശം. ഇതിലൂടെ ഒരു വര്‍ഷം ശമ്പള ചെലവില്‍ 24,000 കോടി രൂപയുടെ കുറവുണ്ടാകും. ഭക്ഷ്യ സബ്‌സിഡി ഉള്‍പ്പെടെ വെട്ടിക്കുറയ്ക്കുക, എസ്‌സി/ എസ്ടി വിഭാഗങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം കുറയ്ക്കുക, തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മാറ്റിവയ്ക്കുന്ന തുകയില്‍ കുറവു വരുത്തുക തുടങ്ങിയ വഴികള്‍ സ്വീകരിച്ചാല്‍ ഖജനാവില്‍ പണമെത്താന്‍ ഒരു പ്രയാസവുമുണ്ടാകില്ല. ആ വഴികളെല്ലാം ബജറ്റില്‍ സ്വീകരിച്ചു. റിസര്‍വ് ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പരമാവധി ഡിവിഡന്റ് വാങ്ങാന്‍ തീരുമാനിച്ചതിലൂടെ 1,63,528 കോടി രൂപ കിട്ടും. ഇതും പ്രയാസമുള്ള കാര്യമല്ല. ഈ തുകയൊന്നും മതിയാകാതെ വരുമ്പോള്‍, പ്രയാസം കൂടാതെ വന്‍ തുക കിട്ടാന്‍ മറ്റൊരു വഴിയുണ്ട്. പൊതുമാര്‍ക്കറ്റില്‍ നിന്ന് പലിശയ്ക്ക് വായ്പ എടുക്കുക എന്നതാണത്. ഈ സാമ്പത്തിക വര്‍ഷം 7,10,000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. ഇന്ത്യയ്ക്ക് 87.97 ലക്ഷം കോടി രൂപയുടെ ആഭ്യന്തരകടവും 2.58 ലക്ഷം കോടി രൂപയുടെ വിദേശ കടവും ഉണ്ട്. ഒരു വര്‍ഷം 6.60 ലക്ഷം കോടി രൂപ പലിശ നല്‍കണം (റവന്യു വരുമാനത്തിന്റെ 33.7 ശതമാനം) എന്നത് കേന്ദ്ര സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നില്ല. ഈ ബജറ്റിലൂടെ പുതിയ ഒരു കടംകൂടി വരികയാണ്. വിദേശങ്ങളില്‍ നിന്ന് കടപ്പത്രങ്ങളിലൂടെ ഒരു വര്‍ഷം 20 ലക്ഷം കോടി രൂപ സ്വരൂപിക്കാനാണ് തീരുമാനം. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും പണം കണ്ടെത്താനുള്ള എളുപ്പവഴി തന്നെ. ബജറ്റ് പ്രകാരം ഒരു വര്‍ഷത്തെ മൊത്തം വരവ് 24.61 ലക്ഷം കോടി രൂപയും മൊത്തം ചെലവ് 27.86 ലക്ഷം കോടി രൂപയുമാണ്. ചെലവില്‍ ഈ വര്‍ഷം 13.41 ശതമാനം വര്‍ധനവ് ഉണ്ടാകും.
എളുപ്പത്തില്‍ സമാഹരിക്കുന്ന ഈ തുകയെല്ലാം എവിടേക്കാണ് പോകുന്നത്? കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവു നല്‍കാന്‍ 1.08 ലക്ഷം കോടി രൂപ ചെലവാക്കും. കോര്‍പ്പറേറ്റുകള്‍ കടമെടുത്ത വന്‍ തുക എഴുതിത്തള്ളി കുഴപ്പത്തിലായ പൊതുമേഖലാ ബാങ്കുകളെ നിലനിര്‍ത്താന്‍ 70,000 കോടി രൂപ നല്‍കും. ആയുധം വാങ്ങാന്‍ കൂടുതല്‍ പണം (1.03 ലക്ഷം കോടി രൂപ) ചെലവഴിക്കും. കോര്‍പ്പറേറ്റ് പത്രങ്ങള്‍ക്ക് പരസ്യം നല്‍കാന്‍ വന്‍ തുക മാറ്റി വച്ചിട്ടുണ്ട്. 400 കോടി രൂപവരെ വിറ്റുവരവുള്ള വന്‍കിടക്കാര്‍ ഇനി 30 ശതമാനത്തിനു പകരം 25 ശതമാനം കോര്‍പ്പറേറ്റ് നികുതി നല്‍കിയാല്‍ മതി. അങ്ങനെ 30 % കോര്‍പ്പറേറ്റ് നികുതി നല്‍കുന്നവര്‍ 0.07 % മാത്രമായി മാറി. അടുത്ത വര്‍ഷം ഇവര്‍ക്കും നികുതി ഇളവ് കിട്ടും.
ബജറ്റ് പ്രകാരം കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് വിഹിതമായി കിട്ടുന്നത് 20,228 കോടി രൂപയാണ്. എക്‌സൈസ് തീരുവ വിഹിതമായി 1103 കോടി രൂപയും കസ്റ്റംസ് തീരുവ ഇനത്തില്‍ 1456 കോടി രൂപയും ജിഎസ്ടി വിഹിതമായി 5508 കോടിയും ആദായ നികുതി വിഹിതമായി 5268 കോടിയും കോര്‍പ്പറേറ്റ് നികുതി വിഹിതമായി 6872 കോടിയുമാണ് കിട്ടുന്നത്. രാജ്യത്തിന്റെ ജനസംഖ്യയില്‍ 2.77 ശതമാനം ജീവിക്കുന്നത് കേരളത്തിലാണെങ്കിലും രാജ്യത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 2.5 ശതമാനം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. ജനസംഖ്യാനുപാതികമായി തന്നെ ഉത്തര്‍പ്രദേശിന് 17.96 ശതമാനം കിട്ടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. കേരളം ആവശ്യപ്പെട്ടിരുന്ന ദുരിതാശ്വാസ സഹായം, വായ്പാപരിധി ഉയര്‍ത്തല്‍, റബറിന് കിലോയ്ക്ക് 200 രൂപ താങ്ങുവില നിശ്ചയിക്കുന്നതിനുള്ള സഹായം, റയില്‍വെ വികസനം, എയിംസ് തുടങ്ങി യാതൊന്നും പരിഗണിച്ചില്ല. എന്നുമാത്രമല്ല, തൊഴിലുറപ്പു പദ്ധതി, റബര്‍ ബോര്‍ഡിനുള്ള ഗ്രാന്റ്, എസ്‌സി/എസ്ടി പദ്ധതി വിഹിതം, വനിതാക്ഷേമ വിഹിതം തുടങ്ങിയ കാര്യങ്ങളിലെല്ലാം വെട്ടിക്കുറവ് വരുത്തുകയും ചെയ്തു. വളരെ ചെറിയ മനസാണ് ബജറ്റ് നിര്‍മ്മിതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നത് വ്യക്തം.
വലിയ കഴിവൊന്നും ആവശ്യമില്ലാത്ത വമ്പന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ധാരാളമാണ്. അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടന അഞ്ച് ലക്ഷം കോടി ഡോളര്‍ (ഉദ്ദേശം 345 ലക്ഷം കോടി രൂപ) വരുമാനമുള്ളതായി മാറും എന്നതാണ് ഇതില്‍ സുപ്രധാനം. നിലവില്‍ ഇത് 2.61 ലക്ഷം കോടി ഡോളറാണ്. എങ്ങനെ ഈ ലക്ഷ്യത്തിലെത്തും എന്നതിനെ സംബന്ധിച്ച് വ്യക്തമായൊന്നും ബജറ്റില്‍ പറയുന്നില്ല എങ്കിലും അക്കാര്യത്തിലുള്ള മാധ്യമ ആഘോഷം കണ്ണഞ്ചിപ്പിക്കുന്നതാണ്. എല്ലാവര്‍ക്കും വീട്, വൈദ്യുതി, പാചകഗ്യാസ്, ശുദ്ധജലം ഇക്കാര്യങ്ങളിലും വലിയ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ ഒന്നാമത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നാലിലൊന്നുപോലും അഞ്ചുവര്‍ഷമായിട്ടും നടപ്പിലായില്ല എന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. വളര്‍ച്ചാനിരക്ക് 10 ശതമാനം എത്തിക്കുമെന്ന പ്രഖ്യാപനം പാഴായി മാറി എന്നുമാത്രമല്ല, വളര്‍ച്ചാനിരക്ക് താഴേക്ക് പോകുകയും ചെയ്തു. വളരെ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് (ആയുഷ്മാന്‍ ഭാരത്) 6,000 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 52,000 കോടി രൂപ വകയിരുത്തേണ്ടതായിരുന്നു. ഇപ്പോഴത്തെ ബജറ്റ് പ്രഖ്യാപനങ്ങളുടെ സ്ഥിതിയും മറ്റൊന്നാകാന്‍ സാധ്യതയില്ല.
ബിജെപി സര്‍ക്കാര്‍ ഭരണത്തിന്‍ കീഴില്‍ ജിഡിപി വളര്‍ച്ചാനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്ഘടനയെക്കുറിച്ച് വാചാലമാകുന്നത്. ഈയൊരവസ്ഥയില്‍ എത്തണമെങ്കില്‍ വളര്‍ച്ചാനിരക്കില്‍ 9–10 ശതമാനം വര്‍ധനവുണ്ടാകണം. 2019 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വളര്‍ച്ചാനിരക്ക് വെറും 3.4 ശതമാനം ആയിരുന്നു എന്നത് വിസ്മരിക്കാന്‍ പാടില്ല. മാത്രവുമല്ല, ധനകമ്മി 3.3 ശതമാനത്തില്‍ ഒതുക്കുമെന്ന പ്രഖ്യാപനം നടക്കാനും പോകുന്നില്ല. ഈ വര്‍ഷത്തെ ആദ്യ ബജറ്റില്‍ കണക്കു കൂട്ടിയതില്‍ നിന്നു വ്യത്യസ്തമായി, നികുതി വരുമാനത്തില്‍ 90,208 കോടി രൂപയുടെ കുറവുണ്ടാകും എന്ന് ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷവും ധനകമ്മി, പ്രഖ്യാപനത്തിനപ്പുറം പോയിരുന്നു എന്നതും ഓര്‍ക്കണം. നികുതി വെട്ടിപ്പ് തടയാന്‍ ഇന്നും ഇന്ത്യക്കു കഴിയുന്നില്ല. അതുകൊണ്ടാണ് ഇന്ത്യയില്‍ ജിഡിപിയുടെ 10.3 ശതമാനം മാത്രം നികുതി വരുമാനമുള്ളപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത് 60 ശതമാനം വരെയാകുന്നത്. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത് നികുതി തട്ടിപ്പ് പൂര്‍ണമായി തടയാന്‍ കഴിയുകയും കോര്‍പ്പറേറ്റുകള്‍ക്കുള്ള സൗജന്യം ഒഴിവാക്കുകയും ചെയ്താല്‍ ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുകയും കടബാദ്ധ്യത പകുതിക്ക് താഴെയായി കുറയുകയും ചെയ്യും എന്നാണ്.
വളര്‍ച്ചാനിരക്കില്‍ അടക്കം കുതിച്ചുചാട്ടം നടത്തുമെന്ന വമ്പന്‍ പ്രഖ്യാപനം നടത്തുന്ന ബജറ്റ്, ഇന്ത്യ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് തീര്‍ത്തും മൗനം പാലിക്കുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ചാനിരക്ക് വെറും 2.9 ശതമാനം മാത്രമാണ്. ഈ സ്ഥിതി മാറ്റിയെടുക്കാന്‍ ഒരു നിര്‍ദേശവുമില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന കഴിഞ്ഞ ബജറ്റ് നിര്‍ദേശം നടപ്പിലാക്കാന്‍ ഒരു പദ്ധതിയുമില്ല. 1972 ന് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് അഞ്ചു വര്‍ഷംകൊണ്ട് രാജ്യത്തുണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കാന്‍ ഒരു നിര്‍ദേശവും ഇല്ല എന്നു മാത്രമല്ല, നിലവിലുള്ള കേന്ദ്ര സര്‍വീസിലെ ലക്ഷക്കണക്കിന് തസ്തികകള്‍ നികത്തുന്നുമില്ല. ഇതുമൂലം എസ് സി/ എസ്ടി ഉള്‍പ്പെടെയുള്ള സംവരണ വിഭാഗങ്ങള്‍ കേന്ദ്ര സര്‍വീസില്‍ എത്തുന്നത് അപൂര്‍വമായിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരയുദ്ധം, ലോകത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക മാന്ദ്യം, നിക്ഷേപത്തില്‍ അനുഭവപ്പെടുന്ന മുരടിപ്പ്, വ്യവസായ രംഗത്തെ തകര്‍ച്ച, ഉയര്‍ന്നു പൊങ്ങുന്ന സംസ്ഥാനങ്ങളുടെ കടം, കേന്ദ്ര സര്‍ക്കാരിന്റെ പലിശഭാരം, മുറുകി വരുന്ന വരള്‍ച്ചയുടെ അന്തരീക്ഷം ഇവയൊക്കെ എങ്ങനെയാണ് നേരിടാന്‍ പോകുന്നത് എന്നതിന്റെ വ്യക്തമായ ഒരു ചിത്രവും ബജറ്റിലൂടെ ലഭിക്കുന്നില്ല. രാജ്യം സമ്പന്നത യിലേക്ക് കുതിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകുമോ? നിരക്ഷരത നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമോ? എസ്‌സി/ എസ്ടി വിഭാഗത്തിന്റെ സ്ഥിതിയില്‍ ഗുണകരമായ മാറ്റം ഉണ്ടാകുമോ? ശിശുമരണ നിരക്ക് കുറയുമോ? ചികിത്സ കിട്ടാതെ ലക്ഷക്കണക്കിന് മനുഷ്യര്‍ മരണത്തിലേക്ക് പോകുന്ന സ്ഥിതി അവസാനിക്കുമോ? സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുമോ? പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പാക്കുമോ? രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് വലിയ പ്രഖ്യാപനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏത് മനുഷ്യ സ്‌നേഹിയുടെയും മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളാണിത്. കോണ്‍ഗ്രസ് ഭരണകാലത്തും പ്രഖ്യാപനങ്ങള്‍ ധാരാളമായിരുന്നു. ബിജെപി ഭരണ കാലത്ത് അതിന്റെ ശക്തിയും വ്യാപ്തിയും വര്‍ദ്ധിച്ചു എന്നു മാത്രം. രാജ്യം ക്രമത്തില്‍ വളരുകയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ദശാബ്ദങ്ങളായി മാറ്റമില്ലാതെ തുടരുന്നു. ഇപ്പോഴത്തെ ബജറ്റും ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതേയില്ല. കോര്‍പ്പറേറ്റ് നികുതിക്ക് ഇളവു നല്‍കുകയും അവരില്‍ നിന്ന് പിരിച്ചെടുക്കേണ്ട ലക്ഷക്കണക്കിന് കോടി രൂപ പിരിച്ചെടുക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, കോടിക്കണക്കിനു വരുന്ന ദരിദ്രരുടെ മുഖം ഓര്‍ക്കാതിരിക്കുന്ന മാനസികാവസ്ഥ അത്ഭുതകരമാണ്.