സ്വകാര്യവൽക്കരണത്തിനെയും കോർപ്പറേറ്റ് മൂലധനത്തെയും സംരക്ഷിക്കുന്ന ബജറ്റാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനദ്രോഹകേന്ദ്ര ബജറ്റിനെതിരെ സിപിഐ നേതൃത്വത്തിൽ നടന്ന ജിപിഒ മാർച്ചിനു ശേഷം നടന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുള്ളത്. സമ്പന്നരും ദരിദ്രരരും തമ്മിലുള്ള അന്തരം വർധിച്ചു.
രാജ്യത്ത് കൂടുതൽ മൂലധന നിക്ഷേപം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന് പകരം പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കലാണ് ബജറ്റിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. കാലാകാലങ്ങളായി സമ്പദ്ഘടനയെ സംരക്ഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയാണ്. പൊതുമേഖലയെ സംരക്ഷിക്കണമെന്ന ആവശ്യം നാടിന്റെ നാനാ ഭാഗത്തു നിന്നും ഉയരുമ്പോൾ നന്നായി പ്രവർത്തിക്കുന്ന എൽഐസിയെ പോലും സ്വകാര്യവൽക്കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം ആളുകളും സ്വകാര്യ ഇൻഷുറൻസ് കമ്പനികളേക്കാൾ എൽഐസിയെ ആണ് തെരഞ്ഞടുക്കുന്നത്.എന്നിട്ടും എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. ഗ്രാമീണ ഇന്ത്യയെ പൂർണമായും അവഗണിച്ച ബജറ്റായിരുന്നു കേന്ദ്രം ഇക്കുറി അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് കുടിശിക കൊടുത്തിട്ടില്ല. കൃഷിക്കാർക്കായുള്ള പല പദ്ധതികളും വാചകങ്ങൾ മാത്രമായി ഒതുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡികൾ എല്ലാം വെട്ടിക്കുറച്ചു. റബർബോർഡ്, കോഫീബോർഡ് എന്നിവയ്ക്ക് കേന്ദ്രം നൽകുന്ന പണം കുറച്ചു.
കേരളത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്നതാണ് കേന്ദ്ര ബജറ്റ്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രത്തിന്റെ ഇത്തരം നയങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണം. പൗരത്വ നിയമം പോലെയുള്ള പ്രശ്നങ്ങളെത്തുടർന്ന് പ്രക്ഷുബ്ധമാണ് രാജ്യത്തെ അന്തരീക്ഷം. ഭരണഘടനയും ജനാധിപത്യ സമ്പ്രദായവും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെയും പ്രതിഷേധം ഉയർന്ന് വരേണ്ടതുണ്ടെന്നും കാനം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര് അനില്‍ അധ്യക്ഷത വഹിച്ചു. കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ മാങ്കോട് രാധാകൃഷ്ണന്, പള്ളിച്ചല്‍ വിജയന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അരുണ്‍ കെ എസ്, മനോജ് ബി ഇടമന, സോളമന് വെട്ടുകാട്, അഡ്വ. ഇന്ദിര രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
English summary: Budget protects the corporate says Kanam Rajendran
YOU MAY ALSO LIKE THIS VIDEO