അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ പ്രഖ്യാപനങ്ങളുണ്ടെങ്കിലും കർഷകരെയും സാധാരണ ജനങ്ങളെയും പാടെ അവഗണിക്കുന്നതായി കേന്ദ്ര ബജറ്റ്. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത് എന്ന് പ്രഖ്യാപിച്ചെങ്കിലും സാധാരണ കർഷകന്റെ കൈകളിലേക്ക് നേരിട്ട് സഹായധനമെത്തും എന്ന് ഉറപ്പ് പറയാൻ നിർമ്മല സീതാരാമന് കഴിഞ്ഞില്ല.
കിസാൻ സമ്മാൻ നിധിയുടെ തുക വർധനവും വിള ഇൻഷുറൻസിലെ പരിഷ്കരണവും പ്രതീക്ഷിച്ച കർഷകന്, മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്ന വാഗ്ദാനം മാത്രമാണ് ധനമന്ത്രി നൽകിയത്.ഇടനിലക്കാർക്കു സമ്പന്നർക്കും ആശ്വസമേകുന്ന ബജറ്റിൽ, പ്രതിദിനം കുതിച്ചുയരുന്ന ഇന്ധനവില വർധനവിനെ പിടിച്ച് നിർത്താനുള്ള നിർദ്ദേശം പോലുമില്ലെന്നത് സാധാരണ ജനങ്ങളെയും നിരാശയിലാഴ്ത്തി.
സ്വർണം, വെള്ളി, വൈദ്യുതി, ചെരുപ്പ്, ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, നൈലോൺ തുണി എന്നിവയുടെ വില കുറയുമെന്നതാണ് ജനങ്ങൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, സാധാരണ ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം കാണാനുതകുന്നല്ല ഇവയെന്ന വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ദരിദ്രർ, കർഷകർ, വിധവകൾ തുടങ്ങി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കാണാതെ പോയ ബജറ്റായി ഇന്ന് നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് മാറി.
രാജ്യത്തെ പാവങ്ങൾക്ക് ഏറെ ഗുണകരമായ ദേശീയ തൊഴിലുറപ്പ് പദ്ധതി പരിഷ്കരിക്കാനും ധനമന്ത്രി മുതിർന്നില്ല. കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്ന് മന്ത്രി പറഞ്ഞു.കാർഷിക ചന്തകൾക്കായി സഹായം പ്രഖ്യാപിച്ചു. ചന്തകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും. കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് കൂടി ലഭ്യമാക്കും. താങ്ങുവിലയ്ക്കായി 2021 ൽ 1.72ലക്ഷം കോടി രൂപ ചെലവഴിക്കും. എപിഎംസി(Agricultural produce market committee) കൾക്ക് കാർഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാക്കും. ഗ്രാമീണ കാർഷിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയിൽ നിന്ന് 40,000 കോടി രൂപയായി ഉയർത്തിയതായും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വികസനത്തിനുള്ള പദ്ധതികൾ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കേന്ദ്രജറ്റ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1967 കോടി വകയിരുത്തി. കേരളത്തിൽ 1100 കി.മീ റോഡ് ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉൾപ്പെടുന്നു. ബംഗാളിൽ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടിയും അസമിൽ 1300 കി.മീ റോഡ് നിർമ്മാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ബ്രെയ്ക്ക് ശരിയാക്കാൻ പറ്റാത്ത മെക്കാനിക് ഹോൺ ശബ്ദം കൂട്ടി വയ്ക്കുന്നതു പോലെയാണ് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ”ബ്രെയ്ക്ക് നന്നാക്കാനായില്ല, അതുകൊണ്ട് ഹോൺ ശബ്ദം കൂട്ടിയിട്ടുണ്ട്” വാഹന ഉടമയോട് ഇങ്ങനെ പറഞ്ഞ മെക്കാനിക്കിനെയാണ് ബിജെപി സർക്കാരിന്റെ ബജറ്റ് ഓർമിപ്പിക്കുന്നതെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
ENGLISH SUMMARY: budget that neglects the common man
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.