പാവപ്പെട്ടവന് ഒന്നുമില്ലാത്ത ബജറ്റ്

Web Desk
Posted on July 13, 2019, 10:28 pm

തേ ഭരണം, പുതുമയില്ലാത്ത എന്നാല്‍ അപചയത്തിന്റെ ആക്കം മാത്രം കൂടുതല്‍. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി ‑ആര്‍എസ്എസ് സര്‍ക്കാര്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചു. 2024–25ല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ച് ലക്ഷം കോടി ഡോളറായി ഉയര്‍ത്തുമെന്ന ലക്ഷ്യവും മോഡി സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ വസ്തുതകള്‍ പറയുന്നത് മറ്റൊരു കഥയാണ്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് 2017–18ല്‍ 7.2 ശതമാനമായിരുന്നത് 2018–19ല്‍ 6.8 ശതമാനമായി കുറഞ്ഞു. പണപ്പെരുപ്പം 3.4 ശതമാനമായി തുടരുന്നു. ഈ സാഹചര്യത്തില്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ എന്ന ലക്ഷ്യം ഒരു വിദൂര സ്വപ്‌നമായി തുടരും.
എല്ലാ അര്‍ഥത്തിലും സാധാരണക്കാരുടെ വഴിമുട്ടിക്കുന്ന ബജറ്റാണ് മോഡി സര്‍ക്കാര്‍ അവതരിപ്പിച്ചത്. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍ എന്നിവയുടെ ഭാഗമായി കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഉതകുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല. പഴക്കം ചെന്നതും കാര്യക്ഷമതയില്ലാത്തതുമായ തൊഴില്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതോടെ തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമാകും. ബാങ്കുകളുടെ മൂലധനക്ഷമത വര്‍ധിപ്പിക്കുന്നതിനായി 70,000 കോടി രൂപ നല്‍കുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. എന്നാല്‍ നിഷ്‌ക്രിയ ആസ്തി പ്രശ്‌നം രൂക്ഷമായ പൊതുമേഖലാ ബാങ്കുകളുടെ മൂലധനപ്രശ്‌നം പരിഹരിക്കാന്‍ ഈ തുക മതിയാവോളമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ലക്ഷം കോടി ആയിരുന്ന നിഷ്‌ക്രിയ ആസ്തി ഇപ്പോള്‍ 15 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ലോകത്ത് ഗുരുതരമായ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് രക്ഷയായത് പൊതുമേഖലാ ബാങ്കുകളാണ്. അതിനിടെ കടക്കെണിയിലായ ചെറിയ ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളില്‍ ലയിപ്പിക്കാനുള്ള തീരുമാനം ബാങ്കുകളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നു. ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരമാണ് സംഘടിപ്പിച്ചത്. സമരത്തില്‍ 12 ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ പങ്കെടുത്തു. ബാങ്കുകളുടെ ലയനത്തിന്റെ ഫലമായി ജീവനക്കാരുടെ വേതനവും ജോലിസൗകര്യങ്ങളും കുറഞ്ഞു. എന്നാല്‍പ്പോലും കൂടുതല്‍ ലയന നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.
അടുത്ത നാല് വര്‍ഷത്തിനിടെ ധനക്കമ്മി 3.4 ശതമാനത്തിനും 3.5 നുമിടയില്‍ നിയന്ത്രിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇക്കാലയളവില്‍ റവന്യൂ നഷ്ടം കൂടുമെന്നും ബജറ്റിതര വായ്പകള്‍ കൂടുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ കുറവാണുള്ളത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ബജറ്റ് മൗനം പാലിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതിലോമമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച നോട്ട് പിന്‍വലിക്കല്‍, ചരക്ക് സേവന നികുതി എന്നിവ സംബന്ധിച്ച ഒരു പരാമര്‍ശവും ബജറ്റിലില്ല. റവന്യൂ വരുമാനത്തിലെ കുറവ്, ജിഎസ്ടി വരുമാനത്തിലെ ഇടിവ് എന്നിവ കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുക്കിയ ബജറ്റ് അടങ്കല്‍ ലക്ഷ്യത്തില്‍ എത്താനായില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്നും അജഗജാന്തരമാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. ബജറ്റില്‍ പറഞ്ഞതിനേക്കാള്‍ ജിഎസ്ടി വരുമാനത്തില്‍ 1.6 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നാണ് സിഎജി റിപ്പോര്‍ട്ട്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ പ്രത്യക്ഷമായി സ്വാധീനിക്കുന്ന ഒരു മേഖലയിലും ബജറ്റ് വിഹിതം വര്‍ധിപ്പിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി പുരോഗതി അന്യമായ ഒരു വര്‍ഷം ആയിരിക്കും വരാന്‍ പോകുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി ഉയരും.
വലതുപക്ഷ സമീപനങ്ങളുടെ ഭീകരത, രാജ്യത്തോടും ജനങ്ങളോടുമുള്ള കടപ്പാടില്ലായ്മ- ഇതൊക്കെ ഇവിടെ അവസാനിക്കുന്നില്ല. ഇത് വീണ്ടും ആവര്‍ത്തിക്കും. ഇതൊക്കെ അന്താരാഷ്ട്ര സാമ്പത്തിക കുത്തകകളില്‍ നിന്നും കടം വാങ്ങാനുള്ള തന്ത്രങ്ങളാണ്. അന്താരാഷ്ട്ര സാമ്പത്തിക കുത്തകകളില്‍ നിന്നും ശതകോടികള്‍ വായ്പ എടുക്കുകയും അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരിഞ്ഞുകൊത്തുന്ന സ്ഥിതി സംജാതമാകും. വിദേശ വിനിമയ കമ്പോളവും ആഗോള സാമ്പത്തിക കുത്തകകളും തമ്മിലുള്ള കൂട്ടുകെട്ട് രൂപയുടെ മൂല്യച്യുതിക്ക് കാരണമാകുന്നു. ഇത് സര്‍ക്കാരിന്റെ കടബാധ്യതയുടെ ഭാരം വര്‍ധിപ്പിക്കുന്നു. തല്‍ഫലമായി രാജ്യത്തിന്റെ സാമ്പത്തിക ബാധ്യതയും ഏറും.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും അതിന്റെ ഫലമായി ഭരണഘടനയും ഗുരുതരമായ ഭീഷണി നേരിടുന്നു. ലക്ഷ്യത്തിന് അനുസരിച്ചുള്ള ജിഎസ്ടി വരുമാനം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കനത്ത പ്രഹരമാണ്. റവന്യുവരുമാനം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ സെസുകളും സര്‍ചാര്‍ജുകളും ഈടാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. ഈ വരുമാനം സംസ്ഥാന സര്‍ക്കാരുകളുമായി പങ്കുവയ്ക്കില്ല.
ഏകപക്ഷീയമായാണ് മോഡി സര്‍ക്കാര്‍ ബജറ്റ് തയ്യാറാക്കിയത്. വിഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പോലെ ഇതും അപകടകരമാണ്. ഇതിലൂടെ സംസ്ഥാനങ്ങളുടെ അസ്തിത്വം ഇല്ലാതാകുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പൂര്‍ണമായും ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങളെ വിമര്‍ശിക്കാന്‍ പോലും കഴിയില്ല. തങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കാനും അല്ലാത്തവരെ ശിക്ഷിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിയും. ഇത് ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും അപകടകരമാണ്.

(ന്യൂ ഏജിന്റെ എഡിറ്ററും വഴികാട്ടിയുമായിരുന്ന ഷമീം ഫെയ്‌സിയുടെ വീക്ഷണത്തിലൂടെ കടന്നുപോയതല്ല ഈ മുഖപ്രസംഗം. അന്തരിച്ച ഷമീം ഫെയ്‌സിക്ക് വിപ്ലവാഭിവാദ്യങ്ങള്‍.)