ബജറ്റ്: പൊള്ളയായ വാഗ്ദാനങ്ങളും വ്യാമോഹിപ്പിക്കുന്ന ദിവാസ്വപ്‌നങ്ങളും

Web Desk
Posted on July 05, 2019, 10:36 pm

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ അത് പൊതിഞ്ഞു കൊണ്ടുവന്ന ചുവന്ന തുണിക്കപ്പുറം യാതൊന്നും പുതുതായി നല്‍കാന്‍ ഉണ്ടായിരുന്നില്ല. മുന്‍ഗാമികള്‍ ബജറ്റ് കൊണ്ടുവന്നിരുന്ന തുകല്‍ പെട്ടിക്കു പകരമാണത്രെ ‘പുതിയ ഇന്ത്യ’യുടെ ധനമന്ത്രിയുടെ ‘ബഹി-ഖാത്ത’. (കണക്ക് പുസ്തകം) കോളനി പാരമ്പര്യത്തോടുള്ള പ്രതീകാത്മക വിടവാങ്ങലാണത്രെ ഇത്. ബജറ്റ് പ്രസംഗവും അതിന്റെ ഉള്ളടക്കവുമാകട്ടെ പാശ്ചാത്യ മൂലധന ശക്തികള്‍ ലോകത്തിന്റെ മേല്‍ അടിച്ചേല്‍പ്പിച്ച ഉദാരീകരണ സാമ്പത്തികനീതിയുടെ തനി ആവര്‍ത്തനം മാത്രമായിരുന്നു. അത് അങ്ങേയറ്റം ജനവിരുദ്ധതയും നഗ്നമായ കോര്‍പറേറ്റ് മൂലധന പ്രീണനവും ഒന്നാം മോഡി സര്‍ക്കാരിന്റെ വാചാടോപ സംസ്‌കാരത്തെ അതിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് വിക്ഷേപിക്കുന്ന ഒന്നുമായി.

ജനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതും അനിയന്ത്രിതമായ വിലക്കയറ്റത്തിന്റെ പിടിയിലേക്ക് തള്ളിവിടുന്നതും തൊഴില്‍രാഹിത്യം രൂക്ഷമാക്കുന്നതും കാര്‍ഷിക‑വ്യാവസായിക സമ്പദ്ഘടനയുടെ അടിത്തറ തകര്‍ക്കുന്നതും നീതി സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നതുമാണ് ഈ ബജറ്റ്. പൊതുമേഖലയെ ദേശ‑വൈദേശിക മൂലധന ശക്തികള്‍ക്ക് അടിയറ വയ്ക്കുന്നതിനുള്ള പരസ്യപ്രഖ്യാപനമാണ് അത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന സേവന മേഖലകളെല്ലാം സ്വകാര്യവല്‍ക്കരണത്തിലൂടെ അന്യവല്‍ക്കരിക്കുകയും വാണിജ്യവല്‍ക്കരിക്കുകയുമാണ് അതിന്റെ ലക്ഷ്യം. മാധ്യമരംഗത്ത് അവശേഷിക്കുന്ന ദേശീയ താല്‍പര്യങ്ങളും സ്വതന്ത്ര നിലനില്‍പ്പും ഇതോടെ പഴങ്കഥയായി മാറും.

‘പരിമിത ഭരണ നിയന്ത്രണം, പരമാവധി ഭരണനിര്‍വഹണം’ എന്ന തന്ത്രത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ അഞ്ചുലക്ഷം കോടി യുഎസ് ഡോളര്‍ കരുത്തുറ്റതാക്കി മാറ്റുക എന്ന നരേന്ദ്രമോഡിയുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമാണ് ബജറ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് ജനങ്ങള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ബജറ്റ് നിഷ്‌കരുണം വ്യക്തമാക്കുന്നു. ബജറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും ജനങ്ങള്‍ രണ്ടുരൂപ അധികവില നല്‍കേണ്ടിവരും. ഈ ഇന്ധനങ്ങള്‍ക്ക് ഒരു രൂപ വീതം പ്രതേ്യക എക്‌സൈസ് തീരുവയും ഒരു രൂപ വീതം റോഡ് സെസും ചുമത്തപ്പെടും. അത് ഭക്ഷ്യ വസ്തുക്കളടക്കം എല്ലാറ്റിന്റെയും വിലയുടെ കുതിച്ചുയരലിന് കാരണമാകും. ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014ല്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായി പെട്രോളിന്റെ എക്‌സൈസ് തീരുവ ഉയര്‍ത്തിയതിന് പുറമെയാണ് ഇത്. ഡീസലിന്റെ തീരുവ അഞ്ചിരട്ടിയിലധികമായി മാറും. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് ‘ബിസിനസ് സുഗമ’മാക്കുന്നതിനു നല്‍കുന്ന ഭാരിച്ച ഇളവുകള്‍ പ്രഖ്യാപിച്ച ബജറ്റ് ബഹുജനങ്ങളുടെ കഴുത്തില്‍ നികുതിഭാരം കെട്ടിത്തൂക്കി തകര്‍ച്ചയുടെ ആഴങ്ങളിലേക്ക് എടുത്തെറിയുകയാണ്. അഭൂതപൂര്‍വമായ തകര്‍ച്ചയെ നേരിടുന്ന കൃഷിയെയും ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷക ലക്ഷങ്ങളെയും അപ്പാടെ അവഗണിച്ച ബജറ്റാണിത്. കര്‍ഷകരുടെ നഷ്ടം നികത്താന്‍ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച ‘പ്രധാനമന്ത്രിയുടെ വരുമാന കൈമാറ്റ പദ്ധതി‘ക്ക് വകയിരുത്തിയ 87,000 കോടി രൂപയ്ക്ക് പുറമെ യാതൊന്നും ബജറ്റിലില്ല. ആ പദ്ധതി വഴി കര്‍ഷകര്‍ക്ക് പ്രതിമാസം അനുവദിക്കുന്നത് തുഛമായ 500 രൂപ മാത്രമാണെന്നത് അതിന്റെ ഫലശൂന്യതയാണ് വിളിച്ചറിയിക്കുന്നത്. ഇതു തുറന്നുകാട്ടുന്നത് ബജറ്റിന്റെയും മോഡി സര്‍ക്കാരിന്റെയും തികഞ്ഞ കര്‍ഷക വിരുദ്ധതയാണ്.

റയില്‍, വ്യോമ, ജല ഗതാഗത രംഗങ്ങളിലെല്ലാം കണ്ണഞ്ചിപ്പിക്കുന്ന പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. അവയെല്ലാം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നാണ് അവകാശവാദം. ഈ രംഗങ്ങളില്‍ പൊതുനിക്ഷേപം സംബന്ധിച്ച് യാതൊരു സൂചനയും നല്‍കാത്ത ബജറ്റ് ഇതുവരെയുള്ള ദുരനുഭവങ്ങള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. നാളിതുവരെ അവസരങ്ങള്‍ നല്‍കിയിട്ടും നിക്ഷേപത്തിന് തെല്ലും താല്‍പര്യം പ്രകടിപ്പിക്കാത്ത ദേശ‑വിദേശ മൂലധനശക്തികള്‍ ഇപ്പോള്‍ അതിന് മുതിരുമെന്ന് കരുതുന്നത് ശുദ്ധ മൗഢ്യമാണ്. അതിന് മുതിര്‍ന്നാല്‍ തന്നെ ജനങ്ങള്‍ അതിന് വലിയ വില നല്‍കേണ്ടി വരും. ലാഭമാണ് സ്വകാര്യ മൂലധനത്തിന്റെ ഏകതാല്‍പര്യം. അടിസ്ഥാന ഘടനാ വികസനത്തില്‍ സുപ്രധാനമാണ് ഗ്രാമീണ റോഡുകള്‍. സ്വകാര്യ നിക്ഷേപകര്‍ക്ക് യാതൊരു താല്‍പര്യവും ഇല്ലാത്ത ഈ മേഖലയില്‍ ഒരു ലക്ഷം കിലോമീറ്റര്‍ പാത നവീകരിക്കാന്‍ 80,250 കോടി രൂപ നിക്ഷേപിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

ഭരണകക്ഷി ബഞ്ചുകളുടെ കയ്യടിയോടെ നടത്തിയ നിരവധി സമാന പ്രഖ്യാപനങ്ങള്‍ എന്നപോലെ ഇക്കാര്യത്തിലും ആവശ്യമായ പണം എവിടെനിന്നു വരുമെന്ന് ധനമന്ത്രി മൗനം പാലിക്കുന്നു. പൊതുമേഖലാ വ്യവസായങ്ങള്‍ വിറ്റഴിച്ച് ഒരു ലക്ഷം കോടിയില്‍പരം രൂപ സമാഹരിക്കുമെന്നു പറയുന്ന ബജറ്റ് കഴിഞ്ഞകാല അനുഭവങ്ങളെപ്പറ്റി നിശബ്ദമാണ്. സ്വകാര്യ മൂലധന ശക്തികളെ സഹായിക്കാന്‍ വ്യവസായബന്ധ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് പുതിയ തൊഴിലവസര സൃഷ്ടിക്കായി ഉറ്റുനോക്കുന്നത് മൂലധന ശക്തികളെയാണ്. ഈ ബജറ്റ് പൊള്ളയായ വാഗ്ദാനങ്ങള്‍ക്കും വ്യാമോഹിപ്പിക്കുന്ന ദിവാസ്വപ്‌നങ്ങള്‍ക്കും അപ്പുറം ജനങ്ങള്‍ക്ക് യാതൊന്നും നല്‍കുന്നില്ല. പ്രതീക്ഷപോലും.