Web Desk

തിരുവനന്തപുരം

February 03, 2021, 5:49 pm

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിർമിക്കാം; നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ്

Janayugom Online

കെട്ടിടനിർമ്മാണ അനുമതി നൽകുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

സ്ഥലം ഉടമയുടെയും പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ അധികാരപ്പെട്ട എംപാനൽഡ് ലൈസൻസിയുടെയും (ആർക്കിടെക്ട്, എഞ്ചിനീയർ, ബിൽഡിംഗ് ഡിസൈനർ, സൂപ്പർവൈസർ അല്ലെങ്കിൽ ടൗൺ പ്ലാനർ) സാക്ഷ്യപത്രത്തിന്മേൽ നിർമാണം ആരംഭിക്കാൻ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാൻ ലഭിച്ചുകഴിഞ്ഞാൽ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നൽകണം. ഈ രേഖ നിർമ്മാണ പെർമിറ്റായും കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകൾ കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വയം സാക്ഷ്യപ്പെടുത്തൽപത്രം നൽകുന്ന ഉടമയോ ലൈസൻസിയോ നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തിയാൽ പിഴ ചുമത്താനും ലൈസൻസിയുടെ ലൈസൻസ് റദ്ദാക്കാനും നിർദിഷ്ട നിയമത്തിൽ വ്യവസ്ഥയുണ്ട്.

100 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 2 ലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 4 ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 6 ലക്ഷം രൂപ വീതവുമാണ് പിഴ.

കെട്ടിടത്തിന്റെ പ്ലാനും സൈറ്റ് പ്ലാനും നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും നിയമാനുസൃതമായ മറ്റ് വ്യവസ്ഥകൾക്കും അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാസൽഡ് ലൈസൻസിയും സംയുക്തമായാണ് സാക്ഷ്യപത്രം നൽകേണ്ടത്.

എ) 7 മീറ്ററിൽ കുറവ് ഉയരവും 2 നിലവരെയും 300 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വീടുകൾക്ക് നിർദിഷ്ട ഭേദഗതി ബാധകമായിരിക്കും.

ബി) 7 മീറ്ററിൽ കുറവ് ഉയരവും 2 നിലവരെയും 200 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള ഹോസ്റ്റൽ, അനാഥാലയങ്ങൾ, ഡോർമിറ്ററി, വൃദ്ധ സദനം, സെമിനാരി, മതപരമായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവയ്ക്കും ഇത് ബാധകമാണ്.

സി) 7 മീറ്ററിൽ കുറവ് ഉയരവും 2 നിലവരെയും 100 ചതുരശ്രമീറ്ററിൽ കുറവ് വിസ്തൃതിയുമുള്ള വാണിജ്യ കെട്ടിടങ്ങൾ, അപകട സാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങൾ എന്നിവയുടെ നിർമാണവും സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുവാൻ കഴിയും.

കെട്ടിട നിർമ്മാണങ്ങൾക്ക് തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നത് 15 ദിവസമായി കുറച്ച് പഞ്ചായത്ത് ‑നഗര നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ENGLISH SUMMARY: Build the build­ing by self-cer­ti­fi­ca­tion; Ordi­nance to amend the law

YOU MAY ALSO LIKE THIS VIDEO