Wednesday
20 Feb 2019

ഹിംസാത്മകതയുടെയും പശുവിന്‍റെയും നീചരാഷ്ട്രീയം

By: Web Desk | Thursday 6 December 2018 11:29 PM IST


സഹിഷ്ണുതയുടെ ക്രൂരരാഷ്ട്രീയമാണ് സംഘപരിവാരശക്തികളും പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ അനുചരന്‍മാരായ മുഖ്യമന്ത്രിമാരും രാജ്യത്ത് അരങ്ങേറ്റുന്നത്. പശുവിന്റെ പേരില്‍ മനുഷ്യരെ നിര്‍ദയം കൊന്നുതള്ളുകയും വര്‍ഗീയലഹളകളില്‍ വിനോദം കണ്ടെത്തുകയുമാണ് ബിജെപിയും ബജ്‌രംഗ്ദളും വിഎച്ച്പിയും ഉള്‍പ്പെടെയുള്ള സംഘപരിവാര ഗണങ്ങള്‍.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന പശുവിന്റെ പേരിലെ കലാപവും കൊലപാതകവുമാണ് ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമായി സംഘ്പരിവാര്‍ എഴുതിചേര്‍ത്തത്. ബുലന്ദ്ഷഹറില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിന്റെ പുത്രന്‍ അഭിഷേക് കണ്ണീരോടെ ചോദിക്കുന്നത് മനുഷ്യത്വമുള്ള ആരെയും വികാര കടലിലാഴ്ത്തും. ‘മതത്തിന്റെ പേരില്‍ അക്രമം ഉണ്ടാക്കാത്ത ഉത്തമപൗരനായി മാറി തീരണമെന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞത്. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷത്തില്‍ എന്റെ പിതാവിന്റെ ജീവന്‍ നഷ്ടമായിരിക്കുന്നു. ഇനി മറ്റാര്‍ക്കൊക്കെ അവരുടെ പിതാവിനെ ഈ വര്‍ഗീയവാദികളാല്‍ നഷ്ടമാകും?’ ഈ ചോദ്യശരം പിതാവിനെ നഷ്ടപ്പെട്ട ഒരു പുത്രന്റെ മാത്രമല്ല, ഒരുപാട് ഭാരതീയ പുത്രന്‍മാരുടെ ചോദ്യമാണ്.
ഗോമാതാവ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാരം ആക്രമണോത്സുക ഹിന്ദുത്വ രാഷ്ട്രീയം നരേന്ദ്രമോഡിയുടെ ഭരണത്തിന്‍ കീഴില്‍ നിരന്തരം അരങ്ങേറ്റുകയാണ്. യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം ആ അജണ്ട ആസൂത്രിതമായി നടപ്പാക്കി.
2015-ലാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന കര്‍ഷകനെ വസതിയില്‍ ഗോമാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പട്ടാപകല്‍ തല്ലികൊന്നത്.

അദ്ദേഹത്തിന്റെ പുത്രനെ മാരകമായി മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്നത് ഗോമാംസമല്ല ആടിന്റെ മാംസമായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. മുഹമ്മദ് അഖ്‌ലഖിനെ പിന്നാലെ ഗോമാംസത്തിന്റെ പേരില്‍ നിരവധി കൊലകള്‍ സംഘപരിവാരം സൃഷ്ടിച്ചു. പതിനേഴുകാരനായ ജുനൈദ്ഖാനെ ഗോമാംസത്തിന്റെ പേരില്‍ സംഘകുടുംബം കൊന്നുതള്ളി.

പശുവ്യാപാരം നടത്തിയെന്നാരോപിച്ച് രണ്ട് ദളിത് ചെറുപ്പക്കാരെ ഹരിയാനയില്‍ കഴുമരത്തിലേറ്റി. ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരനെ തീവണ്ടിയില്‍ നിന്ന് തള്ളി പുറത്തിട്ട് കൊലപ്പെടുത്തി. നരേന്ദ്രമോഡിയുടെ സ്വന്തം നാടായ ഗുജറാത്തില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞു എന്നാരോപിച്ച് ദളിത് ചെറുപ്പക്കാരെ ഗ്രാമ-നഗര നിരത്തുകളില്‍ നിരത്തി നിര്‍ത്തി പൃഷ്ഠത്തില്‍ ചാട്ടവാര്‍ കൊണ്ടടിച്ചു. മേളവാദ്യ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത് പശുവിന്റെയും കാളയുടെയും എരുമയുടെയും തോലാണ്. അതിന്റെ അവകാശം പോലും ദളിതരായ പാവപ്പെട്ടവര്‍ക്ക് നിഷേധിച്ചുകൊണ്ട് അവരെ തെരുവില്‍ ക്രൂരമായി നേരിടുകയായിരുന്നു സവര്‍ണ പൗരോഹിത്യം.

മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയാളികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് നിങ്ങള്‍ക്കെല്ലാം ഞാന്‍ സര്‍ക്കാര്‍ ജോലി നല്‍കും, നിങ്ങളുടെ കുടുംബങ്ങള്‍ക്ക് ലക്ഷോപലക്ഷം ധനസഹായം നല്‍കുമെന്നാണ്. സ്വന്തം സര്‍ക്കാരിനു കീഴിലുള്ള ഒരു പൊലീസ് ഇന്‍സ്‌പെക്ടറും ഒരു ചെറുപ്രായക്കാരനും കൊല്ലപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘോഷയാത്രകളിലുള്ള യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുന്നത് ഗോഹത്യക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ വേണമെന്നാണ്.
ഇപ്പോള്‍ ഗോവധത്തിന്റെ പേരില്‍ 11 ഉം 12ഉം വയസുള്ള പിഞ്ചുകുഞ്ഞുങ്ങളെ പ്രതികളാക്കിയിരിക്കുന്നു. അതേസമയം മുഖ്യപ്രതിയായ ബജ്‌രംഗ്ദളിന്റെ ജില്ലാ താന്ത്രിക് യോഗേഷ് രാജ് ഇപ്പോഴും സുരക്ഷിതനായി ഒളിവില്‍ കഴിയുന്നു.

സുമിത് എന്ന വിദ്യാര്‍ഥിയും സുബോധ് കുമാര്‍ എന്ന പൊലീസ് ഉദേ്യാഗസ്ഥനും കൊല ചെയ്യപ്പെട്ടതിനെക്കുറിച്ച് ഒരു പ്രതികരണവുമില്ലാത്ത യു പി ഭരണകൂടവും മുഖ്യമന്ത്രി യോഗി ആദിത്യനാഥും വാചാലമായികൊണ്ടിരിക്കുന്നു. ഈ വര്‍ഗീയ ഫാസിസ്റ്റ് അജണ്ട മതേതര നവോത്ഥാന ചിന്തയുള്ള ജനത തിരിച്ചറിയും.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ‘നിങ്ങള്‍ നന്നായി ഗോമാംസം ഭക്ഷിക്കൂ, ആരോഗ്യവാന്‍മാരാകൂ, അതുവഴി രാഷ്ട്രത്തെ ശക്തിപ്പെടുത്തൂ’ എന്നാണ്. വേദങ്ങളില്‍ ഏറ്റവും ഉത്തമമായ ഭോജ്യം ഗോമാംസമെന്നാണ്. ഈ ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാട്ടിയതുകൊണ്ടാണ് ഇന്ത്യയിലെ വിഖ്യാത ചരിത്രകാരായ റൊമീലാ ഥാപ്പറുടെയും ബിപിന്‍ ചന്ദ്രയുടെയും ഗ്രന്ഥങ്ങള്‍ സര്‍വകലാശാല കവാടങ്ങള്‍ക്ക് പുറത്തായത്.

പശുവിനെയും രാമനെയും അയോധ്യയെയും മുന്‍നിര്‍ത്തി ഏറെക്കാലം സംഘശക്തികള്‍ക്ക് മുന്നോട്ട് പോകാനാവില്ല. ഇന്ത്യന്‍ ചരിത്രം വിളംബരം ചെയ്യുന്ന സത്യമതാണ്.