Wednesday
20 Feb 2019

യുപിയില്‍ അരങ്ങേറുന്നത് വിനാശകരമായ തീക്കളി

By: Web Desk | Tuesday 4 December 2018 10:38 PM IST

സന്നമായ പൊതുതെരഞ്ഞെടുപ്പില്‍ ഏതുവിധേനയും വിജയമുറപ്പിക്കാന്‍ ബിജെപി-സംഘ്പരിവാര്‍-തീവ്രഹിന്ദുത്വ ശക്തികള്‍ വര്‍ഗീയകലാപത്തെ ആയുധമാക്കി മാറ്റുകയാണ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സ്യാന പൊലീസ് സ്റ്റേഷന്‍ മേധാവി സുബോദ് കുമാര്‍ സിങ്ങിന്റെ കൊലപാതകത്തിലും ബജ്‌രംഗദള്‍ പ്രവര്‍ത്തകനായ ഒരു യുവാവിന്റെ മരണത്തിലും കലാശിച്ച അക്രമസംഭവം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ്. സുബോദ് കുമാര്‍ സിങ്ങിന്റെ കൊലപാതകം യാദൃച്ഛികമല്ല. യുപി പൊലീസ് സേനയില്‍ തന്നെ ആഴത്തില്‍ വേരോട്ടമുണ്ടാക്കിയ വര്‍ഗീയ ചേരിതിരിവിന്റെ കൂടി ഫലമാണ്. അക്രമാസക്തരായ ഗോരക്ഷകരുടെ മുന്നിലേക്ക് അദ്ദേഹത്തെ പൊലീസ് സേനയിലെ കൂട്ടാളികള്‍ എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് സിങ്ങിന്റെ സഹോദരിയും ഉറ്റബന്ധുക്കളും ആരോപിക്കുന്നു. ഗോരക്ഷയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതക പരമ്പരകള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും തുടക്കം കുറിച്ച ദാദ്രിയിലെ അഖ്‌ലാഖിന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സിങ്ങ്. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസം പശുവിന്റേതല്ലെന്നും ആടിന്റേതായിരുന്നുവെന്നും ഉറപ്പുവരുത്തിയ ലാബ് ടെസ്റ്റ് നടത്താനായത് സിങ്ങിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ്. കുറ്റവാളികളായ തീവ്ര ഹിന്ദുത്വ അക്രമിസംഘത്തെ കണ്ടെത്താനും അന്ന് ബിസാദ എസ്എച്ച്ഒ ആയിരുന്ന സിങ്ങിന്റെ അന്വേഷണ മികവിന് കഴിഞ്ഞിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ വിസമ്മതിച്ച അദ്ദേഹത്തെ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് വാരണാസിയിലേക്കും തുടര്‍ന്ന് സ്യാനയിലേക്കും സ്ഥലം മാറ്റുകയായിരുന്നു. ആക്രമണ സമയത്ത് സിങ്ങിനെ ഒറ്റപ്പെടുത്തി മറ്റ് പൊലീസുകാര്‍ പിന്മാറിയതും സംഭവത്തെപ്പറ്റിയുള്ള അന്വേഷണ വിഷയങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കാണ്‍പൂര്‍ മേഖല എഡിജിപി തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയിലെ ഓം പ്രകാശ് രാജ്ബര്‍ ബിജെപിയുടെയും അനുബന്ധസംഘടനകളുടെയും ഗൂഢാലോചനയുടെ ഫലമായാണ് സ്യാന സംഭവമെന്ന് പറയുന്നു. വര്‍ഗീയ കലാപം സൃഷ്ടിച്ച് വോട്ടര്‍മാരെ ഭിന്നിപ്പിക്കലാണ് അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം പുറത്തുവന്ന വാര്‍ത്തകളെല്ലാം തന്നെ തെരഞ്ഞെടുപ്പ് ലാക്കാക്കി മുഖ്യമന്ത്രി ആദിത്യനാഥിന്റെ അറിവോടെയും അനുഗ്രഹാശിസോടെയും നടത്തുന്ന വര്‍ഗീയ കലാപ ഗൂഢാലോചനകളാണ് തുറന്നുകാട്ടുന്നത്. ബുലന്ദ്ഷഹറില്‍ ലക്ഷക്കണക്കിന് മുസ്‌ലിങ്ങള്‍ പങ്കെടുക്കുന്ന മതപരമായ ഒരു വാര്‍ഷിക ചടങ്ങിനോട് അനുബന്ധമായി വര്‍ഗീയ കലാപം അഴിച്ചുവിടുകയായിരുന്നു സംഘ്പരിവാര്‍ സംഘടനകളുടെ ലക്ഷ്യം. ബുലന്ദ്ഷഹറില്‍ നിന്നും മുസ്‌ലിങ്ങള്‍ മടങ്ങുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് സ്യാന. ഗോഹത്യ നടന്നതായി പ്രചരിപ്പിച്ച് വഴിതടഞ്ഞ് കലാപം അഴിച്ചുവിടുകയായിരുന്നു ഗൂഢാലോചകരുടെ ലക്ഷ്യം. അതിന് കളമൊരുക്കി വര്‍ഗീയ പ്രചരണത്തിന് കുപ്രസിദ്ധിയാര്‍ജിച്ച സുദര്‍ശന്‍ ടി വി വ്യാപകതോതില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഗോഹത്യയുടെ പേരില്‍ അക്രമം നടത്തുന്നത് തടയാനുള്ള ശ്രമത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാര്‍ സിങ്ങിന് ജീവന്‍ ബലിനല്‍കേണ്ടിവന്നത്. നൂറുകണക്കിന് വരുന്ന അക്രമികള്‍ തോക്കുകളടക്കം ആയുധങ്ങളുമായാണ് സംഘടിച്ച് എത്തിയതെന്നത് സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചന തുറന്നുകാട്ടുന്നു. അക്രമികള്‍ സ്യാന പൊലീസ് ഔട്ട്‌പോസ്റ്റിനും പൊലീസ് വാഹനത്തിനും പുറമെ ഇരുചക്ര വാഹനങ്ങളടക്കം അനവധി വാഹനങ്ങളും തീവച്ചു നശിപ്പിക്കുകയുണ്ടായി. 2013 ലെ മുസഫര്‍പൂര്‍ കലാപത്തെ തുടര്‍ന്ന് അനേകം ഭൂരഹിത മുസ്‌ലിങ്ങള്‍ക്ക് നാടുവിട്ടുപോകേണ്ടി വന്നിരുന്നു. ആ കലാപത്തിന്റെ മുറിവുണക്കാനായി വര്‍ഷങ്ങളായി നടന്നുവന്ന ശ്രമങ്ങളാണ് ഇപ്പോഴത്തെ സംഭവത്തോടെ തകര്‍ന്നിരിക്കുന്നത്. ആദിത്യനാഥ് ഭരണകൂടവും സംഘ്പരിവാറും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.

സംസ്ഥാനത്ത് നിയമവാഴ്ചയും ശാന്തിയും ഉറപ്പുവരുത്തേണ്ട ഭരണകൂടം തന്നെയാണ് അക്രമത്തെയും ഹിംസയെയും വര്‍ഗീയ കലാപങ്ങളെയും രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത്. പശുസംരക്ഷണത്തിന്റെ പേരില്‍ സംസ്ഥാനത്ത് ജനക്കൂട്ട അതിക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നു. കുറ്റവാളികളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിനാളുകളാണ് ആദിത്യനാഥ് ഭരണത്തില്‍ അരുംകൊല ചെയ്യപ്പെട്ടത്. അവരില്‍ ഏറെയും മതന്യൂനപക്ഷത്തില്‍പെട്ടവരും രാഷ്ട്രീയ പ്രതിയോഗികളുമാണ്. സദാചാര പൊലീസിങ്ങിന്റെയും ലൗജിഹാദിന്റെയും പേരില്‍ സാധാരണ ജനജീവിതവും മാനുഷിക ബന്ധങ്ങള്‍ പോലും അസാധ്യമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയെന്ന തീക്കളിയാണ് മോഡി ഭരണത്തിന്റെ തണലില്‍ ആദിത്യനാഥിന്റെ കാര്‍മികത്വത്തില്‍ യുപിയില്‍ അരങ്ങേറുന്നത്. അപകടകരമായ ഈ ദൃശ പ്രവണതകള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാനത്തും രാജ്യത്തെമ്പാടും ജനകീയ പ്രതിരോധനിര വളര്‍ന്നുവരേണ്ടതുണ്ട്. മതനിരപേക്ഷ ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അത്തരമൊരു ഐക്യനിര ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണായകവും ഉത്തരവാദിത്വ പൂര്‍ണവുമായ പങ്ക് നിര്‍വഹിക്കാനുണ്ട്. നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ആ ഉത്തരവാദിത്വം വിസ്മരിക്കുന്നത് അക്ഷന്തവ്യ അപരാധമായേ ചരിത്രം വിലയിരുത്തൂ.