20 April 2024, Saturday

Related news

October 4, 2023
August 30, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

യുപിയിലെ ബുള്‍ഡോസര്‍ രാജ്; രാജ്യവ്യാപക പ്രതിഷേധം

യുപി സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി
Janayugom Webdesk
June 13, 2022 8:04 pm

പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരെ വേട്ടയാടുന്ന ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപാര്‍ട്ടികളും മുസ്‍ലിം സംഘടനകളും മനുഷ്യാവകാശ സംഘടനകളും യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചവരുടെ വീടുകള്‍ പ്രയാഗ്‌രാജിലെയും സഹരന്‍പുരിലെയും പ്രാദേശിക ഭരണകൂടവും പൊലീസും ചേര്‍ന്ന് തകര്‍ത്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിന്റെ വീട് ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്.

യുപി മുഖ്യമന്ത്രി യുപി ചീഫ് ജസ്റ്റിസായി മാറിയെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു. ആദിത്യനാഥ് ആരെയും കുറ്റക്കാരനാക്കും, വീടുകള്‍ പൊളിക്കും എന്ന അവസ്ഥയാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു. ഒരു സമുദായത്തിന്റെ വീടുകളില്‍ മാത്രം ബുള്‍ഡോസര്‍ ഓടിച്ച് രാജ്യത്തിന്റെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

രാജ്യത്ത് സ്ഥിതിഗതികള്‍ വഷളാവുകയാണെന്നും ലോകമെമ്പാടുനിന്നും ശക്തമായ പ്രതികരണം ഇന്ത്യയ്ക്കെതിരെ ഉണ്ടാവുകയാണെന്നും കുറ്റപ്പെടുത്തി എസ്‍പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി. സമാധാനപരമായി സമരം ചെയ്യുന്നവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ശിക്ഷിക്കുന്നത് എവിടത്തെ നീതിയെന്ന് അഖിലേഷ് ചോദിച്ചു.

അതേസമയം ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍, അട്ടിമറിയിലൂടെ പരിഹാരം നേടാനാവില്ല. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചില സംഘടനകളുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

അതേസമയം നിയമാനുസൃത നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ജമിയത്ത് ഉലമാ-എ‑ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു.

നിയമം ലംഘിച്ച്‌ വീടുകള്‍ തകര്‍ത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വീട് പൊളിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജാവേദ് മുഹമ്മദും അറിയിച്ചിട്ടുണ്ട്.

അക്രമവും കല്ലേറുമായി ബന്ധപ്പെട്ട് ഒമ്പത് ജില്ലകളിലായി 13 എഫ്ഐആറുകളാണ് യുപി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish summary;Bulldozer Raj in UP; Nation­wide protest

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.