Web Desk

തിരുവനന്തപുരം

March 02, 2020, 10:14 pm

വെടിയുണ്ട: സിഎജിയുടെ കണക്കുകൾ തെറ്റെന്ന് ക്രൈംബ്രാഞ്ച്

Janayugom Online

വെടിയുണ്ട കാണാതായതായി സിഎജി റിപ്പോർട്ടിൽ കണ്ടെത്തിയ കണക്കുകൾ തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. 3,636 വെടിയുണ്ടകൾ മാത്രമാണ് പൊലീസിന്റെ പക്കൽ നിന്നും കാണാതായതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കേരള പൊലീസിന്റെ പക്കലുള്ള 12,061 വെടിയുണ്ടകളും 25 തോക്കുകളും കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ പരാമർശം.

ഇതേതുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ സിഎജിയുടെ കണ്ടെത്തലിലെ 25 തോക്കുകളും പൊലീസിന്റെ പക്കൽ തന്നെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വെടിയുണ്ടകളുടെ കണക്കെടുത്തപ്പോൾ വലിയ അന്തരം കണ്ടെത്തിയത്. രണ്ട് പരിശോധനകളും നടത്തിയത് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു.

ഓരോ തരം തോക്കിലും ഉപയോഗിക്കേണ്ട വ്യത്യസ്തമായ വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സിഎജി പറഞ്ഞത്. എസ്എൽആർ, എകെ 47, ഇൻസാസ് എന്നീ ഇനങ്ങളിലെ വെടിയുണ്ടകളുടെ കണക്കെടുപ്പാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നടത്തിയത്. എസ്എൽആർ വിഭാഗത്തിൽ 8,898 വെടിയുണ്ട ഇല്ലെന്ന സിഎജി വാദം പൊളിഞ്ഞു. 3,627 എണ്ണം മാത്രമേ നഷ്ടമായിട്ടുള്ളു. ഇൻസാസ് ഇനത്തിൽ 1,415 എണ്ണം കാണാനില്ലെന്ന് സിഎജി പറയുന്നുണ്ടെങ്കിലും, ഈ വിഭാഗത്തിൽ ഒരു വെടിയുണ്ടയും നഷ്ടപ്പെട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 1,576 എകെ 47 വെടിയുണ്ടകൾക്ക് പകരം ഒമ്പതെണ്ണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും തെളിഞ്ഞു.

എസ്എപി ക്യാമ്പിലെ വെടിയുണ്ടകളുടെ ശേഖരവും രജിസ്റ്ററുകളും മറ്റ് കമ്പനികൾക്ക് കൈമാറിയ രേഖകളും ചീഫ് സ്റ്റോറിൽ നിന്നും കൈമാറിയ വെടിയുണ്ടകളുടെ എണ്ണവും എല്ലാം ഒത്തുനോക്കിയ ശേഷമാണ് ക്രൈംബ്രാഞ്ചിെന്റെ വിലയിരുത്തൽ. വെടിയുണ്ടകളുടെ എണ്ണത്തിൽ സിഎജി ചൂണ്ടിക്കാട്ടിയ അത്രയും നഷ്ടപ്പെട്ടില്ലെന്ന് പരിശോധനക്ക് ശേഷം ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു. എന്നാൽ ഇത് ക്ലീൻചിറ്റോ, സിഎജിക്കുള്ള തിരുത്തലോ അല്ലെന്ന് അദ്ദേഹം പരിശോധനക്ക് ശേഷം പ്രതികരിച്ചു.

1996 ജനുവരി മുതൽ 2018 ഒക്ടോബർ വരെയുള്ള കണക്കാണ് പരിശോധിച്ചത്. വെടിയുണ്ട കാണാതായതാണ് നോക്കിയത്. വെടിയുണ്ടകൾ കാണാതായത് മൂടിവയ്ക്കാൻ പകരം വച്ച 350 വ്യാജ കാഡ്രിജ്ജുകൾ ഈ കണക്കിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഎജി കണ്ടെത്തൽ തെറ്റാണെന്ന് പേരൂർക്കട എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് വിശദപരിശോധനക്ക് തീരുമാനിച്ചത്. 1996 മുതൽ ഇന്നലെ വരെ ചീഫ് സ്റ്റോറിൽ നിന്ന് എസ്എപി ക്യാമ്പിലേക്ക് ലഭിച്ച വെടിയുണ്ടകൾ നിരത്തി വച്ച ശേഷമാണ് പരിശോധിച്ചത്. വെടിയുണ്ടകൾ എണ്ണിയും രേഖകളിലും കണക്കും ഒത്തുചേർത്ത് പരിശോധിച്ചെന്ന് എഡിജിപി ടോമിൻ തച്ചങ്കരി അറിയിച്ചു. മറ്റ് ബാറ്റാലിയനുകളിലേക്ക് വെടിയുണ്ടകൾ നൽകിയതായി രേഖകളുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

ENGLISH SUMMARY: Bul­let: Crime branch says CAG’s cal­cu­la­tion is wrong

YOU MAY ALSO LIKE THIS VIDEO